തൃശൂര്‍: തൃശൂരില്‍ പ്ലസ്‌ടു വിദ്യാര്‍ഥിനിയെ പിതാവിന്റെ സുഹൃത്തുക്കള്‍ കൂട്ടബലാത്സംഗം ചെയ്തുവെന്നു കേസ്. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടുമാസം മുന്‍പ് നടന്ന സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരെയാണു കേസെടുത്തത്.
കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ സ്‌കൂള്‍ അധികൃതര്‍ ചെല്‍ഡ് ലൈനുമായി ബന്ധപ്പെടുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണു പൊലീസ് കേസെടുത്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. മറ്റു രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്.
പെണ്‍കുട്ടിയുടെ വീട്ടിലും ട്യൂഷന്‍ സെന്ററിലും പിതാവിന്റെ കൂട്ടുകാര്‍ കെട്ടിയിട്ടു പീഡിപ്പിച്ചെന്നാണു കേസ്. പിതാവിന്റെ സുഹൃത്തുക്കള്‍ കഞ്ചാവ് ഇടപാടുമായി ബന്ധപ്പെട്ട് ഇടക്കിടക്ക് വീട്ടില്‍ വരാറുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.
അതേസമയം സംഭവം മറച്ചുവയ്ക്കാനും പരാതി നല്‍കാതിരിക്കാനും വീട്ടുകാരുടെ ഭാഗത്തുനിന്നു ശ്രമമുണ്ടായതായി പൊലീസ് പറഞ്ഞു. ഗുരുവായൂര്‍ അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു കേസ് അന്വേഷിക്കുന്നത്.
എഡിറ്ററുടെ കുറിപ്പ്:
സുപ്രീം കോടതി ഉത്തരവിന് അനുസരിച്ച്, ബലാത്സംഗം /ലൈംഗികാതിക്രമം എന്നിവയക്ക് ഇരയായ വ്യക്തിയെയോ ബാലനീതി നിയമത്തിന്റെ പരിധിയിൽ വരുന്ന കുട്ടിയെയോ തിരിച്ചറിയുന്നതോ അതിലേക്കു നയിക്കുന്നതോ ആയ ഒരു വിവരവും പരസ്യമാക്കാനോ വെളിപ്പെടുത്താനോ പാടില്ല.