scorecardresearch
Latest News

മാന്ദാമംഗലം പളളിയിൽ ഓർത്തഡോക്സ്-യാക്കോബായ സംഘർഷം; 15 പേർക്ക് പരുക്ക്

പളളിക്കകത്ത് യാക്കോബായ വിഭാഗവും പളളിക്ക് പുറത്ത് ഓർത്തഡോക്സ് വിഭാവും നിലയുറപ്പിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്

മാന്ദാമംഗലം പളളിയിൽ ഓർത്തഡോക്സ്-യാക്കോബായ സംഘർഷം; 15 പേർക്ക് പരുക്ക്

തൃശ്ശൂർ: മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ യാക്കോബായ -ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ 15 പേർക്ക് പരുക്കേറ്റു. രാത്രി 11 മണിയോടെയാണ് സംഘർഷം ഉണ്ടായത്. പള്ളിക്ക് മുൻപിൽ ഓർത്തഡോക്സ് വിഭാഗവും പള്ളിക്കകത്ത് യാക്കോബായ വിഭാഗവും സംഘടിച്ച് നിന്നു. രാത്രി 12 മണിയോടെ പൊലീസ് ഇരുവരെയും നീക്കിയതോടെയാണ് സംഘർഷം അവസാനിച്ചത്.

പള്ളി പ്രവേശനം ആവശ്യപ്പെട്ട് കഴിഞ്ഞ രണ്ടു ദിവസമായി ഓർത്തഡോക്സ് വിഭാഗം ഇവിടെ സമരത്തിലായിരുന്നു. ഇന്നലെ രാത്രി 11 മണിക്ക് ഗേറ്റ് തുറന്നു അകത്തു കടക്കാൻ ഓർത്തഡോക്സ് വിഭാഗം ശ്രമിച്ചെന്നും ഇതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നുമാണ് യാക്കോബായ വിഭാഗത്തിന്റെ ആരോപണം. അതേസമയം, തങ്ങൾക്കു നേരെ യാക്കോബായ വിഭാഗം കല്ലെറിഞ്ഞെന്നും ഇതാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നും ഓർത്തഡോക്സ് വിഭാഗം ആരോപിച്ചു.

സംഘർഷത്തിൽ ഓർത്തഡോക്സ് ഭദ്രാസനാധിപൻ മാർ മിലിത്തിയോസ്‌ ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.  യാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് പള്ളി. ഇവിടെ ഓർത്തഡോക്സ് വിഭാഗത്തിന് കോടതി പ്രവേശന അനുമതി നൽകിയിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഓർത്തഡോക്സ് വിഭാഗം സംഘടിച്ച് പള്ളിയിൽ പ്രവേശിക്കാനെത്തി. എന്നാൽ ഇത് മുൻകൂട്ടി കണ്ട് യാക്കോബായ വിഭാഗം പള്ളിയിൽ നേരത്തെ തന്നെ സംഘടിച്ചിരുന്നു. ഇവർ ഗേറ്റ് പൂട്ടി ഓർത്തഡോക്സ് വിഭാഗത്തിന്റെ പ്രവേശനം തടഞ്ഞു.  ഇതോടെ ഗേറ്റിനു പുറത്ത് ഓർത്തഡോക്സ് വിഭാഗം പന്തൽ കെട്ടി സമരം നടത്തുകയായിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: 15 wounded in orthodoox jacobite clash in mandamangalam church thrissur