കണ്ണൂര്‍: മഹാമാരിയുടെ ഉഗ്രതാണ്ഡവത്തിനിടയിലും പരിയാരം മെഡിക്കല്‍ കൊളെജില്‍ നിന്ന് പ്രതീക്ഷ പകരുകയാണ് 104 വയസുകാരി ജാനകിയമ്മയുടെ കോവിഡ് അതിജീവനം. രോഗം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന പയ്യന്നൂര്‍ അന്നൂര്‍ സ്വദേശിയായ ജാനകിയമ്മയെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. മെഡിക്കല്‍ കൊളെജ് സൂപ്രണ്ട് ഡോ. കെ സുദീപാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ജാനകിയമ്മ തളിപ്പറമ്പ് സി.എഫ്.എല്‍.ടി.സിയിലാണ് ആദ്യം ചികിത്സയില്‍ കഴിഞ്ഞിരുന്നത്. പിന്നീട് ഓക്സിജന്റെ അളവ് കുറഞ്ഞതോടെ മേയ് 31-ാം തീയതി മെഡിക്കല്‍ കൊളെജിലേക്ക് മാറ്റുകയായിരുന്നു. ആദ്യ ദിനം തീവ്ര പരിചരണ വിഭാഗത്തിലായിരുന്നെങ്കിലും പിന്നീട് കോവിഡ് വാര്‍ഡിലേക്ക് മാറ്റി.
Also Read: നിയന്ത്രണങ്ങളിൽ ഇന്ന് ഇളവ്; ശനിയും ഞായറും ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനം
ജാനകിയമ്മയുടെ മകന്റെ ഭാര്യയും അമ്മയും കോവിഡ് ബാധിച്ച് ചികിത്സയിലാണ്. 72 വയസുള്ള മകള്‍ക്കും, 70 വയസുള്ള മകനും കോവിഡ് ബാധിച്ചിട്ടില്ല. ഓക്സിജന്റെ അളവ് കുറഞ്ഞതല്ലാതെ ജാനകിയമ്മക്ക് കോവിഡ് തീവ്രമല്ലായിരുന്നുവെന്നും സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു.
ജാനകിയമ്മയ്ക്ക് വിദഗ്ധ പരിചരണം നല്കി ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന മെഡിക്കല്‍ കൊളെജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. കോവിഡിനെ പൊരുതി തോല്‍പ്പിച്ച ജാനകിയമ്മയ്ക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നു. ഈ പ്രായത്തിലും ജാനകിയമ്മയുടെ ആത്മവിശ്വാസം എല്ലാവര്ക്കും പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 105 വയസുള്ള കൊല്ലം അഞ്ചല്‍ സ്വദേശിയായ ആസ്മ ബീവിയും രോഗമുക്തി നേടിയിരുന്നു. അന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു ആസ്മ ബീവി. ഇവരുടെ ചികിത്സക്കായി പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിരുന്നു. കൊല്ലം സ്വദേശിനി രോഗമുക്തി നേടിയത് അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരുന്നു.