തിരുവനന്തപുരം: ടി.പി സെൻകുമാർ പൊലീസ് തലപ്പത്തേക്ക് തിരിച്ച് എത്തുന്നതിന് മുൻപ് പൊലീസ് തലപ്പത്ത് വലിയ അഴിച്ചുപണി. 100 ഓളം ഡിവൈഎസ്‌പിമാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. ആഭ്യന്തര വകുപ്പ് സെക്രട്ടറിയാണ് പുതിയ ഉത്തരവിറക്കിയത്. എഡിജിപി- ഐജി തലത്തിൽ ഇന്നലെ വലിയ മാറ്റങ്ങൾ വരുത്തിയതിന് പിന്നാലെയാണ് സർക്കാരിന്റെ പുതിയ നീക്കം.

ക്രൈംബ്രാഞ്ച്, വിജിലൻസ് തുടങ്ങിയ എല്ലാ വിഭാഗത്തിലെയും ഡിവൈഎസ്പിമാരെ മാറ്റിയിട്ടുണ്ട്.
സുപ്രധാനമായ അഴിമതിക്കേസുകൾ അന്വേഷിക്കുന്ന വിജിലൻസ് ഡിവൈഎസ്‌പിമാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. ബാർകോഴക്കേസ്, പാറ്റൂർ ഭൂമി ഇടപാട് കേസ് തുടങ്ങിയ കേസുകൾ അന്വേഷിക്കുന്ന ഡിവൈഎസ്‌പിമാരെയും സർക്കാർ സ്ഥലം മാറ്റിയിട്ടുണ്ട്.

പൊലീസ് ആസ്ഥാനത്തെ എഡിജിപി സ്ഥാനത്ത് നിന്നും അനിൽ കാന്തിനെ മാറ്റി ടോമിൻ ജെ.തച്ചങ്കരിയെ ഇന്നലെ സർക്കാർ നിയമിച്ചിരുന്നു. വിജിലൻസ് എഡിജിപിയായാണ് അനിൽ കാന്തിനെ പുതുതായി നിയമിച്ചിട്ടുള്ളത്. എറണാകുളം റേഞ്ച് ഐജിയായ പി.വിജയന് കോസ്റ്റൽ പൊലീസിന്റെ അധിക ചുമതലയും നൽകിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. ഐജി ബൽറാം കുമാർ ഉപാധ്യായയെ ഹൗസിങ്ങ് ആന്റ് കോർപ്പറേഷൻ എംഡി സ്ഥാനത്ത് നിന്നും മാറ്റി പൊലീസ് ആസ്ഥാനത്ത് ഐജിയായി നിയമിച്ചിട്ടുണ്ട്. പൊലീസ് ആസ്ഥാനത്ത് ഡിഐജി ആയിരുന്ന ഷെഫീൻ അഹമ്മദിനെ ആംഡ് പൊലീസ് ബറ്റാലിയന്റെ ഡിഐജിയായി നിയമിച്ചിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തെ എസ്പി ആയിരുന്ന കൽരാജ് മഹേഷ് കുമാറിനെ തിരുവനന്തപുരം റയിൽവേ പൊലീസ് എസ്പി ആയി നിയമിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ