തിരുവനന്തപുരം: ഇന്ത്യയുടെ സാംസ്‌കാരിക ഭൂപടത്തില്‍ കേരളത്തിന് സവിശേഷ സ്ഥാനം ലഭിക്കുന്നതിന് സിനിമ മുഖ്യപങ്ക് വഹിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട) പി. സദാശിവം പറഞ്ഞു. 12-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള തിരുവനന്തപുരം കൈരളി തിയേറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളീയരുടെ സംവേദന ക്ഷമതയേയും ആശയ പ്രകാശനത്തേയും സ്വാധീനിച്ചതില്‍ സിനിമയ്ക്ക് വലിയ പങ്കുണ്ട്. ചലച്ചിത്രം ഭാവനാത്മകമായ വിഷയങ്ങളെ കൂടുതലായി ചിത്രീകരിക്കുമ്പോള്‍ ഡോക്യുമെന്ററികള്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാണ് പകര്‍ത്തുന്നത്. അതിനാല്‍ത്തന്നെ സാമൂഹിക മുന്നേറ്റങ്ങളുടെ ചാലകശക്തിയാകാന്‍ കഴിവുള്ള മാധ്യമമാണ് ഡോക്യുമെന്ററികള്‍. മേളയില്‍ മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ക്യാമ്പസ് ചിത്രങ്ങള്‍ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങല്‍ യുവതലമുറയുടെ നിലപാട് വ്യക്തമാക്കാനുള്ള ഒരു ഉപാധികൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വര്‍ത്തമാനകാലത്തിന്റെ വിമത ശബ്ദവും ചലച്ചിത്രങ്ങള്‍ കാണാതെ പോകുന്ന പ്രശ്നങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതുമായ മാധ്യമമാണ് ഡോക്യുമെന്ററികളെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. സിനിമയെ സാംസ്‌കാരിക പ്രതിരോധമാര്‍ഗമാക്കി മാറ്റേണ്ട കാലഘട്ടമാണിതെന്നും മന്ത്രി പറഞ്ഞു.

മേളയ്ക്കായി തയ്യാറാക്കിയ ഫെസ്റ്റിവല്‍ ബുക്ക് മന്ത്രി എ.കെ. ബാലന് നല്‍കി ഗവണര്‍ പ്രകാശനം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയര്‍മാനും മേളയുടെ ഡയറക്ടറുമായ കമല്‍, അക്കാദമി വൈസ് ചെയര്‍പേഴ്സണും മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ ബീനാ പോള്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ്, അക്കാദമി എക്സിക്യുട്ടീവ് ബോര്‍ഡ് അംഗം സിബി മലയില്‍, സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.