രാഷ്ട്രീയ അസ്ഥിരതയും അധികാരം പിടിക്കാനുള്ള വെമ്പലിന്റെ കഥകളാണ് അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നത്. എല്ലായിടത്തും രാഷ്ട്രീയത്തിന്റെ കളിയിതൊക്കെ തന്നെയാണ് . അധികാരത്തിനുളള രാഷ്ട്രീയ കളരിയുടെ സഭാരൂപമാണിപ്പോൾ അധികാര മത്സരങ്ങളും വിമതനീക്കങ്ങളും ഒക്കെയായി യാക്കോബായ സഭയിലും മുറുകിയിരിക്കുകയാണ്.

സഭാ തലവനായ പാത്രിയാര്‍ക്കീസ് ബാവയെ അട്ടിമറിച്ച് അധികാരം പിടിക്കാനുള്ള ഒരു വിഭാഗത്തിന്റെ ശ്രമങ്ങളെന്നും അത് പരാജയപ്പെട്ടുവെന്നും ഒരൂ കൂട്ടർ പറയുന്നു. എന്നാൽ കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യമാണ് തങ്ങൾ ആവശ്യപ്പെട്ടതെന്നും അതിനായുള്ള ശ്രമങ്ങളാണെന്ന് നടത്തുന്നതെന്നും മറുവിഭാഗം അവകാശപ്പെടുന്നു.

അവകാശവാദങ്ങൾ എന്തായാലും ആത്യന്തികമായി പാത്രിയാർക്കീസിന് എതിരായ നീക്കങ്ങള്‍ വീണ്ടും മറനീക്കി പുറത്തുവന്നിരിക്കുകയാണ് എന്നതാണ് പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്.. തങ്ങള്‍ക്കു കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള 14 മെത്രാപ്പോലീത്തമാര്‍ ലെബനനില്‍ പാത്രിയാര്‍ക്കീസ് ബാവയെ കാണാന്‍ എത്തിയതോടെ വിദേശത്തുണ്ടായ ആഭ്യന്തര കലഹങ്ങള്‍ കേരളത്തിലെ സഭയിലും എത്തിയിരിക്കുന്നുവെന്ന സൂചനയാണ് പുറത്തുവന്നിരിക്കുന്നത്.

താന്‍ യാക്കോബായ സഭയുടെ എഴുതപ്പെട്ട ഭരണഘടനയ്ക്കുള്ളില്‍ നിന്നു മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും പാത്രിയാര്‍ക്കീസ് ബാവ കേരളത്തില്‍ നിന്നെത്തിയ സംഘത്തോടു നിലപാട് വ്യക്തമാക്കിയതായാണ് സഭാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മുന്‍ പാത്രിയാര്‍ക്കീസിന്റെ കാലത്ത് ഏതെങ്കിലും തരത്തിലുള്ള ഭരണഘടനയ്ക്കു വിരുദ്ധമായ സൗജന്യങ്ങള്‍ ലഭിച്ചിരുന്നുവെങ്കില്‍ സഭാ പാരമ്പര്യത്തിന് വിരുദ്ധമായ കാര്യങ്ങളൊന്നും താന്‍ ചെയ്യില്ലെന്നും പാത്രിയാര്‍ക്കീസ് ബാവ തന്റെ നിലപാട് വ്യക്തമാക്കിയതായും അദ്ദേഹത്തെ പിന്തുണയക്കുന്ന വിഭാഗം പറയുന്നു. .

ഒരു കാലത്ത് കെട്ടടങ്ങിയിരുന്ന ആഭ്യന്തര പ്രശ്‌നങ്ങളും പടലപ്പിണക്കങ്ങളും യാക്കോബായ സഭയില്‍ വീണ്ടും തലപൊക്കുന്നു എന്നതാണ് സമീപകാലത്ത് സഭ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. മോര്‍ അപ്രേം കരീം രണ്ടാമന്‍ പാത്രിയാര്‍ക്കീസായതോടെ സഭയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഭാ സമാധാനം പുനസ്ഥാപിക്കാനുമുള്ള നടപടികള്‍ക്കായിരുന്നു അദ്ദേഹം മുന്‍ഗണന നല്‍കിയത്. പാത്രിയാര്‍ക്കീസായതിനു ശേഷം യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മില്‍ സഹോദര സഭകളായി സഹവര്‍ത്തിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ക്കും അദ്ദേഹം തുടക്കമിട്ടു. എന്നാല്‍ ചില ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലം ഈ ചര്‍ച്ചകള്‍ വേണ്ടത്ര ഫലം കാണാതെ പോവുകയായിരുന്നു.

ഇതിനിടെയാണ് കഴിഞ്ഞയാഴ്ച ആറു മെത്രാപ്പോലീത്തമാര്‍ പാത്രിയാര്‍ക്കീസ് ബാവയ്‌ക്കെതിരേ വിമത നീക്കം നടത്തിയത്. എന്നാല്‍ ഇതു തിരിച്ചറിഞ്ഞ പാത്രിയാര്‍ക്കീസ് ബാവ അടിയന്തിര സുനഹദോസ് വിളിച്ചുകൂട്ടി മെത്രാപ്പോലീത്തമാരെ സസ്‌പെന്‍ഡു ചെയ്ത്. ഇതിനിടെ സസ്‌പെന്‍ഡു ചെയ്യപ്പെട്ട മെത്രാപ്പോലീത്തമാര്‍ വിമതനീക്കം ഫലംകാണാതെ പോതോടെ പാത്രിയാര്‍ക്കീസ് ബാവയ്ക്കു മാപ്പപേക്ഷ എഴുതി നല്‍കിക്കഴിഞ്ഞുവെന്നാണ് സഭാ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. പാത്രിയാര്‍ക്കീസ് ബാവയെ അട്ടിമറിച്ച് മോര്‍ യൂജിന്‍ കപ്ലാനെ പുതിയ പാത്രിയാര്‍ക്കീസാക്കാന്‍ ലക്ഷ്യമിട്ടു നടത്തിയ വിമത നീക്കത്തിന് ഇന്ത്യയില്‍ നിന്നുള്ള ചില മെത്രാപ്പോലീത്തമാരുടെയും മാനസിക പിന്തുണ ലഭിച്ചതായി പാത്രിയാര്‍ക്കീസിന് വിവരം ലഭിച്ചിട്ടുണ്ട്. പാത്രിയാര്‍ക്കീസ് ബാവ വേണ്ടത്ര അധികാരങ്ങള്‍ മുന്‍ പാത്രിയാര്‍ക്കീസിന്റെ മാതൃകയില്‍ തങ്ങള്‍ക്കു നല്‍കുന്നില്ലെന്ന് കേരളത്തിലെ നേതൃത്വം പുതിയ പാത്രിയാര്‍ക്കീസ് അധികാരമേറ്റതുമുതല്‍ പരാതി ഉന്നയിക്കുന്നതാണ്. അധികാരമേറ്റയുടന്‍ തന്നെ പുതിയ മെത്രാപ്പോലീത്തമാരെ വാഴിക്കുന്നതിനും വിവിധ പദവികള്‍ നല്‍കുന്നതിനും പാത്രിയാര്‍ക്കീസ് ബാവ വിലക്കേര്‍പ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ലെബനനില്‍ നടക്കുന്ന പ്രത്യേക ആഗോള സിനഡിൽ സഭയില്‍ ഇപ്പോഴുണ്ടായിട്ടുള്ള പ്രതിസന്ധികളെല്ലാം ചര്‍ച്ചചെയ്യുമെന്നാണ് വിവരം.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏതു തരത്തിലുള്ള വിമതപ്രവര്‍ത്തനം നടത്തിയാലും പാത്രിയാര്‍ക്കീസ് ബാവയെ മാറ്റാന്‍ കഴിയില്ലെന്ന് ഔദ്യോഗിക വിഭാഗത്തോടൊപ്പം നിൽക്കുന്ന ഒരു മുതിര്‍ന്ന വൈദികന്‍ പറയുന്നു. ഇന്ത്യയില്‍ നിന്ന് ഏഴു പേര്‍ക്കു മാത്രമാണ് പാത്രിയാര്‍ക്കീസ് തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. കാതോലിക്കാ ബാവയുടെ ഒരു വോട്ട്, പൗരസ്ത്യ സുവിശേഷ സമാജത്തിന്റെ ഒരു വോട്ട്, മംഗലാപുരം ഹോണോവാര്‍ മിഷന്റെ ഒരു വോട്ട്. ക്‌നാനായ സഭയുടെ ഒരു വോട്ട്, പാത്രിയാര്‍ക്കീസ് ബാവ നേരിട്ടു ഭരിക്കുന്ന ഇന്ത്യയിലെ നാലു മെത്രാപ്പോലീത്തമാരുടെ വോട്ടുകള്‍ എന്നിവയാണ് എന്നിവയാണിത്. ആഗോളതലത്തില്‍ മറ്റു 36 മെത്രാപ്പോലീത്തമാരുടെ വോട്ടാണുള്ളത്. ഇതില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ ഏഴു മെത്രാപ്പോലീത്തമാര്‍ സസ്‌പെന്‍ഡു ചെയ്യപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ നിലവില്‍ 44 പേർക്കുണ്ടായിരുന്ന വോട്ടവകാശം വിനിയോഗിക്കാനാവുന്നത് 37 പേര്‍ക്കുമാത്രമാണ്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ പാത്രിയാര്‍ക്കീസ് ബാവയെ മാറ്റാനുള്ള ഒരു വിഭാഗത്തിന്റെ നീക്കം നടപ്പാകാന്‍ സാധ്യതയില്ല. കാരണം നിലവിലുള്ള ഭൂരിഭാഗം മെത്രാപ്പോലീത്തമാരും പാത്രിയാര്‍ക്കീസിന് പിന്തുണയറിച്ചു കത്തു നല്‍കിക്കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ നിന്നു പോയ മെത്രാപ്പോലീത്തമാര്‍ ചില സമ്മര്‍ദ തന്ത്രങ്ങള്‍ പ്രയോഗിക്കാന്‍ ശ്രമിച്ചെങ്കിലും ഇതുനടപ്പാകില്ലെന്നു കണ്ടതോടെ പാത്രിയര്‍ക്കീസ് ബാവയ്ക്കു പിന്തുണ പ്രഖ്യാപിക്കുകയാണെന്ന തരത്തില്‍ നിലപാടുമാറ്റിയിരിക്കുകയാണ്. 2002-ലെ എഴുതപ്പെട്ട ഭരണഘടനയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പാത്രിയാര്‍ക്കീസ് ബാവ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പാത്രിയാര്‍ക്കീസ് ബാവയ്ക്ക് എല്ലാവിധത്തിലുമുള്ള അധികാരങ്ങള്‍ നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ വിമതനീക്കങ്ങളിലൂടെയൊന്നും പാത്രിയാര്‍ക്കീസ് ബാവയെ മാറ്റാനാവില്ലായെന്നതാണ് വസ്തുത, ഭരണഘടന തയാറാക്കാന്‍ നേതൃത്വം നല്‍കിയവരിൽ ഉൾപ്പെടുന്ന ഒരു മുതിര്‍ന്ന വൈദികന്‍ പറയുന്നു.
ഇന്ത്യയിലെമ്പാടുമുള്ള പ്രത്യേകിച്ച് കേരളത്തിലെ വിശ്വാസികള്‍ പാത്രിയാര്‍ക്കീസ് ബാവയോടു വിധേയത്വവും താല്‍പര്യവും ഉള്ളവരാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ കേരളത്തിലെ സഭാ നേതൃത്വത്തിന് പാത്രിയാര്‍ക്കീസ് ബാവയുടെ ഇടപെടലുകളില്‍ അതൃപ്തിയുണ്ടെങ്കിലും പുറത്തുകാട്ടാന്‍ കഴിയാത്ത സാഹചര്യമാണ്. വിശ്വാസികള്‍ എപ്പോഴും പാത്രിയാര്‍ക്കീസ് ബാവയുടെ ഒപ്പമാണ്. അതിനാല്‍ത്തന്നെ വിഭാഗീയ നീക്കങ്ങളിലൂടെയൊന്നും പാത്രിയാര്‍ക്കീസിനെ മാറ്റാനാവില്ല. സഭയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.