മംഗളൂരു: ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത കേസിൽ 11 മലയാളി വിദ്യാർഥികൾ മംഗളൂരുവിൽ അറസ്റ്റിൽ. കണച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (കെഐഎംഎസ്) നഴ്‌സിങ്, ഫിസിയോതെറാപ്പി വിദ്യാർഥികളാണ് അറസ്റ്റിലായതെന്ന് ഉള്ളാൽ പൊലീസ് പറഞ്ഞു.

അറസ്റ്റിലായവരെല്ലാം കേരളത്തിൽനിന്നുളള വിദ്യാർഥികളാണെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ എൻ.സാഷി കുമാർ പറഞ്ഞു. കോളേജിലെ ജൂനിയറായ അഞ്ച് മലയാളി വിദ്യാർഥികളെയാണ് ഇവർ റാഗ് ചെയ്തത്. മുടി മുറിച്ചുമാറ്റാനും താടി വടിക്കാനും ഇവർ വിദ്യാർഥികളോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഷമോസ് (19), അസിൻ ബാബു (19), കാസർഗോഡ് നിന്നുളള അബ്ദുൾ അനനാസ് (21), ജയ്ഫിൻ റോയ്ചന (19), കോട്ടയം സ്വദേശികളായ കെ.എസ്.അക്ഷയ് (19), റോബിൻ ബിജു (20), ആൽവിൻ ജോയ് (19), ജെറോം സിറിൽ (19), പത്തനംതിട്ടയിൽ നിന്നുളള മുഹമ്മദ് സൂരജ് (19), മലപ്പുറം സ്വദേശികളായ സുബിൻ മെഹറൂബ് (21), അബ്ദുൾ ബാസിത് (19) എന്നിവരാണ് അറസ്റ്റിലായത്.

ഉള്ളാലിലെ ദേരലാകട്ടയിലെ ഹോസ്റ്റലിലാണ് റാഗിങ് നടന്നത്. തീപ്പെട്ടിയിലെ കമ്പുകളുടെ എണ്ണം എടുക്കാനും തീപ്പെട്ടി കമ്പ് ഉപയോഗിച്ച് ഹോസ്റ്റൽ മുറി അളക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചതായും പൊലീസ് കമ്മീഷണർ പറഞ്ഞു. അനുസരിക്കാത്തവരെ ആക്രമിക്കുകയും ഹോസ്റ്റൽ മുറിയിൽ പൂട്ടിയിടുകയും ചെയ്തു. ഈ സംഭവം ഇൻസ്റ്റിറ്റ്യൂട്ടിനെയോ മാനേജ്മെന്റിനെയോ അറിയിക്കരുതെന്ന് ജൂനിയർ വിദ്യാർഥികളെ ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.