scorecardresearch
Latest News

ട്രിപ്പിള്‍ വിന്‍: നഴ്‌സുമാര്‍ക്ക് ജര്‍മനിയില്‍ അവസരം; അപേക്ഷ ഇപ്പോള്‍

രജിസ്റ്റേര്‍ഡ് നഴ്‌സായി അംഗീകാരം ലഭിക്കുന്നതു വരെ ഏറ്റവും കുറഞ്ഞത് 2300 യൂറോ ശമ്പളം ലഭിക്കും

Nurse recruitment, Nurse vacancies in Germany, Norka Roots, Germany nurse recruitment

ജര്‍മനിയിലേയ്ക്കുളള നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ് പദ്ധതിയായ ട്രിപ്പിള്‍ വിന്‍ പദ്ധതിയിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ബിരുദമോ ഡിപ്ലോമയോ ഉള്ള നഴ്‌സുമാര്‍ക്കാണ് അവസരം. നോര്‍ക്ക റൂട്‌സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയും ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായാണു പദ്ധതി നടപ്പാക്കുന്നത്.

ഏപ്രില്‍ 19 മുതല്‍ 28 വരെ തിരുവനന്തപുരത്ത് ജര്‍മന്‍ പ്രതിനിധി സംഘം നേരിട്ട് നടത്തുന്ന ഇന്റര്‍വ്യൂവിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു ഗോയ്‌ഥേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജര്‍മന്‍ ഭാഷാപരിശീലനം (ബി 1 ലെവല്‍ വരെ) നല്‍കി ജര്‍മനിയിലെ ആരോഗ്യമേഖലയിലേയ്ക്കും റിക്രൂട്ട് ചെയ്യും. മലയാളികളായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം?

ബി.എസ്‌സി നഴ്‌സുമാര്‍ക്കു പ്രവൃത്തിപരിചയം നിര്‍ബന്ധമല്ല. എന്നാല്‍ ജനറല്‍ നഴ്‌സിങ് പാസായവര്‍ക്കു മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്. പ്രായപരിധി ഇല്ല. ഭാഷാ പരിശീലനവും റിക്രൂട്ട്‌മെന്റും സൗജന്യമായിരിക്കും.

ട്രിപ്പിള്‍വിന്‍ പ്രോഗ്രാമില്‍ നേരത്തെ അപേക്ഷിച്ചിട്ടും സെലക്ഷന്‍ ലഭിക്കാത്തവര്‍, മൂന്നു വര്‍ഷമോ അതിനുമുകളിലോ പ്രവൃത്തി പരിചയമുള്ളവര്‍, ജര്‍മന്‍ ഭാഷാ പ്രാവീണ്യമുള്ളവര്‍, ഹോം കെയര്‍/നഴ്‌സിങ് ഹോം പ്രവൃത്തിപരിചയമുള്ളവര്‍, തീവ്രപരിചരണം/ജറിയാട്രിക്‌സ് കാര്‍ഡിയോളജി/ജനറല്‍ വാര്‍ഡ് സര്‍ജിക്കല്‍- മെഡിക്കല്‍ വാര്‍ഡ്/നിയോനാറ്റോളജി/ന്യൂറോളജി/ഓര്‍ത്തോപീഡിക്‌സും അനുബന്ധ മേഖലകളും/ഓപ്പറേഷന്‍ തീയേറ്റര്‍/ സൈക്യാട്രി എന്നീ മേഖലയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ എന്നിവര്‍ക്കു മുന്‍ഗണന ലഭിക്കും.

ആദ്യ എഡിഷനില്‍ തെരഞ്ഞെടുക്കപ്പെട്ട 200 നഴ്‌സുമാരുടെ ജര്‍മന്‍ ഭാഷാ പരിശീലനം ഗോയ്‌ഥേ ഇന്‍സ്റ്റിറ്റ്യൂട്ട് മുഖേന കൊച്ചിയിലും തിരുവനന്തപുരത്തുമായി പൂര്‍ത്തിയായി. ഇവരില്‍ ബി 1 ലെവല്‍ യോഗ്യത നേടിയവരുടെ വിസ പ്രോസസിങ് നടന്നുവരികയാണ്. രണ്ടാം എഡിഷനില്‍ തെരഞ്ഞെടുക്കപ്പെട്ട 300 നഴ്‌സുമാരുടെ ഭാഷാ പരിശീലനം ജനുവരി 23നു ഗോയ്‌ഥേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിച്ചു. ബി 1 സര്‍ട്ടിഫിക്കറ്റ് നേടുന്ന മുറയ്ക്ക് ഇവരെ അസിസ്റ്റന്റ് നഴ്‌സുമാരായി ജര്‍മനിയിലേക്കു കൊണ്ടുപോകും. തുടര്‍ന്ന് ജര്‍മനിയില്‍ എത്തിയ ശേഷം തൊഴില്‍ ദാതാവിന്റെ ചെലവില്‍ ബി2 ലെവല്‍ ഭാഷാ പഠനം പൂര്‍ത്തിയാക്കുന്നതിനും രജിസ്റ്റേര്‍ഡ് നഴ്‌സായി ഉയര്‍ന്ന ശമ്പളത്തില്‍ ജോലി നേടുന്നതിനും സാധിക്കും.

രജിസ്റ്റേര്‍ഡ് നഴ്‌സായി അംഗീകാരം ലഭിക്കുന്നതു വരെ ഏറ്റവും കുറഞ്ഞത് 2300 യൂറോ ശമ്പളം ലഭിക്കും. രജിസ്റ്റേര്‍ഡ് നഴ്‌സ് ആയാല്‍ കുറഞ്ഞത് 2800 യൂറോയും ലഭിക്കും. കൂടാതെ മണിക്കൂറില്‍ 20 മുതല്‍ 35 ശതമാനം വരെ വര്‍ധിച്ച നിരക്കില്‍ ഓവര്‍ടൈം അലവന്‍സും ലഭിക്കും. നിലവില്‍ ട്രിപ്പിള്‍ വിന്‍ പ്രോഗ്രാമിലൂടെ ജര്‍മനിയില്‍ തൊഴില്‍ ലഭിച്ച നഴ്‌സുമാര്‍ക്ക് 2900 യൂറോ വരെ അലവന്‍സുകള്‍ കൂട്ടാതെ തന്നെ തുടക്ക ശമ്പളം ലഭിച്ചിട്ടുണ്ട്.

ക്ലാസുകള്‍ തീര്‍ത്തും നേരിട്ടുള്ളതായിരിക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. ഗോയ്‌ഥേ ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിക്കുന്ന കേന്ദ്രങ്ങളില്‍ നേരിട്ട് ക്ലാസിനു ഹാജരാകാന്‍ കഴിയുന്ന ഉദ്യോ ഗാര്‍ത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. ഏതെങ്കിലും വിദേശരാജ്യങ്ങളില്‍ നിലവില്‍ ജോലി ചെയ്യുന്നവരോ സാധുവായ വിസ ഉള്ളവരോ ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാന്‍ അര്‍ഹരല്ല. അപേക്ഷകര്‍ കഴിഞ്ഞ ആറു മാസമായി ഇന്ത്യയില്‍ സ്ഥിരതാമസം ഉള്ളവരായിരിക്കണം.

ഉദ്യോഗാര്‍ത്ഥികള്‍ നോര്‍ക്ക -റൂട്‌സിന്റെ http://www.nifl.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിയ്ക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് ആറ. അപേക്ഷയോടൊപ്പം സി വി, ഡിഗ്രി/ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്, ജര്‍മന്‍ ഭാഷാ സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍, മേല്‍പ്പറഞ്ഞ ഡിപ്പാര്‍ട്ടുമെന്റുകളില്‍ എക്‌സ്പീരിയന്‍സ് സൂചിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട് എന്നിവ സ്‌കാന്‍ ചെയ്ത് ഒറ്റ പി.ഡി.എഫ് ആയി അപ്പ് ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800-425-3939 ടോള്‍ ഫ്രീ നമ്പരില്‍ ബന്ധപ്പെടാം.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Triple win nurse vacancies in germany norka roots

Best of Express