തിരുവനന്തപുരം:. രണ്ടാം പിണറായി മന്ത്രിസഭയിലേക്കുള്ളവരുടെ അന്തിമ പട്ടികയായി. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം ഉണ്ടായത്. സി.പി.ഐ (എം) പാർലമെന്ററി പാർട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. അപ്രതീക്ഷിതമായി കെ.കെ.ശൈലജയ്ക്ക് അവസരം ലഭിച്ചില്ല. ശൈലജ പാര്‍ട്ടി വിപ്പായി ചുമതലയേല്‍ക്കും.
പുതുമുഖങ്ങളെ മാത്രം ഉള്‍പ്പെടുത്തിയാണ് സിപിഎം ഇത്തവണ മന്ത്രിസഭ രൂപികരിച്ചിരിക്കുന്നത്. മന്ത്രിമാരായി എം.വി.ഗോവിന്ദൻ, കെ.രാധാകൃഷ്ണൻ, കെ.എൻ ബാലഗോപാൽ, പി.രാജീവ്, വി.എൻ.വാസവൻ, സജി ചെറിയാൻ, വി.ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ഡോ.ആർ.ബിന്ദു, വീണാ ജോർജ്, വി.അബ്ദുൾ റഹ്മാൻ എന്നിവരെ നിശ്ചയിച്ചു.
Read More: സിപി ഐയുടെ ചരിത്രം തിരുത്തി ചിഞ്ചുറാണി മന്ത്രി; രാജൻ, പ്രസാദ്, അനിൽ എന്നിവരും മന്ത്രിമാരാകും
സ്പീക്കർ സ്ഥാനാർത്ഥിയായി തൃത്താല എംഎല്‍എ എം.ബി.രാജേഷിനേയും, പാർലമെന്ററി പാർട്ടി സെക്രട്ടറിയായി ടി.പി രാമകൃഷ്ണനേയും തീരുമാനിച്ചു. യോഗത്തിൽ എളമരം കരീം അധ്യക്ഷത വഹിച്ചു. പിബി അംഗങ്ങളായ എസ്.രാമചന്ദ്രൻപിള്ള, പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.എ.ബേബി എന്നിവർ പങ്കെടുത്തു.
മുഖ്യമന്ത്രി ഗവർണറെ കണ്ടു
പുതിയ മന്ത്രിസഭാ രൂപീകരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത് സംബന്ധിച്ച കത്ത് മുഖ്യമന്ത്രി ഗവർണർക്ക് കൈമാറി.