കൊച്ചി: പൊലീസ് നിയമ ഭേദഗതി പരിഷ്കരിക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നിലവിലെ ഭേദഗതി തൽക്കാലം നടപ്പിലാക്കില്ല. 118 എ പ്രകാരം കേസ് റജിസ്റ്റർ ചെയ്യില്ല. നിയമ ഭേദഗതി പരിഷ്‌കരിക്കുന്നതുവരെ 118 എ പ്രകാരം കേസെടുക്കില്ലെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്.

ഹർജിയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ നിലപാട് ഹെെക്കോടതി തേടിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ആർഎസ്‌പി നേതാവ് ഷിബു ബേബി ജോണും സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. ഹർജികൾ നാളെ വീണ്ടും പരിഗണിക്കും. പൊലീസ് നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജികൾ സമർപ്പിച്ചത്.

Read Also: വിമർശനങ്ങൾക്കു വഴങ്ങി സർക്കാർ; പൊലീസ് നിയമ ഭേദഗതി നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി

പൊലീസ് നിയമ ഭേദഗതി പ്രകാരം കേസെടുക്കേണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും നിർദേശം നൽകിയിട്ടുണ്ട്. അധിക്ഷേപമെന്ന പരാതിയില്‍ നേരത്തെയുള്ള നടപടി തുടരാം. 118 A ചുമത്തണമെന്ന് ആവശ്യപ്പെട്ടാല്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും ഡ‍ിജിപി നിര്‍ദേശിച്ചു.

അതേസമയം, ഇടതുമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരുമടക്കം ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തിൽ പൊലീസ് നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ നിയമസഭയില്‍ വിശദമായ ചര്‍ച്ച നടത്തി, എല്ലാ ഭാഗത്തുനിന്നും അഭിപ്രായം കേട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.