തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യാപകരും അനധ്യാപകരുമായി 1,707 പേര് വാക്സിന് സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഇവരില്‍ 1,066 പേര് എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ അധ്യാപകരാണ്. പ്രസ്തുത വിഭാഗത്തിലെ 189 അനധ്യാപകരും പ്രതിരോധ കുത്തിവയ്പ്പെടുത്തിട്ടില്ല. മറ്റ് വിഭാഗങ്ങളിലെ കണക്കുകളും സര്‍ക്കാര്‍ പുറത്തു വിട്ടു.
ഹയർ സെക്കൻഡറി വിഭാഗത്തില്‍ 200 അധ്യാപകരും 23 അനധ്യാപകരും വാക്സിന് സ്വീകരിച്ചിട്ടില്ല. വിഎച്ച്എസ്ഇയിൽ 229 അധ്യാപകർ വാക്സിനെടുത്തിട്ടില്ലെന്നും പട്ടിക വ്യക്തമാക്കുന്നു. എന്നാൽ വിഎച്ച്എസ്ഇ വിഭാഗത്തിലെ അനധ്യാപകരെല്ലാം കുത്തിവയ്പ്പെടുത്തു. മലപ്പുറത്താണ് വാക്സിന് എടുക്കാത്ത അധ്യാപകർ കൂടുതൽ (201), കുറവ് വയനാട്ടിലും (29).
“വിദ്യാര്‍ഥി, അധ്യാപക സംഘടനകള്‍, ആരോഗ്യ വിദഗ്ധരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗരേഖ തയാറാക്കിയത്. വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍ അനുസരിച്ച് മാര്‍ഗരേഖ പ്രകാരം എല്ലാം കൃത്യമായി നടത്താന്‍ സാധിച്ചിട്ടുണ്ട്. സ്കൂള്‍ തുറന്നതിന് ശേഷം ഗൗരവമായ ഒരു വിഷയം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല,” വി.ശിവന്‍കുട്ടി പറഞ്ഞു.
“കുട്ടികളുടെ വാക്സിനേഷന് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരു തീരുമാനത്തില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ മുതിര്‍ന്നവരെ സംബന്ധിച്ച് അങ്ങനെയല്ല. മുഴുവന്‍ അധ്യാപകരും അനധ്യാപകരും വാക്സിനെടുക്കണമെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 47 ലക്ഷത്തോളം വിദ്യാര്‍ഥികളുണ്ട്. അവരുടെ ആരോഗ്യമാണ് പ്രധാനം,” മന്ത്രി വ്യക്തമാക്കി.
“വാക്സിനെടുക്കാത്തവരുടെ കണക്കുകള്‍ പെട്ടെന്ന് എടുത്തപ്പോള്‍ ഏകദേശം അയ്യായിരത്തോളം പേരുണ്ടായിരുന്നു. സമൂഹത്തില്‍ ഇത് വലിയ ചര്‍ച്ചയായി. വാക്സിനെടുക്കുന്നില്ല എന്നതില്‍ വാശി പിടിക്കരുതെന്ന് പറഞ്ഞിരുന്നു. കൂടുതല്‍ പേര് അത് അംഗീകരിച്ചു. അതിനാലാണ് എണ്ണത്തില്‍ കുറവ് വന്നിരിക്കുന്നത്,” ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
“വാക്സിനെടുക്കാത്തവരില്‍ ആരോഗ്യ പ്രശ്നം ഉള്ളവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. അതല്ലെങ്കിൽ എല്ലാ ആഴ്ചയും ആർട്ടിപിസിആർ പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പ് വരുത്തണം. ഒട്ടും സഹകരിക്കാത്ത അധ്യാപകർക്ക് ലീവ് എടുക്കാൻ അവസരമുണ്ട്. ശൂന്യവേതന അവധി ഇവർക്ക് അനുവദിക്കും,” വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.