scorecardresearch
Latest News

മഴയില്‍ വിറച്ച് കേരളം; 12 മരണം, കോടികളുടെ നാശനഷ്‌ടം

വയനാട്ടില്‍ മാത്രം 15 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്

മഴയില്‍ വിറച്ച് കേരളം; 12 മരണം, കോടികളുടെ നാശനഷ്‌ടം

തിരുവനന്തപുരം: കനത്ത മഴയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 12 ആയി. മൂന്നു പേരെ കാണാതായിട്ടുണ്ട്. പമ്പയില്‍ കുളിക്കാനിറങ്ങിയ തീര്‍ത്ഥാടകനും കോട്ടയം മണിമലയാറ്റില്‍ മീന്‍ പിടിച്ചുകൊണ്ടിരുന്ന രണ്ട് പേരേയുമാണ് കാണാതായത്. സംസ്ഥാനത്ത് ആകമാനം വ്യാപക നാശനഷ്ടമാണ് മഴമൂലം സംഭവിച്ചിരിക്കുന്നത്. കോടികളുടെ നഷ്ടമുണ്ടായതായാണ് കണക്കുകള്‍. വയനാട്ടില്‍ മാത്രം 15 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്.

അതേസമയം രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴ വെളളിയാഴ്ചവരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇന്നലെ വൈകുന്നേരം മുതല്‍ മഴയില്‍ കുറവുണ്ടെങ്കിലും മഴ തുടരാനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. പുഴകളും തോടുകളും കുളങ്ങളുമെല്ലാം നിറഞ്ഞ് കവിഞ്ഞിരിക്കുകയാണ്. മിക്ക നഗരങ്ങളും വെള്ളത്തിലാണ്. റോഡ് ഗതാഗതവും ട്രെയിന്‍ ഗതാഗതവുമെല്ലാം താറുമാറായി.

ഈ സാഹചര്യത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഒഡീഷ തീരത്തു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ പടിഞ്ഞാറന്‍ കാറ്റാണു കേരളത്തില്‍ കനത്ത മഴയ്ക്കു കാരണമായത്.

എറണാകുളം നഗരത്തില്‍ 23, വൈക്കത്ത് 22, മൂന്നാറില്‍ 20 സെ.മി. വീതം മഴ ലഭിച്ചു. താഴ്ന്ന പ്രദേശങ്ങളാകെ വെള്ളക്കെട്ടിലാണ്. വ്യാപക കൃഷിനാശവുമുണ്ടായിട്ടുണ്ട്. എറണാകുളം ജില്ലയില്‍ 31 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. അതേസമയം, വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ ബന്ധപ്പെട്ട വകുപ്പുമേധാവികള്‍ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, മഴ കണക്കിലെടുത്ത് ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നു കലക്ടര്‍ അവധി പ്രഖ്യാപിച്ചു. വയനാട് മാനന്തവാടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

എറണാകുളം ജില്ലയിലെ പ്ലസ് ടു വരെയുള്ള എല്ലാ സ്‌കൂളുകള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു. എന്നാല്‍ കോളേജുകള്‍ക്കും പ്രഫഷണല്‍ കോളേജുകള്‍ക്കും അവധിയില്ല. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍, ചാവക്കാട് താലൂക്കുകളിലെ ഐസിഎസ്ഇ, സിബിഎസ്ഇ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, ചേര്‍ത്തല, കുട്ടനാട്, കാര്‍ത്തികപ്പള്ളി താലൂക്കിലെ പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ചെങ്ങന്നൂര്‍ താലൂക്കില്‍ ദുരിതാശ്വാസ ക്യാംപുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: 12 dead in kerala in heavy rain