കോഴിക്കോട്: നിലമ്പൂര്‍ വനമേഖലയില്‍ പോലിസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പു ദേവരാജിന്റെ സഹോദരന്‍ ശ്രീധരനെ കൈയ്യേറ്റം ചെയ്ത അസി.പോലീസ് കമ്മിഷ്ണര്‍ പ്രേംദാസിനെതിരെ വകുപ്പു തല അന്വേഷണം തുടങ്ങി. വിവരാവകാശ പ്രവര്‍ത്തകനായ മനോജ് കേദാരം ഡിജി പിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം. കണ്ണൂര്‍ റേഞ്ച് ഐജിയോട് അന്വേഷണം നടത്തി അടിയന്തിര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

2016 ഡിസംബര്‍ 9-ന് കുപ്പു ദേവരാജിന്റെ മൃതദേഹം മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുകൊണ്ടിരിക്കേയാണ് സഹോദരന്‍ ശ്രീധരനെ അസി.പോലിസ് കമ്മിഷ്‌ണര്‍ പ്രേംദാസ് കൈയ്യേറ്റം ചെയ്തത്. മൃതദേഹം സംസ്‌കരിക്കാന്‍ അനവുദിച്ച സമയപരിധി കഴിഞ്ഞു എന്നു പറഞ്ഞായിരുന്നു കൈയ്യേറ്റം. മാവൂര്‍ റോഡ് ശ്മശാനത്തില്‍ ഔദ്യോഗിക ക്രമസമാധാന ചുമതല ഇല്ലാതിരുന്നിട്ടും മഫ്ടിയില്‍ എത്തിയ അസി.കമ്മിഷ്‌ണര്‍, ശ്രീധരനെ കൈയ്യേറ്റം ചെയ്ത നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ക്രമസമാധാന പാലനത്തില്‍ ഇടപെടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട നിയമങ്ങള്‍ എല്ലാം ലംഘിച്ചാണ് അസി.കമ്മിഷ്ണര്‍ പെരുമാറിയതെന്ന് ആരോപിച്ച് മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധപരിപാടികളും സംഘടിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന പ്രാഥമിക അന്വേഷണത്തില്‍ പ്രേംദാസ് നിയമലംഘനം നടത്തി എന്ന് കണ്ടെത്തുകയും, ഇദ്ദേഹത്തെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

മനുഷ്യാവകാശ പ്രവര്‍ത്തകനായ എ. വാസുവും പ്രേംദാസിനെതിരെ പോലീസ് കംപ്ലയിന്റ് അതോറിറ്റിയില്‍ പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ