scorecardresearch
Latest News

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് കാണാതായത് 12453 പേരെ, 11761 പേരെ കണ്ടെത്തി

ഏറ്റവും കൂടുതല്‍ പുരുഷന്മാരെയും (277 പേര്‍) സ്ത്രീകളേയും (791) കുട്ടികളേയും (190) കാണാതായത് തിരുവനന്തപുരം റൂറല്‍ പരിധിയിലാണ്.

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് കാണാതായത് 12453 പേരെ, 11761 പേരെ കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം കാണാതായത് 12453 പേരെ. ഇതില്‍ 11761 പേരെ കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. 692 പേരെ ഇനിയും കണ്ടെത്താനുണ്ട്. കാണാതായവരുടെ പട്ടിക പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്.

കാണാതായ 12,453 പേരില്‍ 3,033 പേര്‍ പുരുഷന്മാരും 7,530 പേർ സ്ത്രീകളുമാണ്. 1,890 കുട്ടികളും ഉള്‍പ്പെടുന്നു. കണ്ടെത്തിയ 11,761 പേരില്‍ 2577 പുരുഷന്മാരും 7350 സ്ത്രീകളും 1834 കുട്ടികളും ഉള്‍പ്പെടുന്നു. ആളുകളെ കാണാതാകുന്നതുമായി ബന്ധപ്പെട്ട് 2018 ല്‍ 11640 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

ഏറ്റവും കൂടുതല്‍ പുരുഷന്മാരെയും (277 പേര്‍) സ്ത്രീകളേയും(791) കുട്ടികളേയും (190) കാണാതായത് തിരുവനന്തപുരം റൂറല്‍ പരിധിയിലാണ്. ഇവരില്‍ 187 പുരുഷന്മാരേയും 751 സ്ത്രീകളേയും 187 കുട്ടികളേയും കണ്ടെത്തി. തിരുവനന്തപുരം സിറ്റി പരിധിയില്‍ 132 പുരുഷന്മാരേയും 385 സ്ത്രീകളേയും 101 കുട്ടികളേയുമാണ് കാണാതായത്. ഇവരില്‍ 110 പുരുഷന്മാരേയും 375 സ്ത്രീകളേയും 100 കുട്ടികളേയും കണ്ടെത്തി.

ഏറ്റവും കുറവ് പുരുഷന്മാരേയും (70) സ്ത്രീകളേയും (116) കാണാതായത് വയനാട് ജില്ലയില്‍ നിന്നാണ്. ഇവരില്‍ 60 പുരുഷന്മാരേയും 111 സ്ത്രീകളേയും കണ്ടെത്തി. 2018 ല്‍ ഏറ്റവും കുറവ് കുട്ടികളെ കാണാതായത് (21) കൊച്ചി സിറ്റി പൊലീസ് പരിധിയിലാണ്. ഇവരില്‍ 20 പേരെയും പിന്നീട് കണ്ടെത്തുകയുണ്ടായി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: 11761 missing cases solved in 2018 says kerala police