കൊച്ചി: കോടതിയലക്ഷ്യ കേസില്‍ പ്രീത ഷാജിക്കും ഭര്‍ത്താവിനും ആശുപത്രി സേവനം വിധിച്ച് ഹൈക്കോടതി. ഇരുവരും എറണാകുളം ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് കെയറില്‍ 100 മണിക്കൂര്‍ സേവനം ചെയ്യണമെന്നാണ് വിധി. രാവിലെ 9.45 മുതല്‍ വൈകിട്ട് 4.30 വരെയാണ് സേവനം ചെയ്യേണ്ടത്.

ഒരു ദിവസം ആറ് മണിക്കൂറായിരിക്കും സേവനം ചെയ്യേണ്ടത്. വിധി അനുസരിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും ഹൈക്കോടതി പറയുന്നു. അതേസമയം, വിധി പൂര്‍ണമായും അംഗീകരിക്കുകയാണെന്നും ഇപ്പോള്‍ ചെയ്യുന്ന സേവനത്തിന്റെ ഭാഗമായി വിധിയെ കണ്ട് അനുസരിക്കുമെന്നും പ്രീത ഷാജി പ്രതികരിച്ചു.

Read More: ബാങ്കിന് 43 ലക്ഷം കൊടുത്താൽ വീട് പ്രീത ഷാജിക്ക്: ഒരു മാസം സമയം

കോടതി നിര്‍ദേശപ്രകാരം വീടു ജപ്തി ചെയ്യാനെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ പ്രീത ഷാജി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. ലേലത്തില്‍ വീടു കൈപ്പറ്റിയ ആളുടെ പരാതിയിലാണ് കോടതിയലക്ഷ്യനടപടികള്‍ ആരംഭിച്ചത്.

വീടു തിരിച്ചു പിടിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലായിരുന്നുവെന്നും സംഭവത്തില്‍ ക്ഷമാപണം സ്വീകരിച്ച് ഹര്‍ജി തീര്‍പ്പാക്കണം എന്നും പ്രീത ഷാജി കോടതിയെ അറിയിച്ചെങ്കിലും വിധി പരസ്യമായി ലംഘിച്ചത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. കേസ് ഭാവിയില്‍ തെളിയിക്കാമെന്ന് കരുതി ഇപ്പോള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാനാവില്ല. പ്രീതയുടെ നടപടി സമൂഹത്തിന് നല്ല സന്ദേശമല്ല നല്‍കുന്നത്. നിയമവ്യവസ്ഥയെ വെല്ലുവിളിച്ചവര്‍ പിന്നീട് മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും കോടതി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.