ശബരിമല: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ 12 വയസുകാരിയെ പൊലീസ് തടഞ്ഞു. ഇന്നു രാവിലെയാണ് സംഭവം. പുതുച്ചേരിയില്‍ നിന്ന് അച്ഛനൊപ്പം ശബരിമല ദര്‍ശനത്തിനെത്തിയ പെണ്‍കുട്ടിയെയാണ് പൊലീസ് പമ്പയില്‍ തടഞ്ഞത്. രേഖകള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് നടപടി.

വിര്‍ച്വല്‍ ക്യൂ ബുക്കിങ്ങില്‍ പത്ത് വയസ്സാണ് കാണിച്ചിരുന്നത്. വനിതാ പൊലീസ് ഉദ്യോഗസ്ഥർ ആധാര്‍ കാര്‍ഡ് പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടിക്ക് 12 വയസ്സുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് തടഞ്ഞത്. എന്നാല്‍, അച്ഛനെ ദര്‍ശനം നടത്താൻ പൊലീസ് അനുവദിക്കുകയും ചെയ്തു. ശബരിമലയിലെ നിലവിലെ അവസ്ഥ പെണ്‍കുട്ടിയോടും അച്ഛനോടും പൊലീസ് ഉദ്യോഗസ്ഥര്‍ വിവരിച്ചു.

Read Also: ശബരിമല: കെഎസ്ആര്‍ടിസിയിൽ താൽക്കാലിക ഡ്രൈവർമാരെ നിയമിക്കാന്‍ അനുമതി

എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി റദ്ദാക്കിയിട്ടില്ലെങ്കിലും സംസ്ഥാന സർക്കാർ ആശയക്കുഴപ്പത്തിലാണ്. വിധി പുനഃപരിശോധിക്കുമെന്ന സുപ്രീം കോടതി നിലപാടിൽ വ്യക്തത കുറവുണ്ടെന്നും അതിനാൽ തൽക്കാലത്തേക്ക് യുവതീ പ്രവേശം അനുവദിക്കില്ലെന്നുമാണ് സർക്കാർ നിലപാട്.

കേസില്‍ അന്തിമ വിധി വരുംവരെ യുവതീപ്രവേശം വേണ്ടെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ ജയദീപ് ഗുപ്‌ത സര്‍ക്കാരിന് നിയമോപദേശം നല്‍കിയിട്ടുണ്ട്.  പുതിയ വിധിയില്‍ അവ്യക്തതയുണ്ട്. കേസില്‍ അന്തിമതീര്‍പ്പ് വരുംവരെ പഴയ സ്ഥിതി തുടരുന്നതാണ് ഉചിതമെന്നും നിയമോപദേശത്തിൽ പറയുന്നു.

Read Also: ഭക്തർക്കൊപ്പം 480 കിലോമീറ്റർ സഞ്ചരിച്ച് തെരുവുനായ ശബരിമലയിൽ

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ നിയമപരമായി സ്റ്റേ ഇല്ലെങ്കിലും പ്രായോഗികമായി നോക്കിയാല്‍ സ്റ്റേയുണ്ടെന്ന് നിയമമന്ത്രി എ.കെ.ബാലന്‍ പറഞ്ഞിരുന്നു. വിശാല ബഞ്ചിലേക്ക് വിട്ടതോടെ 2018 ലെ വിധി എങ്ങനെ നടപ്പാക്കാന്‍ കഴിയുമെന്ന പ്രശ്‌നം നിലനില്‍ക്കുന്നു. നവോത്ഥാന ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മന്ത്രി എ.കെ.ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

യു​വ​തീ പ്ര​വേ​ശ​ന വി​ധി​ക്ക് സ്റ്റേ ​ഇ​ല്ലെ​ങ്കി​ലും ദർശനത്തിനായി യുവതികൾ എത്തിയാൽ സർക്കാർ സുരക്ഷ ഒരുക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ ഇതുവരെ ശബരിമലയിൽ സ്ത്രീകളെ കയറ്റിയിട്ടില്ലെന്നും ഇനി കയറ്റാൻ പോകുന്നില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. വിധിയിൽ വ്യക്തത കുറവുണ്ട്. നിയമ പണ്ഡിതരുമായി ആലോചിച്ച് മറ്റ് കാര്യങ്ങൾ തീരുമാനിക്കും. സർക്കാർ മുൻകൈ എടുത്ത് യുവതികളെ പ്രവേശിപ്പിക്കില്ല. ഇനിവരുന്ന യുവതികൾക്കും പൊലീസ് സംരക്ഷണം നൽകില്ല. ശബരിമലയിൽ കയറണമെന്ന് ആഗ്രഹിച്ചു വരുന്ന സ്ത്രീകൾക്ക് സുപ്രീം കോടതിയെ സമീപിക്കാം. കോടതിയിൽ നിന്ന് വ്യക്തത ലഭിക്കേണ്ടതുണ്ടെന്നും ദേവസ്വം മന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.