തൊടുപുഴ: പട്ടയം ഉൾപ്പടെയുളള ഭൂ വിഷയങ്ങള്‍ എക്കാലവും രാഷ്ട്രീയത്തിന്റെ ഗതിതന്നെ നിര്‍ണയിക്കുന്ന ഇടുക്കിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള രണ്ടാമത്തെ പട്ടയ മേള നാളെ നടക്കും. കുമളി, ഇരട്ടയാര്‍, അടിമാലി എന്നിവിടങ്ങളിലായി നടക്കുന്ന മേളയില്‍ 11000 ത്തോളം പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു. പത്തു ചെയിന്‍ ഉള്‍പ്പടെയുള്ള ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലുള്ളവര്‍ക്കും മേളയില്‍ പട്ടയം ലഭിക്കുന്നുണ്ടെന്ന പ്രത്യേകതയും ഇത്തവണത്തെ പട്ടയമേളയ്ക്കുണ്ട്.

കുമളി സാന്തോം കോംപ്ലക്‌സില്‍ രാവിലെ 9.30 നും, 12 മണിക്ക് ഇരട്ടയാര്‍ സെന്റ് തോമസ് പള്ളി പാരിഷ് ഹാളിലും 2.30 ന് അടിമാലി സെന്റ് തോമസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലുമായാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ മൂന്നിടങ്ങളിലും പട്ടയമേള ഉദ്ഘാടനം ചെയ്യും. വൈദ്യുതി മന്ത്രി എംഎം മണി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ്, പീരുമേട് എംഎല്‍എ ഇ എസ് ബിജിമോള്‍, ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍, ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍, തൊടുപുഴ എംഎല്‍എ പി ജെ ജോസഫ് എന്നിവര്‍ പട്ടയമേളയില്‍ പങ്കെടുക്കും.

വിവിധ വില്ലേജുകളിലായി തയാറാക്കിയ 8830 പുതിയ പട്ടയങ്ങളും കഴിഞ്ഞ പട്ടയമേളയില്‍ സാങ്കേതിക തടസങ്ങള്‍ മൂലം വിതരണം ചെയ്യാന്‍ കഴിയാതിരുന്ന 2310 പട്ടയങ്ങളുമാണ് ഇത്തവണ വിതരണം ചെയ്യുക.  പട്ടയമേളയ്ക്കുള്ള എല്ലാ ക്രമീകരണങ്ങളും ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കിയതായി ഇടുക്കി ജില്ലാ കളക്ടര്‍ ജി ആര്‍ ഗോകുല്‍ അറിയിച്ചു. പട്ടയ മേള മൂന്നു സ്ഥലങ്ങളിലായി നടത്തുന്നത് ഭൂവുടമകള്‍ക്ക് തങ്ങളുടെ പട്ടയം ഏറ്റവും അടുത്ത സ്ഥലത്തു നിന്ന് വാങ്ങാനുള്ള സൗകര്യം പരിഗണിച്ചാണെന്നും അധികൃതര്‍ വിവിധ സ്ഥലങ്ങളില്‍ നിന്നു പട്ടയവിതരണ കേന്ദ്രങ്ങളിലേക്കെത്താന്‍ വാഹന സൗകര്യവും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.

ഇടുക്കി ഡാമിന്റെ കാച്ച്‌മെന്റ് ഏരിയയോടു ചേര്‍ന്നുള്ള ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശമായ പത്തുചെയിനിലെ കര്‍ഷകര്‍ക്ക് ആദ്യമായാണ് പട്ടയം വിതരണം ചെയ്യുന്നത്. പത്തുചെയിന്‍ മേഖലയിലെ ഏഴുചെയിന്‍ വരെയുള്ള പ്രദേശത്തു പട്ടയം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നു വൈദ്യുതി വകുപ്പ് റവന്യൂ വകുപ്പിന് സത്യവാങ്ങ്മൂലം നല്‍കിയതോടെയാണ് പത്തുചെയിന്‍ മേഖലയിലുള്ളവര്‍ക്കും പട്ടയം ലഭിക്കുന്നതിനു വഴിതെളിഞ്ഞത്. നിലവില്‍ പത്തുചെയിന്‍ മേഖലയില്‍ ഏഴുചെയിന്‍ വരെയുള്ള പ്രദേശങ്ങളിലെ താമസക്കാര്‍ക്കു പട്ടയം നല്‍കാനാണ് വൈദ്യുതി വകുപ്പ് സമ്മതം മൂളിയത്. ഇത്തവണ മേഖലയിലെ ആയിരത്തിലധികം പേര്‍ക്കു പട്ടയം ലഭിക്കുമെന്നാണ് റവന്യൂ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്. വൈദുതി, ജല വിഭവ വകുപ്പുകളുടെ സമ്മതം ലഭിച്ചാല്‍ പത്തുചെയിനിലെ അവശേഷിക്കുന്ന മൂന്നു ചെയിനിലുള്ള പ്രദേശങ്ങളിലും പട്ടയം നല്‍കാന്‍ റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം നെടുങ്കണ്ടത്തു പ്രഖ്യാപിച്ചിരുന്നു.

pattaya mela

പീരുമേട് ഭൂമി പതിവ് ഓഫീസില്‍ വിതരണത്തിനുള്ള പട്ടയങ്ങള്‍ തയാറാക്കുന്ന റവന്യൂ ഉദ്യോഗസ്ഥര്‍.

കസ്തൂരി രംഗന്‍ വിവാദത്തിലൂടെയാണ് കോണ്‍ഗ്രസിന്റെ കോട്ടകളിലൊന്നായ ഇടുക്കി പാര്‍ലമെന്റ് മണ്ഡലം ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നോമിനിയായ ജോയ്‌സ് ജോര്‍ജിലൂടെ എല്‍ഡിഎഫ് കഴിഞ്ഞ തവണ പിടിച്ചെടുത്തത്. ഇടുക്കിയിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നായ പട്ടയ പ്രശ്‌നം പരിഹരിക്കുന്നതിലൂടെ ഇടുക്കിയില്‍ വേരോട്ടം ശക്തമാക്കാനാവുമെന്നാണ് എല്‍ഡിഫ് പ്രതീക്ഷിക്കുന്നത്. അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു മുമ്പ് ഇടുക്കിയിലെ അര്‍ഹതയുള്ള എല്ലാവര്‍ക്കും പട്ടയം നല്‍കുമെന്ന് എല്‍ഡിഎഫ് ആവര്‍ത്തിക്കുന്നുണ്ട്. ഇത് അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുഗുണമാകുമെന്നും എൽ ഡി എഫ് കണക്ക് കൂട്ടുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ