scorecardresearch

സിക്ക വൈറസ് പ്രതിരോധത്തിനായി ആക്ഷന്‍ പ്ലാന്‍; സംസ്ഥാനത്ത് 14 പേർക്കു കൂടി വൈറസ് സ്ഥിരീകരിച്ചു

ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു

ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു

author-image
WebDesk
New Update
Zika Virus, Zika Virus cases, Zika Virus Symptoms, Zika Virus Treatment, Zika Virus Details, Zika Virus News, Zika Virus Update, IE Malayalam

തിരുവനന്തപുരം: സിക്ക വൈറസ് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗബാധ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ള പ്രദേശങ്ങളും ആശുപത്രികളും കേന്ദ്രീകരിച്ച് ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തും. സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊതുകു നിവാരണമാണ് ഏറ്റവും പ്രധാനം. അതിനാല്‍ വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം നടത്തുന്നതാണ്. 4 മാസം വരെയുള്ള ഗര്‍ഭിണികള്‍ക്ക് സിക്ക വൈറസ് പ്രശ്‌നമാകുമെന്നാണ് കണക്കാക്കുന്നത്. അതിനാല്‍ തന്നെ 5 മാസം വരെ ഗര്‍ഭിണികളായവരില്‍ പനിയുണ്ടെങ്കില്‍ അവര്‍ക്ക് സിക്ക വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. എല്ലാ ജില്ലകളിലേയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Advertisment

എല്ലാ ആശുപത്രികളും ജാഗ്രത പാലിക്കണം. സിക്ക വൈറസ് കണ്ടൈത്താനുള്ള ലാബ് സൗകര്യം വര്‍ധിപ്പിക്കും. മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേയുള്ള കേസുകള്‍ പബ്ലിക് ഹെല്‍ത്ത് ലാബിലും പരിശോധിക്കാനുള്ള സംവിധാനമുണ്ടാക്കും. പരിശീലനവും ബോധവത്ക്കരണവും സംഘടിപ്പിക്കുന്നതാണ്. സ്വകാര്യ ആശുപത്രികളേയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും. പനി, തലവേദന, ശരീര വേദന, ചുവന്ന പാടുകള്‍ എന്നിവ കണ്ടാല്‍ സിക്കയല്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ക്കെതിരെ സംസ്ഥാനം നേരത്തെ മുതല്‍ ഡ്രൈ ഡേ ആചരിച്ചു വരുന്നു. ഈയൊരു സാഹചര്യത്തില്‍ ഡ്രൈ ഡേ ശക്തിപ്പെടുത്തുന്നതാണ്.

അതേസമയം, തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങളില്‍ നിന്നും നേരത്തെയയച്ച 19 സാമ്പിളുകളില്‍ 13 പേര്‍ക്ക് സിക്ക പോസിറ്റീവാണെന്ന് എന്‍ഐവി പൂനയില്‍ നിന്നും സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരാണെല്ലാം. ഇവര്‍ നഗരത്തിലുള്ള ആശുപത്രിക്ക് സമീപമായാണ് താമസിച്ചിരുന്നത്. അവര്‍ താമസിച്ച നഗരത്തിലെ വിവിധ പ്രദേശവും അവരുടെ യാത്രാ ചരിത്രവും പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കുന്നതാണ്. ഇതുകൂടാതെ കഴിഞ്ഞ ദിവസം ആശുപത്രി പരിശോധനയില്‍ 24 വയസുകാരിയില്‍ രോഗം കണ്ടെത്തിയിരുന്നു. ഇതോടെ 14 പേരിലാണ് രോഗം കണ്ടെത്തിയത്. യുവതി താമസിച്ച നന്ദന്‍കോട് പ്രദേശത്തും സ്വദേശമായ പാറശാലയിലും നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ ഈ പ്രദേശങ്ങളില്‍ നിന്നും 17 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.

അനാവശ്യമായ ഭിതി വേണ്ട. അതീവ ജാഗ്രതയാണ് വേണ്ടത്. ഈഡിസ് കൊതുകുകളാണ് സിക്ക വൈറസ് പരത്തുന്നത്. സാധാരണ ഇത് കുഴപ്പമില്ലെങ്കിലും ഗര്‍ഭിണികളെ സാരമായി ബാധിക്കും. അവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വൈകല്യമുണ്ടാക്കാന്‍ സാധ്യതയേറെയാണ്. അതിനാല്‍ കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ലൈംഗിക ബന്ധത്തിലൂടേയും സിക്ക വൈറസ് പകരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഗര്‍ഭിണികളാകാന്‍ തയ്യാറെടുക്കുന്നവര്‍ കൊതുകു കടിയേല്‍ക്കാതെ ശ്രദ്ധിക്കണം. കുട്ടികളും പ്രായമായവരും ശ്രദ്ധിക്കേണ്ടതാണ്.

Advertisment

പ്രധാനമായും ഈഡിസ് കൊതുകുകള്‍ പരത്തുന്ന രോഗമാണ് സിക്ക. ഇത്തരം കൊതുകുകള്‍ സാധാരണ പകല്‍ സമയത്താണ് കടിക്കുന്നത്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

സാധാരണയായി രണ്ട് മുതല്‍ ഏഴ് ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും. മൂന്ന് മുതല്‍ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇന്‍കുബേഷന്‍ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല. മരണങ്ങള്‍ അപൂര്‍വമാണ്.

Also Read: സംസ്ഥാനത്ത് ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് 13 പേര്‍ക്ക് രോഗം

Zika Virus Kerala Health Department

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: