കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കോഴിക്കോട് സ്വദേശിയായ പന്ത്രണ്ടുകാരന്റെ മൃതദേഹം സംസ്കരിച്ചു. മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് സംസ്കരിച്ചത്. 12 മണിയോടെ എത്തിച്ച മൃതദേഹം പ്രോട്ടോകോൾ പാലിച്ച് ആരോഗ്യവകുപ്പ് ജീവനക്കാരുടെയും കോഴിക്കോട് കോർപറേഷൻ ആരോഗ്യവിഭാഗം ജീവനക്കാരുടെയും മേൽനോട്ടത്തിലാണ് സംസ്കരിച്ചത്.
നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഞായറാഴ്ച പുലര്‍ച്ചെ അഞ്ചിനാണു കുട്ടി മരിച്ചത്. കുട്ടിക്ക് നിപ സ്ഥിരീകരിച്ചുകൊണ്ടു ശനിയാഴ്ച രാത്രി വൈകിയാണ് പൂണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്ന് ആരോഗ്യവകുപ്പിന് വിവരം ലഭിച്ചത്. പ്ലാസ്മ, സിഎസ്എഫ്, സെറം എന്നീ മൂന്ന് സാമ്പിളുകളുകളും പോസിറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
എൻഐവിയിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി ആരോഗ്യമന്ത്രി വീണ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നിരുന്നു. കോഴിക്കോട്ടുനിന്നുള്ള മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, കോഴിക്കോട് കലക്ടർ ഉൾപ്പെട്യുള്ളവർ യോഗത്തിൽ പങ്കെടുത്തു.

മരിച്ച കുട്ടി ചാത്തമംഗലം ചൂലൂർ സ്വദേശിയാണ്. ഈ വാർഡ് പൂർണമായും അടച്ചു. അടിയന്തര സാഹചര്യത്തെ നേരിടാന്‍ ഉച്ചയ്ക്ക് 12നു കലക്ട്രേറ്റില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ യോഗം ചേരും. കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ജാഗ്രാത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കുട്ടിയുടെ സമ്പർക്ക ബാധിതരെ കണ്ടെത്താനുള്ള നടപടി ആരംഭിച്ചു. കുട്ടിയുടെ മാതാപിതാക്കളും, ബന്ധുക്കളും അയല്‍വാസികളും ചികിത്സ തേടിയ ആശുപത്രികളിലെ ആരോഗ്യപ്രവർത്തകരും നിരീക്ഷണത്തിലാണ്.
ഛർദിയും മസ്തിഷ്കജ്വരവും അടക്കമുള്ള ലക്ഷണങ്ങളോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നതിന് മുൻപ് ഒരു ഡോക്ടറുടെ വീട്ടിലും രണ്ട് സ്വകാര്യ ആശുപത്രികളിലും കോഴികോട് മെഡിക്കൽ കോളജിലും കുട്ടി ചികിത്സ തേടിയിരുന്നതായാണ് വിവരം.
2018ൽ പേരാമ്പ്ര മണ്ഡലത്തിലെ ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയിലാണ് സംസ്ഥാനത്ത് ആദ്യമായി നിപ വൈറസ് ബാധ കണ്ടെത്തിയത്. പിന്നീട് കോഴിക്കോടിന് പുറത്ത് മലപ്പുറം ജില്ലയിലടക്കം രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് രോഗം പകർന്നതായും കണ്ടെത്തിയിരുന്നു. 17 പേരാണ് അന്ന് നിപ ബാധിച്ച് മരിച്ചത്.