/indian-express-malayalam/media/media_files/uploads/2017/03/pinarayi-vijayan.jpg)
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ പെട്ട് കടലിൽ കാണാതായവരെ തിരയാൻ 105 യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകൾ നാളെ കടലിൽ ഇറങ്ങുമെന്ന് മുഖ്യമന്ത്രി. കേരളതീരത്ത് നിന്നും നൂറ് നോട്ടിക്കല്‍ മൈല്‍ ദൂരത്തില്‍ നാല് ദിവസത്തേക്കായിരിക്കും തിരച്ചില്‍ നടത്തുക. തിരച്ചിലിനാവശ്യമായ ചെലവ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.
നീണ്ടകര, കൊച്ചി, മുനമ്പം തീരങ്ങളിൽ നിന്ന് 25 ബോട്ടുകൾ വീതവും ബേപ്പൂരിൽ നിന്ന് 30 ബോട്ടുകളുമാണ് തിരച്ചിലിനായി പോവുക. ഓരോ ബോട്ടും തീരത്തിന് സമാന്തരമായി നാല് നോട്ടിക്കല്‍ മൈല്‍ പരസ്പരം അകലം പാലിക്കും.
ബോട്ടുടമാസംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമായിട്ടാണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചു. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും മത്സ്യവകുപ്പിന്റെയും ലീഡ് ബോട്ടുകളായിരിക്കും ഓരോ കേന്ദ്രങ്ങളില്‍ നിന്നും പുറപ്പെടുന്ന ബോട്ടുകളെ നിയന്ത്രിക്കുക. ഓരോ കേന്ദ്രങ്ങളുടെയും മേല്‍നോട്ടം വഹിക്കുവാന്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
തിരച്ചിലിനിടയില്‍ മത്സ്യത്തൊഴിലാളികളെയോ മൃതദേഹങ്ങളോ കണ്ടെത്തിയാല്‍ ആയത് ലീഡ് ബോട്ടില്‍ എത്തിക്കുകയും ഏറ്റവുമടുത്തുള്ള ഫിഷറീസ് പട്രോള്‍ ബോട്ടിലേക്ക് കൈമാറുകയും ചെയ്യും. മൃതശരീരങ്ങള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ലീഡ് ബോട്ടില്‍ ഉണ്ടായിരിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us