ദുബായ്: കാസർകോട് ജില്ലയിലെ രണ്ട് കുടുംബങ്ങളിൽ നിന്നും 11 പേരെ ദുബായിൽ കാണാതായി. കാസർകോട് ജില്ലയിലെ മൊഗ്രാലിൽ നിന്ന് മൂന്ന് കുട്ടികൾ അടക്കം ആറ് പേരെയാണ് കാണാതായത്. ഉപ്പളയിൽ നിന്നും അഞ്ച് പേരെയും കാണാതായി.
കാസർകോട് നിന്ന് ദുബായിലേക്ക് തിരിച്ച ഇവരെ പിന്നീട് കാണാതായെന്ന് ബന്ധുക്കൾ ഇന്നലെയാണ് പൊലീസിൽ പരാതിപ്പെട്ടത്. എന്നാൽ ഇവരുമായി ബന്ധം നഷ്‌ടപ്പെട്ടിട്ട് ദിവസങ്ങളായതായാണ് കരുതുന്നത്.
കാണാതായ മൊഗ്രാൽ സ്വദേശി സബാദിന് ദുബായിൽ മൊബൈൽ കടയുണ്ടെന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. സബാദിന്റെ ആദ്യഭാര്യയുടെ പിതാവാണ് പരാതി നൽകിയത്. ഇദ്ദേഹവും സബാദുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്.
യെമനിലാണ് തങ്ങളുളളതെന്നാണ് ഈ ഓഡിയോയിൽ സബാദ് പറയുന്നത്. കുട്ടികൾ മർക്കസിൽ പഠിക്കുകയാണെന്നും യെമനിലെ അമേനി എന്ന സ്ഥലത്താണ് ഉളളതെന്നുമാണ് മൊഴി. അതേസമയം കേസ് വളരെ ഗൗരവത്തോടെയാണ് പൊലീസ് കണ്ടിരിക്കുന്നത്. ഇവർ ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.