തൊടുപുഴ: പ്രളയദുരന്തത്തിലൂടെ കടന്നു പോയ കേരളത്തില്‍ മഴ മാറിയിട്ടും നിലനിന്നിരുന്ന ആശങ്കകളെ മറികടന്ന് മുല്ലപ്പെരിയാറിലും ഇടുക്കിയിലും ജലനിരപ്പ് കുറയുന്നു. പത്ത് ദിവസത്തോളം പൂർണ സംഭരണശേഷിക്കൊപ്പം നിറഞ്ഞു നിന്ന ഡാമുകളില്‍ ഇപ്പോൾ ജലനിരപ്പ് താഴുകയാണ്. കനത്ത മഴയും നീരൊഴുക്കും കാരണം ഡാമുകളിലെ ജലനിരപ്പ് അതിവേഗം ഗണ്യമായി ഉയരുകയായിരുന്നു. ഇതോടെ വെള്ളം തുറന്നുവിടുകയല്ലാതെ മറ്റ് മാർഗങ്ങളൊന്നുമില്ലാതെ വരുകയായിരുന്നു.
വെള്ളം തുറന്നു വിട്ടിട്ടും ശക്തമായ നീരൊഴുക്ക് ഉണ്ടായിരുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിലൊന്നും ജലനിരപ്പിൽ കാര്യമായ കുറവ് ഡാമുകളിലുണ്ടായില്ല. ഇടുക്കി ഡാമിലും മുല്ലപ്പെരിയാറിലും വെള്ളം തുറന്നു വിടുകയായിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി വ്യത്യസ്തമാകുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
നിലവിൽ മുല്ലപ്പെരിയാറിലും ഇടുക്കിയിലും അതിവേഗം ജലനിരപ്പ് കുറയുന്നു. നീരൊഴിക്കിന്റെ ശക്തി കുറഞ്ഞതാണ് ഇതിന് കാരണമായി പറയുന്നത്. 2399.44 അടിയാണ് ശനിയാഴ്ച വൈകുന്നേരം മൂന്ന് മണി കഴിയുമ്പോൾ ഇടുക്കി ഡാമില്‍ രേഖപ്പെടുത്തിയ ജലനിരപ്പ്. മുല്ലപ്പെരിയാറില്‍ ഇത് 139.61 അടിയും ആയി കുറഞ്ഞിട്ടുണ്ട്. ഇത് വൈകുന്നേരം അഞ്ച് മണിയായപ്പോൾ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139.5അടിയായും ഇടുക്കി 2399.38 അടിയായും വീണ്ടും കുറഞ്ഞു.
ഒരാഴ്ച മുമ്പ് ഇടുക്കി ഡാമില്‍ ജലനിരപ്പ് 2402 അടിയായും മുല്ലപ്പെരിയാറില്‍ 142.3 അടിയായും വര്‍ധിച്ചിരുന്നു. തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ 13 സ്പില്‍വേ ഷട്ടറുകളും തുറന്ന് ഇടുക്കി ഡാമിലേക്കു ജലമൊഴുക്കിയിരുന്നു. ഈ അധിക ജലം കൂടി എത്തിയതോടെ ഒരു ഘട്ടത്തില്‍ ഇടുക്കി ഡാമില്‍ നിന്നു തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് സെക്കന്‍ഡില്‍ 16 ലക്ഷം ലിറ്ററാക്കി വര്‍ധിപ്പിച്ചിരുന്നു. പിന്നീട് ജലനിരപ്പ് കുറഞ്ഞതോടെ മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നു തുറന്നു വിടുന്ന വെള്ളത്തിന്റെ അളവില്‍ തുടക്കത്തില്‍ കുറവു വരുത്തുകയും പിന്നീട് സ്പില്‍വേ ഷട്ടറുകള്‍ പൂര്‍ണമായും അടയ്ക്കുകയും ചെയ്തതോടെ ഇടുക്കിയിലേക്കുള്ള ജലമൊഴുക്ക് കുറഞ്ഞു. ഇതോടെ ഇടുക്കി ഡാമില്‍ നിന്നു തുറന്നു വിടുന്ന വെളളത്തിന്റെ അളവിലും കുറവു വരുത്തി. സെക്കന്‍ഡില്‍ 2 ലക്ഷം ലിറ്ററാണ് നിലവില്‍ ഇടുക്കി ഡാമില്‍ നിന്നു തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ്.
115 മുതല്‍117 ലക്ഷം ലിറ്റര്‍ വരെ വെള്ളം പ്രതിദിനം വൈദ്യുതി ഉല്‍പ്പാദനത്തിനായും ഉപയോഗിക്കുന്നു. മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തണമെന്നു സുപ്രീം കോടതിയും നിര്‍ദേശിച്ചതോടെ ഏതു വിധേനയും മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139 അടിലേക്കെത്തിക്കാനാണ് തമിഴ്‌നാട് ഇപ്പോള്‍ പരിശ്രമിക്കുന്നത്.
ഇതിനിടെ 27, 28 തീയതികളിൽ കേരളത്തിൽ കനത്ത മഴയ്ക്ക സാധ്യതയുണ്ടെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. നിലവിൽ ഡാമിലെ ജലനിരപ്പ് സംഭരണ ശേഷിയേക്കാൾ താഴ്ന്ന വന്നതിനാൽ രണ്ട് ദിവസത്തെ മഴയിൽ വീണ്ടുമൊരു പ്രതിസന്ധിയുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.
തുലാവര്‍ഷക്കാലത്താണ് ഇടുക്കിയിലേയ്ക്ക് കൂടുതല്‍ ജലം ഒഴുകിയെത്തുന്നെതന്നതിനാല്‍ ഡാമില്‍ ജലനിരപ്പ് സുരക്ഷിത പരിധിയിൽ തന്നെ നിലനിർത്തുന്നതിന്റെ ഭാഗമായി ഡാമിന്റെ ഷട്ടറുകള്‍ തുലാവര്‍ഷക്കാലം വരെ നിയന്ത്രിത അളവില്‍ തുറന്നു വയ്ക്കാനാണ് ഇപ്പോള്‍ ഡാംസേഫ്റ്റി വിഭാഗം ലക്ഷ്യമിടുന്നതെന്നാണ് അറിയുന്നത്. നിലവില്‍ പൂര്‍ണതോതില്‍ ഉല്‍പ്പാദനം നടത്തിയാലും ഡാമിലെ ജലനിരപ്പ് സുരക്ഷിത പരിധിയിലേക്കു താഴ്ത്താനാവില്ലെന്ന വിലയിരുത്തലിനെ ത്തുടര്‍ന്നാണ് ജലനിരപ്പ് താഴ്ത്താന്‍ ഷട്ടറുകള്‍ തുറന്നു വയ്ക്കുന്നത് തുടരാന്‍ തിരുമാനിച്ചതെന്നാണ് സൂചന.

മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് വെള്ളം തുറന്നുവിട്ടപ്പോള്‍ പെരിയാറിന്റെ തീര പ്രദേശങ്ങളില്‍ വ്യാപകമായ നാശനഷ്ട ങ്ങളാണുണ്ടായത്. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിനു സമീപമുള്ള കീരിക്കര പോലുള്ള പ്രദേശങ്ങളില്‍ വീടുകള്‍ക്കു മുകളില്‍ക്കൂടിയാണ് വെള്ളം ഒഴുകിപ്പോയത്. താരതമ്യേന ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ ഇവിടേയ്ക്ക് ഇതു വരെ സഹായങ്ങളൊന്നും കാര്യമായി എത്തിയിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. വെള്ളമിറങ്ങയതോടെ ക്യാമ്പുകളില്‍ നിന്നു തിരികെ വീടുകളിലെത്തിയപ്പോഴുണ്ടായ നാശം കണ്ട് തകർന്ന് നിൽക്കുകയാണ് പലരും.