കേരളത്തിലെ സര്‍ക്കാര്‍,സ്വകാര്യ മേഖലകളിലെ നഴ്‌സ്‌മാര്‍ക്ക് യുകെയിലെ പ്രമുഖ ആശുപത്രികളില്‍ മൂന്നുവര്‍ഷം ജോലി ചെയ്യുന്നതിനും ഇന്റര്‍നാഷണല്‍ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുന്ന തിനുമുള്ള പദ്ധതിയുടെ കരാര്‍ ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ജോനാഥന്‍ ബ്രൗണും ഒഡെപെക് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ശശിധരന്‍ നായരും ഒപ്പിട്ടു.

നാഷണല്‍ ഹെല്‍ത്ത് സര്‍വീസസിന്റെ കീഴിലുള്ള ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് നടപ്പിലാക്കുന്ന ഗ്ലോബല്‍ ലേണേഴ്‌സ് പ്രോഗ്രാം മുഖേന നടപ്പിലാക്കു ന്നതാണ് പദ്ധതി.

ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ യു.കെ. സന്ദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി പൊതുമേഖലാ സ്ഥാപനമായ ഒഡെപെക് ആണ് നടപ്പിലാക്കുന്നത്. വര്‍ഷത്തില്‍ അഞ്ഞൂറോളം നഴ്‌സ്‌മാര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ താൽപ്പര്യമുള്ള സര്‍ക്കാര്‍ നഴ്‌‌സ്‌മാര്‍ക്ക് മൂന്ന് വര്‍ഷത്തേയ്ക്ക് ലീവ് അനുവദിച്ചുള്ള സര്‍ക്കുലര്‍ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചു. IELTS/OET യില്‍ നിശ്ചിത സ്‌കോര്‍ നേടിയ നഴ്‌സ്മാര്‍ക്ക് ഈ പദ്ധതിയില്‍ അംഗമാകാം.  www.odepc.kerala.gov.inല്‍ രജിസ്റ്റര്‍ ചെയ്യാനുളള സൗകര്യവും ആരംഭിച്ചു. താൽപ്പര്യമുള്ളവര്‍ക്ക് IELTS, OET എന്നിവയില്‍ പരിശീലനം നല്‍കുന്നതിനും ഒഡെപെകിന് പദ്ധതിയുണ്ട്.

കരാർ ഒപ്പിടൽ ചടങ്ങിൽ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ, ലേബര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ആഷാ തോമസ്, ലേബര്‍ കമ്മീഷണര്‍ എ. അലക്സാണ്ടര്‍, ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് ടീമംഗങ്ങളായ മിഷേല്‍ തോമസ്, എഡ് റോസ്, ഗീത മേനോന്‍, ഒഡെപെക് ജനറല്‍ മാനേജര്‍ സാജു എസ്.എസ്. തുടങ്ങിയവര്‍ സംബന്ധിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook