തൊടുപുഴ: ഇടുക്കി ജില്ലയിലെ അര്‍ഹരായ എല്ലാ കര്‍ഷകര്‍ക്കും രണ്ടു വര്‍ഷത്തിനുള്ളില്‍ പട്ടയം നല്‍കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. കുമളിയില്‍ ശനിയാഴ്ച നടത്തിയ പട്ടയ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഇടുക്കി ജില്ലയിലെ കര്‍ഷകരുടെ ആവശ്യങ്ങള്‍ ന്യായമാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇടുക്കിയിലെ പട്ടയവിഷയത്തില്‍ സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്. മന്ത്രി കട്ടപ്പനയ്ക്കു സമീപമുള്ള പത്തുചെയിനില്‍ ഉള്‍പ്പെടുന്ന മൂന്നുചെയിന്‍ മേഖലയിലുള്ളവര്‍ക്കും വൈകാതെ പട്ടയം നല്‍കുമെന്നും വ്യക്തമാക്കി. എന്നാല്‍ വൈദ്യുതി വകുപ്പിന്റെ പദ്ധതിക്കു കീഴിലുള്ള സ്ഥലമായതിനാല്‍ വൈദ്യുതി വകുപ്പില്‍ നിന്നുള്ള സത്യവാങ്ങ്മൂലം ലഭിച്ചാല്‍ മാത്രമേ പട്ടയ നടപടികള്‍ പൂര്‍ത്തിയാക്കാനാവുകയുള്ളുവെന്നും റവന്യൂ മന്ത്രി വ്യക്തമാക്കി.

പത്തുചെയിനില്‍ ഉള്‍പ്പെടുന്ന മൂന്നു ചെയിന്‍ മേഖലയിലുള്ളവര്‍ക്കും പട്ടയം നല്‍കണമെന്നു തന്നെയാണ് വൈദ്യുതി വകുപ്പിന്റെ നിലപാടെന്നു പട്ടയമേളയില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു. മൂന്നു ചെയിന്‍ മേഖലയിലുള്ളവര്‍ക്കു കൂടി പട്ടയം നല്‍കാന്‍ റവന്യൂ വകുപ്പിന് സത്യവാങ്ങ്മൂലം നല്‍കാനുള്ള നടപടികളുടെ ഭാഗമായി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞതായും മണി വ്യക്തമാക്കി. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ പേരില്‍ ഭൂമി എടുക്കുമ്പോള്‍ സാധാരണക്കാരായ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ആരും മനസിലാക്കുന്നില്ലെന്നു പറഞ്ഞ മണി ഇത്തരം തടസങ്ങള്‍ നീക്കി ജനങ്ങളെ സഹായിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പറഞ്ഞു. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ റിസര്‍വോയറിനു സമീപത്തുള്ള പ്രദേശമാണ് പത്തുചെയിന്‍ എന്ന പേരില്‍ അറിയപ്പെടുന്ന പ്രദേശം. ആയിരക്കണക്കിനു കുടുംബങ്ങള്‍ നാലു പതിറ്റാണ്ടായി താമസിക്കുന്ന ഇവിടത്തെ ജനങ്ങളുടെ പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിനാണ് ഇത്തവണത്തെ പട്ടയമേളയോടെ വിരാമമാകുന്നത്. നിലവില്‍ പത്തുചെയിന്‍ മേഖലയിലെ ഏഴുചെയിന്‍ വരെയുള്ളവര്‍ക്കാണ് പട്ടയം നല്‍കാന്‍ തീരുമാനമായത്.

ഇടുക്കി ജില്ലയിലെ കുമളി, ഇരട്ടയാര്‍, അടിമാലി എന്നീ മൂന്നു സ്ഥലങ്ങളിലായി നടന്ന പട്ടയമേളയില്‍ പുതുതായി 8900 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഇതോടൊപ്പം നേരത്തേ സാങ്കേതിക തടസങ്ങള്‍ മൂലം നല്‍കാന്‍ കഴിയാതിരുന്ന രണ്ടായിരത്തിലധികം പട്ടയങ്ങളും മേളയില്‍ വിതരണം ചെയ്തു. ഈ വര്‍ഷം രണ്ടു പട്ടയമേളകള്‍കൂടി നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും റവന്യൂ മന്ത്രി പറഞ്ഞു.

പട്ടയമേളയോടെ പട്ടയ നടപടികള്‍ നിര്‍ത്തുന്നതിനു പകരം തുടര്‍ന്നുകൊണ്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. ഇടുക്കി എംപി ജോയസ് ജോര്‍ജ്, ജില്ലാ കളക്ടര്‍ ജി ആര്‍ ഗോകുല്‍, പീരുമേട് എംഎല്‍എ ഇ എസ് ബിജിമോള്‍, ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍, വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ വാഴൂര്‍ സോമന്‍ എന്നിവര്‍ കുമളിയില്‍ നടന്ന പട്ടയമേളയില്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ