തിരുവനന്തപുരം: കേരള പൊലീസില്‍ വന്‍ അഴിച്ചു പണി. അച്ചടക്ക നടപടി നേരിടുന്ന 11 ഡിവൈഎസ്പിമാരെ തരംതാഴ്ത്തി. 53 ഡിവൈഎസ്പിമാര്‍ക്കും 11 എഎസ്പിമാര്‍ക്കും സ്ഥലംമാറ്റം. 26 സിഐമാര്‍ക്ക് ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നല്‍കി.

ഇതാദ്യമായാണ് ഇത്രയും പേര്‍ക്കെതിരെ ഒരുമിച്ച് തരംതാഴ്ത്തല്‍ നടപടിയെടുക്കുന്നത്. 12 പേര്‍ക്കെതിരെയായിരുന്നു തരംതാഴ്ത്തല്‍ ശുപാര്‍ശ. എന്നാല്‍ ഒരാള്‍ ട്രിബ്യൂണലില്‍ നിന്നും സ്‌റ്റേ വാങ്ങിയതോടെ നടപടി നേരിടുന്നത് 11 പേരായി. ഒഴിവു വന്ന ഡിവൈഎസ്പിമാരുടെ തസ്തികയിലേക്ക് സിഐമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി.

അച്ചടക്ക നടപടി സ്ഥാനക്കയറ്റത്തിന് തടസമല്ലെന്നായിരുന്നു കേരള പൊലീസ് ആക്ട്. എന്നാല്‍ രണ്ടാഴ്ച മുമ്പ് ഈ വകുപ്പ് റദ്ദാക്കി. ഇതോടെയാണ് സ്ഥാനക്കയറ്റങ്ങള്‍ പുനഃപരിശോധിച്ചതും നടപടി കൈക്കൊണ്ടതും. ആഭ്യന്തര സെക്രട്ടറി നേതൃത്വത്തിലുള്ള സ്ഥാനക്കയറ്റ നിര്‍ണ സമിതിയാണ് താല്‍ക്കാലിക സ്ഥാനക്കയറ്റം കിട്ടിയ 151 ഡിവൈഎസ്പിമാരുടെ വിവരങ്ങള്‍ പരിശോധിച്ച് 12 പേരെ ഒഴിവാക്കാന്‍ നിർദേശിച്ചത്. ബാക്കിയുള്ള 139 പേരെ സ്ഥിരപ്പെടുത്താനാണ് ശുപാര്‍ശ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.