കൊച്ചി: യുഎഇ കോൺസുലേറ്റ് വഴി കേരളത്തിൽ വിതരണം ചെയ്യാൻ ഈന്തപ്പഴം കൊണ്ടുവന്നതിലും കസ്റ്റംസ് അന്വേഷണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുക.

ഈന്തപ്പഴം കൊണ്ടുവന്നത് പ്രത്യേകം അന്വേഷിക്കാൻ തീരുമാനിച്ചതായി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം അറിയിച്ചു. ഈന്തപ്പഴം കൊണ്ടുവന്നതിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം നേരത്തെ ആരോപിച്ചിരുന്നു.

2016 ഒക്‌ടോബർ മുതൽ പലപ്പോഴായി പതിനേഴായിരം കിലോ ഈന്തപ്പഴം യുഎഇ കോൺസുലേറ്റിന്റെ പേരിൽ വന്നെന്നാണ് വേ ബിൽ പരിശോധിച്ചതിൽ നിന്ന് വ്യക്തമായത്.

കൊണ്ടുവന്നത് ഈന്തപ്പഴം തന്നെയാണോ, പുറത്ത് വിതരണം ചെയ്‌തത് അനുമതിയോടെയാണോ തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെയും ചുമതലപ്പെടുത്തും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം

കഴിഞ്ഞ മൂന്നു വർഷത്തിനിടെ കേരളത്തിലെ യുഎഇ കോൺസുലേറ്റിൽ എത്തിച്ചിരിക്കുന്ന ഈന്തപ്പഴത്തിന്റെ ഭാരം 17,000 കിലോയാണെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. കോൺസുലേറ്റ് ജീവനക്കാർ മറ്റൊന്നും ചെയ്യാതെ 10 വർഷം തിന്നാലും ഇത്രയും ഈന്തപ്പഴം കഴിച്ചുതീർക്കാൻ സാധിക്കില്ല. അതല്ലെങ്കിൽ കേരളത്തിൽ ആർക്കാണ് ഇതു വിതരണം ചെയ്‌തത് എന്ന് വ്യക്തമാക്കാൻ സർക്കാർ തയ്യാറാകണം. കേരളത്തിലെ യുഎഇ കോൺസുലേറ്റ് നയതന്ത്ര ചുമതലകൾക്ക് പകരം ഇപ്പോൾ ഈന്തപ്പഴ കച്ചവടത്തിലാണോ ശ്രദ്ധിക്കുന്നതെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. കൊണ്ടുവന്ന ഈന്തപ്പഴം കേരളത്തിലെ ചന്തയിൽ വിറ്റഴിച്ചിട്ടുണ്ടെകിൽ പോലും അതിനു കസ്റ്റംസ് ഡ്യൂട്ടി അടയ്‌ക്കേണ്ടതുണ്ട്. നയതന്ത്ര പ്രതിനിധികൾക്കുള്ള ഭക്ഷ്യവസ്‌തുക്കൾ എന്ന പേരിൽ മുൻപുവന്ന നയതന്ത്ര ബാഗുകളിൽ സ്വർണമായിരുന്നു എന്ന് കണ്ടെത്തിയ സ്ഥിതിക്ക് അസാധാരണ ഭാരമുള്ള ഈന്തപ്പഴ ബാഗേജുകളിൽ എന്തായിരുന്നുവെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.