UPSC Civil Services 2019 Online Registration @upsc.gov.in: യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) സിവിൽ സർവീസ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി ഇന്ന്. വൈകീട്ട് 6 വരെയാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കഴിയുക. upsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഫെബ്രുവരി 19 നാണ് കമ്മിഷൻ വിജ്ഞാപനം പുറപ്പെടുവിച്ചത്. ജനറൽ കാറ്റഗറിയിലുളളവർക്ക് 100 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി, എസ്ടി, സ്ത്രീകൾ എന്നിവർക്ക് ഫീസില്ല. അപേക്ഷ ഫീസ് ഓൺലൈനായോ ഓഫ്‌ലൈനായോ അടയ്ക്കാം. എസ്ബിഐയുടെ ഏതെങ്കിലും ബ്രാഞ്ച് വഴി ഓഫ്‌ലൈനായി ഫീസ് അടയ്ക്കാം.
Read: സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ജൂൺ രണ്ടിന്, വിജ്ഞാപനം പുറപ്പെടുവിച്ചു
രണ്ടു ഭാഗങ്ങളായാണ് അപേക്ഷ സമർപ്പിക്കേണ്ട്. പാർട്-I ൽ പേര്, വയസ്, വിലാസം തുടങ്ങി അടിസ്ഥാന വിവരങ്ങളാണ് ഉദ്യോഗാർഥി നൽകേണ്ടത്. പാർട്-II ൽ പരീക്ഷ കേന്ദ്രം, ഫോട്ടോഗ്രാഫ്, ഒപ്പ് അല്‌ലോഡ് ചെയ്യൽ തുടങ്ങിയ കാര്യങ്ങളാണ് ചെയ്യേണ്ടത്. അപേക്ഷ സമർപ്പിക്കുന്ന സമയത്ത് ഒരു രജിസ്ട്രേഷൻ നമ്പർ ലഭിക്കും. ഇത് ഉദ്യോഗാർഥികൾ സൂക്ഷിച്ചു വയ്ക്കണം. റജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ ഉദ്യോഗാർഥി നൽകിയിരിക്കുന്ന ഇ-മെയിൽ ഐഡിയിലേക്ക് ഒരു ഇ-മെയിൽ ലഭിക്കും.
സിവിൽ സർവീസിന്റെ പ്രിലിമിനറി പരീക്ഷ ജൂൺ രണ്ടിന് നടക്കും. 896 ഒഴിവുകളാണുളളത്. അംഗീകൃത സർവകലാശാല ബിരുദമാണ് അപേക്ഷിക്കാനുളള യോഗ്യത. പ്രിലിമിനറി പരീക്ഷയ്ക്ക് 200 മാർക്ക് വീതമുളള രണ്ടു പേപ്പറുകൾ ഉണ്ടാവും. രണ്ടു മണിക്കൂറാണ് ഓരോ പേപ്പറിനും അനുവദിച്ചിട്ടുളള സമയം. ഇതിൽ വിജയിക്കുന്നവർക്ക് മെയിൻ പരീക്ഷയ്ക്ക് അപേക്ഷിക്കാം.