Latest News

മലയാളി നഴ്സുമാരെ ജര്‍മനി വിളിക്കുന്നു, ട്രിപ്പിൾ വിൻ പദ്ധതിയുമായി നോർക്ക റൂട്ട്സ്

കോവിഡാനന്തരം ആഗോളതൊഴില്‍ മേഖലയിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ജര്‍മനിയില്‍ നിരവധി നഴ്സിങ് ഒഴിവുകളാണ് ഉണ്ടാകുമെന്ന് കരുതുന്നത്

nurse, health, ie malayalam

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള നഴ്സുമാർക്ക് ജർമ്മനിയിൽ തൊഴിൽ അവസരങ്ങൾക്ക് വാതിൽ തുറക്കുന്നു. നോര്‍ക്ക റൂട്ട്സും ജര്‍മനിയിലെ ആരോഗ്യമേഖലയില്‍ വിദേശ റിക്രൂട്ട്മെന്റ് നടത്താന്‍ അധികാരമുള്ള സര്‍ക്കാര്‍ ഏജന്‍സിയായ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും തമ്മിലുള്ള ധാരണ പ്രകാരമാണ് മലയാളി നഴ്സുമാർക്ക് വീണ്ടും ജർമ്മനിയിൽ കൂടുതൽ ജോലി സാധ്യതകൾക്ക് വഴി തെളിയുന്നത്. മുഖ്യമന്ത്രിയുടെ ചേംബറില്‍ നാളെ നടക്കുന്ന ചടങ്ങില്‍ നോര്‍ക്ക റൂട്സ് സി.ഇ.ഒ കെ.ഹരികൃഷ്ണന്‍ നമ്പൂതിരിയും ഇന്ത്യയിലെ ജര്‍മന്‍ ഫെഡറല്‍ ഫോറിന്‍ ഓഫീസിലെ കോണ്‍സുലര്‍ ജനറല്‍ അച്ചിം ബുര്‍ക്കാര്‍ട്ടും ധാരണപത്രം കൈമാറും.

ട്രിപ്പിള്‍ വിന്‍ എന്ന ജര്‍മന്‍ റിക്രൂട്ട്‌മെന്റ് പദ്ധതി ഇന്ത്യയില്‍ തന്നെ സര്‍ക്കാര്‍ തലത്തില്‍ ജര്‍മനിയിലേക്കുള്ള ആദ്യത്തെ തൊഴിൽ കുടിയേറ്റ പദ്ധതിയാണ്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലടക്കമുള്ള വിപുലമായ കുടിയേറ്റ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ആദ്യപടിയായാണ് ട്രിപ്പിള്‍ വിന്‍ കണക്കാക്കപ്പെടുന്നത്. കോവിഡാനന്തരം ആഗോളതൊഴില്‍ മേഖലയിലെ മാറ്റങ്ങളുടെ പശ്ചാത്തലത്തില്‍ ജര്‍മനിയില്‍ നിരവധി നഴ്സിങ് ഒഴിവുകളാണ് ഉണ്ടാകുമെന്ന് കരുതുന്നത്. പ്രതിവര്‍ഷം കേരളത്തില്‍ 8500ലധികം നഴ്സിങ് ബിരുദധാരികള്‍ പുറത്തിറങ്ങുന്നുണ്ട്. ഇവർക്ക് വലിയൊരു തൊഴിൽ സാധ്യതയാണ് തുറന്നുകിട്ടുക.

ജര്‍മനിയില്‍ നഴ്സിങ് ലൈസന്‍സ് ലഭിച്ച് ജോലി ചെയ്യണമെങ്കില്‍ ജര്‍മന്‍ ഭാഷാ വൈദഗ്ദ്യവും ഗവണ്‍മെന്റ് അംഗീകരിച്ച നഴ്സിങ് ബിരുദവും ആവശ്യമാണ്. ജര്‍മന്‍ ഭാഷയില്‍ ബി2 ലെവല്‍ യോഗ്യതയാണ് ജര്‍മനിയില്‍ നഴ്‌സ് ആയി ജോലി ചെയ്യേണ്ടതിനുള്ള അടിസ്ഥാന ഭാഷായോഗ്യത. എന്നാല്‍ നോര്‍ക്ക വഴി റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്ക് ബി1 ലെവല്‍ യോഗ്യത നേടി ജര്‍മനിയില്‍ എത്തിയതിനു ശേഷം ബി2 ലെവല്‍ യോഗ്യത കൈവരിച്ചാല്‍ മതിയാകും. ജര്‍മനിയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന നഴ്സിങ് വിദ്യാര്‍ഥികളെ കേരളത്തില്‍ തന്നെ ഇന്റര്‍വ്യൂ നടത്തി, തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗൊയ്ഥെ സെന്‍ട്രം (Goethe Centram) മുഖേന ജര്‍മന്‍ ഭാഷാ പ്രാവീണ്യം നേടുന്നതിന് സൗജന്യമായി അവസരം ഒരുക്കും.

പരിശീലനം നല്‍കുന്ന അവസരത്തില്‍ തന്നെ ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, ലീഗലൈസേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ജര്‍മന്‍ ഭാഷയില്‍ ബി2, ബി1 ലെവല്‍ പാസ്സാകുന്ന മുറയ്ക്ക് 250 യൂറോ വീതം ക്യാഷ് അവാര്‍ഡും പഠിതാക്കള്‍ക്ക് ലഭിക്കും. ബി1 ലെവല്‍ പാസ്സായാല്‍ ഉടന്‍ തന്നെ വിസ നടപടികള്‍ ആരംഭിക്കുകയും എത്രയും വേഗം ജര്‍മനിയിലേക്ക് പോകാനും കഴിയും. തുടര്‍ന്ന് ബി2 ലെവല്‍ ഭാഷാ പരിശീലനവും ജര്‍മനിയിലെ ലൈസെന്‍സിങ് പരീക്ഷക്കുള്ള പരീശീലനവും ജര്‍മനിയിലെ തൊഴില്‍ ദാതാവ് നൽകും. ജര്‍മനിയില്‍ എത്തി ഒരു വര്‍ഷത്തിനുള്ളില്‍ ഈ പരീക്ഷകള്‍ പാസ്സായി ലൈസന്‍സ് നേടേണ്ടതാണ്. ഒരു വര്‍ഷത്തിനു ള്ളില്‍ പാസാകാത്ത പക്ഷം ശരിയായ കാരണം ബോധിപ്പിച്ചാല്‍ മൂന്നു വര്‍ഷം വരെ സമയം ലഭിക്കും. ജര്‍മനിയില്‍ എത്തി പരീക്ഷ പാസ്സാകുന്ന വരെയുള്ള കാലയളവില്‍ കെയര്‍ ഹോമുകളില്‍ ജോലി ചെയ്യുന്നതിനും ജര്‍മന്‍ പൗരന്‍മാര്‍ക്ക് തുല്യമായ ശമ്പളം ലഭിക്കുന്നതിനും അവസരമുണ്ട്.

Get the latest Malayalam news and Jobs news here. You can also read all the Jobs news by following us on Twitter, Facebook and Telegram.

Web Title: Nurses recruitment in germany norka

The moderation of comments is automated and not cleared manually by malayalam.indianexpress.com