കോട്ടയം: പത്തനംതിട്ടയിൽ പെട്രോളൊഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് പതിനേഴുകാരി ഗുരുതര നിലയിൽ. പ്രണയ ബന്ധത്തിലെ വിള്ളൽ മൂലം കടമ്മനിട്ട സ്വദേശി സജിൽ(23) ആണ് കല്ലേലി മുക്കിനു സമീപം കുരീത്തെക്ക കോളനിയിലെ ശാരി (17)യെ ആക്രമിച്ചത്.

പെൺകുട്ടിക്ക് 80 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. പ്രതി ഇപ്പോൾ ഒളിവിലാണ്. ശാരിയുടെ നാരങ്ങാനം കല്ലേലിമുക്കിലെ വീട്ടിൽ അതിക്രമിച്ച് കടന്നാണ് ഇയാൾ ആക്രമിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം.

പെൺകുട്ടിയും കൃത്യം നടത്തിയ സജിലും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. എന്നാൽ ബന്ധത്തിൽ വിള്ളൽ വീണതായും ഇതേ തുടർന്നുള്ള പ്രശ്നമാണ് ആക്രമണത്തിന് കാരണമായതെന്നും പൊലീസ് പറയുന്നു. പഠനം നിർത്തിയ പെൺകുട്ടി പത്തനംതിട്ടയിലെ വസതിയിലായിരുന്നു താമസിച്ചിരുന്നത്.

ശാരിയുടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സജിൽ പെൺകുട്ടിയെ ആക്രമിച്ചത്. വൈകിട്ട് വീടിനു സമീപം ചെന്ന യുവാവ് പെൺകുട്ടിയോട് ഇറങ്ങിവരാൻ ആവശ്യപ്പെട്ടെങ്കിലും പെൺകുട്ടി വിസമ്മതിച്ചു. ഏതാണ്ട് ഒരു മണിക്കൂറോളം കഴിഞ്ഞ ശേഷം പെട്രോളുമായി എത്തിയ സജിൽ വീട്ടിനകത്തേക്ക് അതിക്രമിച്ച് കയറുകയും പെൺകുട്ടിയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു.

പെൺകുട്ടിയെ ആദ്യം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 80 ശതമാനത്തിലധികം പൊള്ളൽ ഉള്ളതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഒളിവിൽ പോയ പ്രതി സജിലിനായി പൊലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ