കൊച്ചി: 18 കാരനായ ആൺകുട്ടിക്കും 19 കാരിയായ പെൺകുട്ടിക്കും ഒരുമിച്ച് ജീവിക്കാൻ കേരള ഹൈക്കോടതിയുടെ അനുമതി. പെണ്‍കുട്ടിയുടെ പിതാവ് ആലപ്പുഴക്കാരനായ മുഹമദ് റിയാദ് സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് കോടതിയുടെ നിര്‍ണായകവിധി. ജസ്റ്റിസ് വി ചിദംബരേശും ജസ്റ്റിസ് കെപി ജ്യോതീന്ദ്രനാഥും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഇസ്ലാമിക വിശ്വാസികളായ കമിതാക്കളുടെ കേസില്‍ വിധി പറഞ്ഞത്.

പത്തൊമ്പതുകാരി പെൺകുട്ടിയും പതിനെട്ടുകാരന്‍ ആൺകുട്ടിയും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനുപിന്നാലെ പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ഹേബിയസ്കോർപറസ് ഹർജിയുമായി പിതാവ് ഹൈക്കോടതിയെ സമീപിച്ചു. ആൺകുട്ടിക്ക് 21 വയസ്സാകാത്തതിനാൽ ബാലവിവാഹനിയമം അനുസരിച്ച് വിവാഹം സാധുവല്ലെന്നും പെൺകുട്ടിയെ പിതാവിനൊപ്പം വിടണം എന്നുമായിരുന്നു ഹർജിയിലെ വാദം.

പ്രായപൂർത്തിയായ പെൺകുട്ടിക്ക് ഇഷ്ടമുളള തരത്തിൽ ജീവിക്കാൻ നിയമം അനുവദിക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി. പ്രായപൂർത്തിയായവരുടെ തീരുമാനത്തിൽ മാറ്റമില്ലാത്തിടത്തോളം കോടതിക്ക് വൈകാരികമായി ഇടപെടാനാകില്ല. ഉഭയസമ്മതപ്രകാരമുളള ജീവിതം സുപ്രീം കോടതി അംഗീകരിച്ചതാണ്. നിയമത്തിന്റെ പരിരക്ഷയുളളതിനാൽ കോടതി സൂപ്പർ രക്ഷിതാവ് ആകാനില്ല. അതുകൊണ്ട് തന്നെ വിവാഹ പ്രായം എത്തുംവരെ ഇരുവർക്കും ഒന്നിച്ചു ജീവിക്കുന്നതിന് തടസ്സമില്ലെന്നും പിതാവിന്റെ ഹർജി തളളിക്കൊണ്ട് കോടതി ഉത്തരവിട്ടു.

പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീക്കും ഒരുമിച്ച് താമസിക്കുന്നതിന് നിയമ തടസ്സങ്ങളില്ലെന്ന് നേരത്തെ സമാനമായൊരു കേസിൽ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പുരുഷന് വിവാഹപ്രായം 21 ആണെന്നിരിക്കെ പതിനെട്ട് തികഞ്ഞവര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ പ്രായം തടസ്സമാകില്ലെന്നാണ് കോടതി വിധി.

20 വയസുകാരിയായ തുഷാരയുടെയും 21 വയസ് പൂര്‍ത്തിയായിട്ടില്ലാത്ത സുഹൃത്ത് നന്ദകുമാറിന്റെയും വിവാഹം റദ്ദാക്കി തുഷാരയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ട കേരള ഹൈക്കോടതി ഉത്തരവ് തളളിക്കൊണ്ടായിരുന്നു സുപ്രീംകോടതിയുടെ വിധി. പ്രായപൂര്‍ത്തിയായ തുഷാരക്ക് ഇഷ്ടമുള്ളയാള്‍ക്കൊപ്പം ജീവിക്കാം. നിയമപരമായി വിവാഹം റജിസ്റ്റര്‍ ചെയ്യാനാകില്ലെങ്കിലും വിവാഹിതരാകാതെ ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എ.കെ.സിക്രിയും അശോക് ഭൂഷണും ഉള്‍പ്പെട്ട സുപ്രീം കോടതി ബഞ്ചിന്റേതാണ് ഉത്തരവ്.

2017 ഏപ്രിലിലാണ് ഹൈക്കോടതി തുഷാരയുടെയും നന്ദകുമാറിന്റെയും വിവാഹം അസാധുവാക്കിയത്. നന്ദകുമാറിന് 21 വയസ് തികഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ