തിരുവനന്തപുരം: ഭരണസിരാകേന്ദമായ സെക്രട്ടേറിയറ്റിന് മുന്നിൽ ഒരു കൂട്ടം മനുഷ്യരുടെ നിലവിളി, അടക്കി കരച്ചിൽ, നെഞ്ചത്തടി എന്നിവ കേട്ടും കണ്ടും വഴിയാത്രക്കാർ അന്തം വിട്ടു നിന്നു. ചിലർ എന്താണ് സംഭവമെന്ന് അറിയാൻ അവിടേയ്ക്കു ചെന്നു. കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. അവഗണയ്ക്കെതിരായ കൂട്ടക്കരച്ചിലായിരുന്നു അവിടെ ഉയർന്നത്. സർക്കാരിന്റെ കണ്ണ് തുറപ്പിക്കാൻ പുതിയ സമര മാർഗവുമായി കേരളത്തിന്റെ വടക്കേയറ്റത്തു നിന്നുമെത്തിയവരാണ് നാട്ടുകാരെയും വഴിയാത്രക്കാരെയും അധികാരികളെയും അമ്പരിപ്പിച്ചത്.

കാസർകോട് ബദിയടുക്ക മലയോര മേഖലയിലെ റോഡുകളുടെ ശോചനീയാവസ്‌ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ജനകീയ സമര സമിതിയാണ് സെക്രട്ടറിയേറ്റിനു മുന്നിൽ കരച്ചിൽ സമരം നടത്തിയത്. സമരത്തിൽ പങ്കെടുത്തവരെല്ലാം വലിയവായിൽ കരഞ്ഞും നിലവിളിച്ചുകൊണ്ടുമാണ് മുദ്രാവാക്യങ്ങൾ വിളിച്ചത്. കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ചുകൊണ്ടാണ് ഈ വ്യത്യസ്‌ത സമരം നടത്തുന്നത് എന്ന് സൂചിപ്പിക്കുന്ന ഫ്ളക്സ് മുന്നിൽ സ്‌ഥാപിച്ചിരുന്നു.

മലയോര മേഖലയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് 15 ദിവസമായി ബദിയടുക്ക പൊതുമരാമത്ത് ഓഫിസിന് മുന്നില്‍ ജനകീയ സമര സമിതിയുടെ സമരത്തിന്റെ തുടർച്ചയാണ് സെക്രട്ടേറിയറ്റിന് മുന്നിൽ​ നടന്ന കരച്ചിൽ സമരം. ഓഫിസ് ഉപരോധം, സത്യാഗ്രഹം അടക്കമുള്ള സമരം നടത്തിയിട്ടും അധികാരികളുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് നിയമസഭ നടക്കുന്നതിനിടയിൽ ജനപ്രതിനിധികളുടെ അധികാരികളുടെയും ശ്രദ്ധയാകർഷിക്കാനായി കരച്ചിൽ സമരവുമായി സെക്രട്ടേറിയറ്റിന് മുന്നിൽ എത്തിയത്. വര്‍ഷങ്ങളോളമായി തകര്‍ന്ന് കിടക്കുന്ന ബദിയടുക്ക – ഏത്തടുക്ക – സൂളപ്പദവ് റോഡ്, ചെര്‍ക്കള കല്ലട്ക്ക റോഡ്, മുള്ളേരിയ – ആര്‍ളപ്പദവ് റോഡ്, നെക്രംപാറ – പുണ്ടൂര്‍ – നാരംപാടി – ഏത്തട്ക്ക റോഡ്, മാന്യ – ചര്‍ളട്ക്ക റോഡ് തുടങ്ങിയ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് സമരം.

​ഈ വരുന്ന സംസ്ഥാന ബജറ്റില്‍ ആവശ്യമായ പണം നീക്കി വെച്ചില്ലെങ്കില്‍ സമരം ശക്തമാക്കും. മാര്‍ച്ച് ​ഏഴിന് മലയോര മേഖലയില്‍ ഹര്‍ത്താല്‍ നടത്താന്‍ സമര സമിതി നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്ന് സമരസമിതി പ്രവർത്തകനായ മാഹിന്‍ കേളോട്ട് അറിയിച്ചു.

(വിഡിയോ കടപ്പാട്: മാതൃഭൂമി ന്യൂസ്)

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.