/indian-express-malayalam/media/media_files/2024/11/17/FODY1l7jeKmU88IXMecB.jpg)
കോളടിച്ച് കെഎസ്ആർടിസി; ബജറ്റിൽ 178 കോടി വകയിരുത്തി
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ കെഎസ്ആർടിസി വികസനത്തിന് 178.98 കോടി രൂപ വകയിരുത്തി. പുതിയ ഡീസൽ ബസ് വാങ്ങാൻ 107 കോടി രൂപയും നീക്കിവച്ചു. വിവിധയിടങ്ങളിൽ കെഎസ്ആർടിസി ഡിപ്പോകളുടെയും വർക്ക് ഷോപ്പുകളുടെയും നവീകരണത്തിനാണ് ബാക്കി തുക അനുവദിച്ചത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 4923.58 കോടി രൂപ കെഎസ്ആർടിസിക്ക് അനുവദിച്ചെന്നും ധനമന്ത്രി വ്യക്തമാക്കി. തുടർഭരണത്തിന് ശേഷം നാളിതുവരെ കെഎസ്ആർടിസിയുടെ വികസനത്തിന് 6864.33 കോടി രൂപയും അനുവദിച്ചെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.
ഹൈദരാബാദിൽ കേരള ഹൗസ്
ഹൈദരാബാദിൽ കേരള ഹൗസ് സ്ഥാപിക്കാനായി അഞ്ച് കോടി രൂപയും നീക്കി വെച്ചു. ചാമ്പ്യൻസ് ബോട്ട് ലീഗിന് 8.96 കോടി രൂപയും പൊൻമുടിയിൽ റോപ് വേ സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപയും നീക്കി വച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം.
സർക്കാർ വാഹനങ്ങൾക്ക് 100 കോടി
പഴയ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങാൻ 2025-2026 സംസ്ഥാന ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. അടുത്ത വർഷത്തെ ബജറ്റ് സമ്മേളനത്തിന് കേരളത്തിന്റെ വടക്കൻ പ്രദേശത്തുള്ള എം എൽ എമാർക്ക് വീതിയേറിയ 6 വരി ദേശീയ പാതയിലൂടെ തിരുവനന്തപുരത്തേക്ക് വരാൻ കഴിയുമെന്നും പ്രഖ്യാപനം.
ഒരിക്കലും നടപ്പാക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ച, 2016 നു മുൻപ് സർക്കാർ ഉപേക്ഷിച്ച ദേശീയ പാതാ വികസനമാണ് യാഥാർത്ഥ്യമാകുന്നതെന്നും ധനമന്ത്രി പറഞ്ഞു. 2025 അവസാനത്തോടെ ദേശീയ പാത ജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.