കൊല്ലം: കൊട്ടിയത്ത് മാതാപിതാക്കളില്ലാത്ത സമയത്ത് പതിനാലുകാരനെ തട്ടിക്കൊണ്ടു പോയതിന് പിന്നില്‍ ക്വട്ടേഷന്‍ സംഘം. കുട്ടിയുടെ കുടുംബം ബന്ധുവില്‍നിന്ന് 10 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പണം തിരികെ നല്കാത്തതിനാല് ബന്ധുവിന്റെ മകനാണ് ക്വട്ടേഷന്‍ നല്‍കിയതെന്നാണു പൊലീസിൽനിന്നു ലഭിക്കുന്ന വിവരം. കുട്ടിയെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു.
തട്ടിക്കൊണ്ടുപോയവർ മയക്കുഗുളിക നൽകി ബോധരഹിതനാക്കിയെന്ന് കുട്ടി പറഞ്ഞു. സഹോദരിയെ അടിച്ചു വീഴ്ത്തിയ ശേഷമാണ് തട്ടിക്കൊണ്ടുപോയത്. റോഡിലൂടെ വലിച്ചിഴച്ചു. തട്ടിക്കൊണ്ട് പോയവർ സംസാരിച്ചത് തമിഴാണെന്നും കുട്ടി പറഞ്ഞു.
തമിഴ്നാട്ടിലെ ഫിസിയോ തെറാപ്റ്റിസാണ് കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ഒരു ലക്ഷം രൂപ ക്വട്ടേഷൻ നൽകിയത്. കുട്ടിയെ തട്ടിയെടുത്ത് തമിഴ്നാട് മാർത്താണ്ഡത്തേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. പാറശാല പൊലീസിന്റെ സമയോചിത ഇടപെടലാണ് കുട്ടിയെ രക്ഷിച്ചത്.
ക്വട്ടേഷൻ സംഘത്തിൽ ഒൻപതു പേരാണുണ്ടായിരുന്നത്. മർത്താണ്ഡം സ്വദേശി ബിജുവിനെ പൊലീസ് പിടികൂടിയെങ്കിലും മറ്റ് പ്രതികൾ രക്ഷപ്പെട്ടു. എന്നാൽ ഇവരെല്ലാവരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനാൽ തന്നെ കൂടുതല്‍ പേർ ഇന്ന് അറസ്റ്റിലാകുമെന്നാണ് വിവരം.