തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തി പിഴ ഈടാക്കുന്നതു സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുന്ന ഇടപാട് വന്‍ തട്ടിപ്പാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 180 കോടി രൂപയുടെ ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് പദ്ധതിയിലാണ് അഴിമതിക്കു കളമൊരുങ്ങുന്നതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അതേസമയം, ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നു പൊലീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.
പദ്ധതിക്കായി ടെന്‍ഡര്‍ സമര്‍പ്പിച്ച സിഡ്കോയെ ഒഴിവാക്കി കെല്‍ട്രോണിനെ മുന്‍നിര്‍ത്തി മീഡിയട്രോണിക്സ് എന്ന സ്വകാര്യ കമ്പനിക്കു കരാര്‍ നല്‍കാനാണു നീക്കം. പിഴയായി ലഭിക്കുന്ന 90 ശതമാനം സ്വകാര്യ കമ്പനിക്കു സേവന-അറ്റകുറ്റപ്പണി നിരക്കായി സ്വകാര്യ കമ്പനിക്കു ലഭിക്കും. 10 ശതമാനം തുക മാത്രമാണു സര്‍ക്കാരിനു ലഭിക്കുക. 40 ശതമാനം സര്‍ക്കാരിന് നല്‍കാമെന്ന് വ്യവസ്ഥ വച്ചിട്ടും സിഡ്കോയെ തള്ളുകയായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
ഇത്രയും വലിയ പദ്ധതി നടപ്പാക്കാനുള്ള സാമ്പത്തിക ഭദ്രത മീഡിയട്രോണിക്സിനില്ല. മുന്‍ പരിചയവും മതിയായ യോഗ്യതയുമില്ല. വിവാദത്തിലായ ഗാലക്സോണ്‍ എന്ന ബിനാമി കമ്പനിയാണു മീഡിയട്രോണിക്സിനു സാമ്പത്തിക സഹായം നല്‍കുന്നതെന്നാണ് ആരോപണം. ഗാലക്സോണിനു കൊള്ളലാഭമുണ്ടാക്കാന്‍ കെല്‍ട്രോണ്‍ വഴി സ്വകാര്യ കമ്പനിയെ മുന്‍നിര്‍ത്തി നടത്തുന്ന അഴിമതിയാണിത്.
Read Also: ആക്രമണം തികച്ചും രാഷ്ട്രീയ പ്രേരിതം; ‘കരുണ’ വിവാദത്തിൽ മുഖ്യമന്ത്രിക്ക് ആഷിഖ് അബുവിന്റെ കത്ത്
ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനായി അഞ്ഞൂറോളം ക്യാമറകളാണു സ്വകാര്യ കമ്പനി സ്ഥാപിക്കുക. 350 സ്പീഡ് ലിമിറ്റ് വയലേഷന്‍ ക്യാമറകളും 30 റെഡ് ലൈറ്റ് വയലേഷന്‍ ക്യാമറകളും 100 ഹെല്‍മെറ്റ് അബ്സെന്‍സ് ഡിറ്റക്ഷന്‍ ക്യാമറകളാണു സ്ഥാപിക്കുക. സ്വകാര്യ കമ്പനി സ്ഥാപിക്കുന്ന നിയമലംഘനങ്ങളില്‍ പൊലീസാണു പിഴ ചുമത്തുക. രാജ്യത്താദ്യമായിട്ടാണു പെറ്റി ചുമത്താനും ട്രാഫിക് പിഴ ഈടാക്കാനും സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുന്നത്. കമ്പനിക്കു പത്തു വര്ത്തേക്കാണു നടത്തിപ്പ് ചുമതല ലഭിക്കുക.
പദ്ധതിക്കായി ഡിജിപി ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായും സ്വകാര്യ കമ്പനിക്കുവേണ്ടി പൊലീസ് ക്വട്ടേഷന്‍ പണിയെടുക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ഡിജിപിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നത് കാരണം തല്ക്കാലം ഇതില്‍ ഒപ്പുവയ്ക്കാതെ മാറ്റിവച്ചിരിക്കുകയാണ്. ഈ മാസം പൊലീസ് ആസ്ഥാനത്ത് കൂടിയ പ്രീ ബിഡ് ആന്‍ഡ് ടെക്നിക്കല്‍ ഇവാല്യവേഷന്‍ കമ്മിറ്റിയാണ് പദ്ധതിക്ക് അനുമതി നല്‍കിയത്.
മുഖ്യമന്ത്രിയുടെ പങ്ക് കൂടി അന്വേഷിക്കേണ്ട സ്ഥിതിയിലേക്കാണു കാര്യങ്ങള്‍ പോകുന്നത്. കേരള പൊലീസിനെ സ്വകാര്യ വത്കരിക്കാനുള്ള ശ്രമങ്ങളാണോ നടക്കുന്നതെന്ന സംശയവും രമേശ് ചെന്നിത്തല പ്രകടിപ്പിച്ചു.
Read Also: ഞെട്ടിക്കാൻ ഫഹദ്, സ്റ്റൈലിഷായി നസ്രിയ; ‘ട്രാന്‍സ്’ ട്രെയിലർ
എന്നാൽ, കഴിഞ്ഞ 14 മാസത്തിനിടെ മൂന്നു തവണയാണ് പദ്ധതിക്കുവേണ്ടി പോലീസ് ഇ-ടെന്‍ഡര്‍ ക്ഷണിച്ചത്. ഇതില്‍ രണ്ടുതവണയും ഒരു കമ്പനി മാത്രമേ അപേക്ഷിച്ചുള്ളൂ. മൂന്നാമതും ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ രണ്ടു കമ്പനികള്‍ അപേക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സേനയിലെ മുതിര്‍ന്ന ഓഫീസര്‍മാരെ കൂടാതെ പുറത്തുനിന്നുള്ള വിദഗ്ധരുടെ സേവനം ഐടി മിഷന്, സിഡാക്, നാറ്റ്പാക്, മോട്ടോര്‍ വാഹനവകുപ്പ് എന്നീ വകുപ്പുകളില്‍ നിന്ന് ലഭ്യമാക്കിയാണ് ഇവാലുവേഷന്‍ കമ്മിറ്റി രൂപീകരിച്ചത്.
ഫീല്‍ഡ് ടെസ്റ്റ് ഉള്‍പ്പെടെയുള്ള ടെക്നിക്കല്‍ ഇവാലുവേഷന്‍ നടപടികള്‍ നടന്നുവരുന്നതേയുള്ളൂ. അവ പൂര്‍ത്തിയാക്കി ലഭിക്കുന്ന റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് ഫിനാന്‍ഷ്യല്‍ ബിഡ് തുറക്കുന്നത്. അതിനു ശേഷം സര്ക്കാര്തലപരിശോധനയ്ക്കും വിലയിരുത്തലിനും ശേഷം ഉത്തരവായി പുറത്തിറങ്ങിയാല്‍ മാത്രമേ പദ്ധതി ഏതെങ്കിലും സ്ഥാപനത്തിന് നല്‍കിയെന്ന് പറയാനാകൂ.
ടെക്നിക്കല്‍ ഇവാലുവേഷന്‍ പോലും ഇതുവരെ കഴിയാത്ത സാഹചര്യത്തില്‍ ഒരു കമ്പനിക്ക് മാത്രമായി പദ്ധതി നല്കാന് ശ്രമം നടക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. മറ്റു പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ ഇത്തരം പദ്ധതി നിലവിലുണ്ടെന്നും പൊലീസ് പത്രക്കുറിപ്പിൽ അറിയിച്ചു.