തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. 134 ജീവനക്കാരെ കൂടി കെ.എസ്.ആര്‍.ടി.സി പിരിച്ചുവിട്ടു. ദീര്‍ഘനാളായി അവധിയിലുണ്ടായിരുന്ന 69 കണ്ടക്ടര്‍മാരെയും 65 ഡ്രൈവര്‍മാരെയുമാണ് പിരിച്ചുവിട്ടത്.
കഴിഞ്ഞ ദിവസങ്ങളിലും കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കെ എസ് ആര്‍ ടി സി യെ കബളിപ്പിച്ചു മുങ്ങി നടക്കുകയായിരുന്ന 773 സ്ഥിരം ജീവനക്കാരെയാണ് കഴിഞ്ഞ ആഴ്ച്ച പിരിച്ചുവിട്ടത്. ദീര്‍ഘകാലമായി ഇവര്‍ ലീവിലായിരുന്നു. പലരും കെ എസ് ആര്‍ ടി സിയില്‍ നിന്ന് ലീവെടുത്ത് വിദേശത്തു ജോലി ചെയ്യുകയായിരുന്നു.
ദീര്‍ഘകാലമായി ജോലിയില്‍ പ്രവേശിക്കാത്തവര്‍ തിരെകെ ജോലിയില്‍ പ്രവേശിക്കണമെന്ന് കാട്ടി നേരത്തേതന്നെ നോട്ടീസ് നല്‍കിയിരുന്നു. ഹാജരായില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. നോട്ടീസ് നല്‍കിയിട്ടും ജോലിക്ക് ഹാജരാകാത്തവരെയാണ് പിരിച്ചു വിട്ടതെന്ന് കെഎസ്‌ആര്‍ടിസി എം ഡി ടോമിന്‍ ജെ തച്ചങ്കരി അറിയിച്ചു. 304 ഡ്രൈവര്‍മാര്‍, 469 കണ്ടക്ടര്‍മാര്‍ എന്നിവരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്.
പലരും ജോലിക്ക് ഹാജരാകാതിരിക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിരുന്നുവെന്നും കെ എസ് ആര്‍ ടി സി കണ്ടെത്തി. ഇത്തരത്തില്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഫലത്തില്‍ സര്‍വീസിന്റെ അവസാന കാലഘട്ടത്തില്‍ സര്‍വീസില്‍ പുനപ്രവേശിക്കുകയും സര്‍വീസ് ആനുകൂല്യങ്ങളും പെന്‍ഷനും നേടിയെടുക്കുന്ന പതിവുണ്ട്. ഈ പ്രവണത നിര്‍ത്തലാക്കാന്‍ കൂടിയാണ് ഇത്തരം ഒരു തീരുമാനം.