കൊച്ചി: സംസ്ഥാനത്തെ വിവിധ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് അടുത്ത അദ്ധ്യയന വര്‍ഷത്തില്‍ അഞ്ച്, ആറ് ക്ലാസുകളിലേക്ക് പ്രവേശനം നേടുന്നതിനുളള മത്സര പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി/പട്ടികവര്‍ഗ എജുക്കേഷണല്‍ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളിലേക്കാണ് പ്രവേശനം.

എറണാകുളം ജില്ലയില്‍ സ്ഥിരതാമസക്കാരും, പഠനത്തില്‍ സമര്‍ത്ഥരുമായ പട്ടികജാതി/പട്ടികവര്‍ഗ/മറ്റു സമുദായങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാക്കള്‍ മുഖേന അപേക്ഷ നല്‍കാം. ആറാം ക്ലാസിലേക്കുളള പ്രവേശനത്തിന് പട്ടികവര്‍ഗക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.

അപേക്ഷ ഫോറങ്ങള്‍ ആലുവ, ഇടമലയാര്‍ എന്നിവിടങ്ങളിലെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍, പട്ടികവര്‍ഗ വികസന വകുപ്പിന്റെ പ്രീമെട്രിക് ഹോസ്റ്റലുകള്‍ അല്ലെങ്കിൽ പട്ടികവര്‍ഗ പ്രമോട്ടര്‍മാരില്‍ നിന്നോ വാങ്ങാം. മൂവാറ്റുപുഴയിലെ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസ്, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും അപേക്ഷാ ഫോം സൗജന്യമായി ലഭിക്കും.

അപേക്ഷകരുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ജനനതീയതി, പഠിക്കുന്ന ക്ലാസ്, സ്‌കൂള്‍ എന്നിവ തെളിയിക്കുന്നതിനുളള സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം, ജാതി/വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ഉളളടക്കം ചെയ്യണം.
പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ 2018-19 വര്‍ഷം നാല്, അഞ്ച് ക്ലാസുകളില്‍ പഠിക്കുന്നവരായിരിക്കണം.

പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി 10-ന് മുമ്പായി ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍.പി.ഒ മുവാറ്റുപുഴ/ജില്ലാ പട്ടികജാതി വികസളന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, കാക്കനാട്, എറണാകുളം/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആലുവ/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ഇടമലയാര്‍ എന്നീ ഓഫീസുകളില്‍ നേരിട്ടോ, തപാല്‍ മുഖേനയോ ലഭിക്കണം. പൂര്‍ണതയില്ലാത്തതും, ആവശ്യമായ രേഖകള്‍ ഉള്‍ക്കൊളളിക്കാത്തതും, സമയപരിധി കഴിഞ്ഞ് ലഭിക്കുന്നതുമായ അപേക്ഷകള്‍ നിരസിക്കുന്നതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook