കോഴിക്കോട്: പത്തനംതിട്ടയിൽ സിപിഎമ്മിലെയും കോൺഗ്രസിലെയും 12 മുൻനിര നേതാക്കൾ നാളെ ബിജെപിയിൽ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിളള. ബിജെപി നേതാക്കൾ നേരിട്ടെത്തി ആവശ്യപ്പെട്ടാൽ എം.എം.ലോറൻസിന്റെ കുടുംബാംഗങ്ങൾ ബിജെപിയിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം കണ്ട ഏറ്റവും വലിയ അടിച്ചമർത്തലാണ് ശബരിമലയിൽ സംസ്ഥാന സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം അണികൾ മതാചാരങ്ങൾക്ക് പുറകെ പോകരുതെന്ന പാര്‍ട്ടി കോണ്‍ഗ്രസിലെ തീരുമാനം കുറുക്കുവഴിയിലൂടെ നടപ്പാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ എന്ത് അടിച്ചമർത്തൽ ഉണ്ടായാലും അതിനെ എതിർക്കുമെന്ന് ശ്രീധരൻ പിളള പറഞ്ഞു. ശബരിമല സർക്കാർ സംവിധാനത്തിന്റെ ഭാഗമല്ലെന്നും മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും അക്കാര്യങ്ങളിൽ ഇടപെടാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അയ്യപ്പ ഭക്തന്മാരുടെ ഇരുമുടി കെട്ട് അഴിച്ച് പരിശോധിക്കുന്ന സാഹചര്യം ഉണ്ടായാൽ കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശും പറഞ്ഞു. പിണറായി വിജയൻ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചിത്തിര ആട്ട തിരുനാൾ വിശേഷാൽ പൂജയ്ക്കായി തിങ്കളാഴ്ച വൈകിട്ടാണ് ശബരിമല തുറക്കുന്നത്. ഒറ്റ ദിവസത്തേക്കാണ് നട തുറക്കുന്നത്. ഈ സമയത്ത് ശബരിമലയിലേക്ക് വനിത മാധ്യമപ്രവർത്തകരെ അയക്കരുതെന്ന് ഹിന്ദു സംഘടനകൾ മാധ്യമസ്ഥാപനങ്ങൾക്ക് കത്തയച്ചു.

വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ഹിന്ദു ഐക്യവേദി എന്നിവരടങ്ങിയ ശബരിമല കർമ്മ സമിതിയാണ് എഡിറ്റർമാർക്ക് കത്തെഴുതിയിരിക്കുന്നത്. 10 നും 50 നും ഇടയിൽ പ്രായമുളള സ്ത്രീകൾ റിപ്പോർട്ടിങ്ങിനായി ശബരിമലയിൽ എത്തുന്നത് സ്ഥിഗതികൾ വഷളാക്കുമെന്നും ഇത്തരമൊരു നിലപാട് മാധ്യമസ്ഥാപനങ്ങൾ സ്വീകരിക്കില്ലെന്നാണ് പ്രതീക്ഷയെന്നും കത്തിലുളളതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.