കൊച്ചി: യൂറോപ്യൻ രാജ്യമായ ബെൽജിയത്തിൽ നഴ്സുമാർക്ക് അവസരം. യോഗ്യതനേടിയവർക്ക് പ്രതിമാസ സ്റ്റൈപന്റോടെ ഡച്ച് ഭാഷ സൗജന്യമായി പഠിച്ച് ഉടൻ വിദേശത്തേക്കു പോകാൻ സംസ്ഥാന സർക്കാരിന്റെ റിക്രൂട്ടിങ് ഏജൻസിയായ ഓവർസീസ് ഡെവലപ്മെന്റ് എംപ്ലോയ്മെന്റ് പ്രമോഷൻ കണ്‍സൾട്ടൻസി ലിമിറ്റഡും (ഒഡെപെക്) എറണാകുളത്തെ ലൂർദ് ആശുപത്രിയും വഴിയൊരുക്കുന്നു.
ബെൽജിയത്തിൽ നിന്നുള്ള ഡിഗ്നിറ്റാസ് കൺസോർഷ്യവുമായി ചേർന്നുള്ള ‘അറോറ’ പദ്ധതിയുടെ ഭാഗമായാണ് നഴ്സുമാരെ സൗജന്യമായി റിക്രൂട്ട് ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി നഴ്സുമാർക്ക് ആറു മാസം ദൈർഘ്യമുളള ഡച്ച് ഭാഷാ പരിശീലനം സൗജന്യമായി നൽകും. ഇതോടൊപ്പം പ്രതിമാസം 11,000 രൂപ സ്റ്റൈപന്റും നൽകും. പുതിയ ബാച്ചിലേക്കുള്ള പ്രവേശനം 2023 ഫെബ്രുവരിയിൽ ആരംഭിക്കും.
മറ്റു ആനുകൂല്യങ്ങൾ
- ബെൽജിയൻ സോഷ്യൽ സെക്യൂരിറ്റി ആനുകൂല്യങ്ങളായ പെൻഷൻ, ഹെൽത്ത് കെയർ റീഫണ്ടുകൾ, കുട്ടികളുടെ ആനുകൂല്യങ്ങൾ, വൈകല്യ ആനുകൂല്യങ്ങൾ, തൊഴിലില്ലായ്മ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കും.
- നിശ്ചിത അളവിൽ ഭക്ഷണവും പലചരക്ക് സാധനങ്ങളും വാങ്ങാൻ തൊഴിലുടമകൾ ഭക്ഷണ വൗച്ചറുകൾ നൽകും.
- ബെൽജിയത്തിൽ സ്ഥിരതാമസവും (പിആർ) പങ്കാളിക്ക് വിസയും ലഭിക്കാനുള്ള സാധ്യതയുണ്ട്.
- ശമ്പളത്തോടുകൂടിയ അവധി ദിനങ്ങൾ.
- ആഴ്ചയിൽ 38 മണിക്കൂർ ജോലി
- ഒരു ആഴ്ചയിൽ 2 ദിവസം അവധി
ഈ പദ്ധതിയുടെ ഭാഗമായി നേരത്തെ പരിശീലനം പൂർത്തിയാക്കിയ 37 നഴ്സുമാർ ജനുവരി 20ന് ബെൽജിയത്തിലേക്ക് തിരിച്ചു. ആദ്യ ബാച്ചിലെ 22 നഴ്സുമാർ പരിശീലനം പൂർത്തിയാക്കി ഇപ്പോൾ ബെൽജിയത്തിൽ ജോലി ചെയ്തുവരുന്നു.