ദില്ലി: മുന്‍ വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് എംപിയുടെ മരണവിവരം കൈകാര്യം ചെയ്ത രീതിയില്‍ ദുരൂഹതയുണ്ടെന്നും ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം. മരണ വിവരം ​കേന്ദ്രസർക്കാർ മറച്ചുവെച്ചതിൽ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന്​ സഭ പിരിഞ്ഞു.
രാജ്യസഭയില്‍ സീതാറാം യെച്ചൂരി വിഷയം ഉന്നയിക്കുകയും പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് വിഷയം ഏറ്റെടുക്കുകയും ചെയ്തിരുന്നു.

ഇ. അഹമ്മദിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും സര്‍ക്കാര്‍ അനാദരവ് കാണിച്ചുവെന്ന് യെച്ചൂരി കുറ്റപ്പെടുത്തി. സഭയില്‍ കുഴഞ്ഞു വീണതു മുതല്‍ മരണം പ്രഖ്യാപിക്കപ്പെടുന്നതു വരെയുള്ള സമയത്തിനിടയില്‍ ഇ.അഹമ്മദിന്റെ കാര്യത്തില്‍ ദുരൂഹതയുണ്ടായതായി യെച്ചൂരി പറഞ്ഞു.

വിഷയം സഭയിൽ ഉന്നയിക്കാതിരിക്കാൻ സർക്കാർ ശ്രമിച്ചെന്ന്​ കേരളത്തിൽ നിന്നുള്ള എം.പിമാര്‍ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. തിങ്കളാഴ്​ച വീണ്ടും സഭചേരു​മ്പോൾ വിഷയം വീണ്ടും ഉന്നയിക്കുമെന്നും എം.പിമാർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ