തിരുവനന്തപുരം. സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകിട്ട് 6.30 മുതല്‍ 11.30 വരെയുള്ള സമയത്തിനിടയില്‍ 15 മിനിറ്റായിരിക്കും നിയന്ത്രണമേര്‍പ്പെടുത്തുക. ആശുപത്രികളിലും മറ്റ് അവശ്യസേവന മേഖലകളിലും നിയന്ത്രണമുണ്ടായിരിക്കില്ല.
രാജ്യത്തെ കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ 400 മെഗാവാട്ടിന്റെ കുറവുണ്ടായ സാഹചര്യത്തിലാണ് വൈദ്യുതി നിയന്ത്രണമെന്നാണ് ലഭിക്കുന്ന വിവരം. വൈദ്യുതി ലഭ്യതയിലെ പ്രതിസന്ധി രണ്ട് ദിവസത്തിനകം പരിഹരിക്കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
രാജ്യത്തെ കല്‍ക്കരി ക്ഷാമമാണ് ഊര്‍ജമേഖലയ്ക്ക് തിരിച്ചടിയാകുന്നത്. രാജസ്ഥാൻ, യുപി, മഹാരാഷ്ട്ര, പഞ്ചാബ്, ജമ്മു കശ്മീർ, ജാർഖണ്ഡ്, ഹരിയാന, മധ്യപ്രദേശ് ഉള്‍പ്പടെ ഒൻപത് സംസ്ഥാനങ്ങളില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. രാജസ്ഥാനിലെ ഗ്രാമ മേഖലകളില്‍ മൂന്ന് മണിക്കൂര്‍ വരെയാണ് വൈദ്യുതി നിയന്ത്രണമുള്ളത്.