കേരള ടീച്ചേഴ്സ് എലിജിബിറ്റ് ടെസ്റ്റ് (ഹൈസ്കൂൾ വിഭാഗം) പരീക്ഷ തീയതി പുനഃക്രമീകരിച്ചു. ഹൈസ്കൂൾ അധ്യാപക യോഗ്യതയ്ക്കുളള കെ-ടെറ്റ് പരീക്ഷ ഫെബ്രുവരി 5 ന് നടക്കുമെന്ന് കേരള പരീക്ഷ ഭവൻ അറിയിച്ചു. നേരത്തെ ഫെബ്രുവരി 4 നാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നത്.
‘ഫെബ്രുവരി നാലിന് നടത്താനിരുന്ന കാറ്റഗറി III (ഹൈസ്കൂൾ വിഭാഗം) യിലേക്കുള്ള കെ-ടെറ്റ് പരീക്ഷ ജനുവരി 5 ന് നടക്കും,’ കേരള പരീക്ഷ ഭവൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ വിഭാഗം, സ്പെഷൽ വിഭാഗം എന്നിവയിലെ അധ്യാപക യോഗ്യതയ്ക്കുള്ള കെ-ടെറ്റ് പരീക്ഷ 2019 ഫെബ്രുവരി 2 മുതൽ 6 വരെയാണ് നടക്കുക. കാറ്റഗറി ഒന്ന് (എൽപി), കാറ്റഗറി രണ്ട് (യുപി), കാറ്റഗറി മൂന്ന് (എച്ച്എസ്), കാറ്റഗറി നാല് (സ്പെഷ്യൽ വിഭാഗം) തുടങ്ങിയ എല്ലാ കാറ്റഗറിയിലേക്കും മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലുള്ള 150 മാർക്കിന്റെ വീതം ചോദ്യങ്ങളായിരിക്കും ഉണ്ടാവും. രണ്ടര മണിക്കൂറാണ് പരീക്ഷാ സമയം.
കാറ്റഗറി 1, 2, 4 (ഭാഷ ഒഴികെ)-ൽ ചോദ്യങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും ഉണ്ടാകും. കാറ്റഗറി മൂന്നിന്റെ ഭാഷ ഒഴികെയുള്ള ചോദ്യങ്ങൾ ഇംഗ്ലീഷിൽ മാത്രമായിരിക്കും. കെ-ടെറ്റ് പരീക്ഷയ്ക്ക് പ്രായപരിധി ബാധകമല്ല. നെഗറ്റീവ് മാർക്കും ഇല്ല.