തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തില്‍ നിന്ന് മാറ്റിവെച്ച വിഹിതം തിരികെ നല്‍കി പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി വരുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ദേശീയ പെന്‍ഷന്‍ പദ്ധതിയുടെ പരിധിയില്‍ വരുന്ന ജീവനക്കാരുടെയും അധ്യാപകരുടെയും തിരികെ നല്‍കുന്ന, മാറ്റിവച്ച ശമ്പളത്തില്‍നിന്ന് ജീവനക്കാരുടെ പെന്‍ഷന്‍ വിഹിതം കുറവു ചെയ്യേണ്ടതില്ലെന്ന് ഫെബ്രുവരി 26 നു സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു. ഈ നിബന്ധന ഒഴിവാക്കി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കും.
പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ജൂലൈ 22 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചു. 21 മുതല്‍ ചേരാനിരുന്ന സഭാ സമ്മേളനം ബക്രീദ് പ്രമാണിച്ച് മാറ്റുകയായിരുന്നു. മേയ് 24 മുതലായിരുന്നു പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം.
Read More: ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പ്: അനുപാതം പുനക്രമീകരിക്കാൻ മന്ത്രിസഭാ തീരുമാനം
സംസ്ഥാനത്ത് പോലീസ് മിനിസ്റ്റീരിയല്‍ വിഭാഗത്തില്‍ 49 തസ്തികകള്‍ സൃഷ്ടിക്കാനും യോഗം തീരുമാനിച്ചു. കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ഓഫീസുകളുടെയും വനിതാ ബറ്റാലിയന്‍റെയും സുഗമമായ പ്രവര്‍ത്തനത്തിനായാണ് തസ്തികകള്‍ സൃഷ്ടിക്കുന്നത്. ക്രൈംബ്രാഞ്ചില്‍ നിലവിലുള്ള അഞ്ച് ജൂനിയര്‍ സൂപ്രണ്ട് തസ്തികകള്‍ സീനിയര്‍ സൂപ്രണ്ട് തസ്തികകളായി ഉയര്‍ത്താനും തീരുമാനമായി.
Read More: ആകെയുള്ളത് മാസ്ക് മാത്രം, കേരളത്തിൽ ആൾക്കൂട്ട നിയന്ത്രണം ഫലപ്രദമായി നടപ്പാകുന്നില്ലെന്ന് ഹൈക്കോടതി