ന്യൂഡൽഹി: കേന്ദ്ര സർക്കാരിൽ വിവിധ വകുപ്പുകളിലായി ഏഴു ലക്ഷത്തോളം ഒഴിവുകൾ. കഴിഞ്ഞ മാർച്ച് ഒന്നുവരെയുളള കണക്ക് അനുസരിച്ച് 6,83,823 ഒഴിവുകളാണുളളത്. ഇതിൽ 5,74,289 ഒഴിവുകൾ ഗ്രൂപ്പ് സിയിലും, 19,896 ഒഴിവുകൾ ഗ്രൂപ്പ് എ കാറ്റഗറിയിലുമാണെന്ന് മന്ത്രി ജിതേന്ദ്ര സിങ്ങാണ് രാജ്യസഭയെ അറിയിച്ചത്.

ഒഴിവുകൾ നികത്താനുളള നടപടികൾ സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ തുടങ്ങിയിട്ടുണ്ട്. 2019-20 ഓടെ 1.5 ലക്ഷം തസ്തികകൾ കമ്മിഷൻ നികത്തുമെന്നും മന്ത്രി പറഞ്ഞു. 2017-18 കാലയളവിലെ സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടിഫിക്കേഷൻസ് (സിഇഎൻഎസ്) പ്രകാരം ഗ്രൂപ്പ് സി, ലെവൽ-1 പോസ്റ്റുകളിലേക്കുളള 1,27,573 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് റെയിൽവേ മന്ത്രാലയവും റെയിൽവേ റിക്രൂട്മെന്റ് ബോർഡുകളുമാണെന്ന് മന്ത്രി സഭയെ അറിയിച്ചു. 2018-19 കാലയളവിലാണ് ഗ്രൂപ്പ് സി, ലെവൽ-1 പോസ്റ്റുകളിൽ 1,56,138 ഒഴിവുകൾ റിപ്പോർട്ട് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

തസ്തിക വകുപ്പ് പരീക്ഷ നടത്തി എസ്‌എസ്‌സി വഴി പൂരിപ്പിക്കേണ്ടവ ഒഴികെയുള്ള 19,522 ഒഴിവുകൾ വിവിധ ഗ്രേഡുകളിൽ നികത്താൻ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 4,08,591 ഒഴിവുകൾ നികത്തുന്നതിനുളള എസ്എസ്‌സി, ആർആർബിഎസ്, തസ്തിക വകുപ്പ് നടപടികൾ പുരോഗമിക്കുകയാണെന്നും സിങ് പറഞ്ഞു.

എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങൾക്കായി 10 മന്ത്രാലയങ്ങളിലും വിവിധ വകുപ്പുകളിലും മാറ്റിവച്ചിട്ടുളള ഒഴിവുകൾ നികത്തുന്നതിനുളള നടപടികൾ പേഴ്സണൽ മന്ത്രാലയം നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. 10 മന്ത്രാലയങ്ങളിൽ ആറെണ്ണം, 2017 ഡിസംബർ 31 വരെ എസ്‌സി വിഭാഗത്തിനായി മാറ്റിവച്ച 13,968 തസ്തികകളിൽ 6,186 എണ്ണവും, എസ്ടി വിഭാഗത്തിൽ 11,040 തസ്തികകളിൽ 4,137 എണ്ണവും, ഒബിസി വിഭാഗത്തിൽ 20,044 ൽ 9,185 എണ്ണവും നികത്തിയതായി മന്ത്രി വ്യക്തമാക്കി.

2018 ജനുവരി ഒന്നുവരെയുളള കണക്കനുസരിച്ച് 7,782 എസ്‌സി ഒഴിവുകളും, 6,903 എസ്ടി ഒഴിവുകളും, 10,859 ഒബിസി ഒഴിവുകളും നികത്താനുണ്ട്. 2019 ജനുവരി ഒന്നുവരെയുളള കണക്കനുസരിച്ച് 1,713 എസ്‌സി ഒഴിവുകളും, 2,530 എസ്ടി ഒഴിവുകളും, 1,773 ഒബിസി ഒഴിവുകളും നികത്താനുണ്ടെന്ന് മന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook