തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ബിരുദം അടിസ്ഥാന യോഗ്യതയായി നടത്തുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിൽ നിരവധി ഒഴിവുകൾ. കേരളത്തിലെ വിവിധ സർവ്വകലാശാലകളിലെ അസിസ്റ്റന്റ് തസ്തികയിലേക്കാണ് അവസരം. ഒഴിവുകൾ കൃത്യമായി കണക്കാക്കിയിട്ടില്ലെങ്കിലും മൂന്നു വർഷത്തിനിടെ 2000 പേർക്ക് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് നിയമനം പിഎസ്‌സിക്ക് വിട്ടതിനു ശേഷം പുറപ്പെടുവിക്കുന്ന രണ്ടാമത്തെ വിജ്ഞാപനമാണിത്. ആദ്യ വിജ്ഞാപനപ്രകാരം 1876 പേർക്ക് നിയമനശുപാർശ നൽകിക്കഴിഞ്ഞു. 2019 ഓഗസ്റ്റ് ഒമ്പതിന് ആദ്യ വിജ്ഞാപനത്തിന്റെ കാലാവധി പൂർത്തിയാകും.

2019 ഓഗസ്റ്റ് 10 മുതലുണ്ടാവുന്ന ഒഴിവുകളാണ് രണ്ടാമത്തെ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തുക. ആദ്യ ലിസ്റ്റിൽ നിയമനം ലഭിക്കാത്ത കൊച്ചി ശാസ്ത്ര-സാങ്കേതിക സർവ്വകലാശാലയും മലയാള സർവ്വകലാശാലയും പുതിയ ലിസ്റ്റിന്രെ പരിധിയിൽ ഉൾപ്പെടും. പുതിയ റാങ്ക് ലിസ്റ്റിന്റെ കാലാവധി മൂന്ന് വർഷമായിരിക്കും.

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയുടെ സിലബസും പരീക്ഷാഘടനയും പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ കമ്പനി/കോർപ്പറേഷൻ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികകളുടെ സിലബസിൽ തന്നെയായിരിക്കും ഈ പരീക്ഷ നടത്തുന്നതെന്നാണ് അറിയുന്നത്.

യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം അഥവാ തത്തുല്യ പരീക്ഷ പാസ്സായിരിക്കണം. പ്രായപരിധി 18-36. അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 19നാണ്.

കേരളത്തിലെ എല്ലാ സർവ്വകലാശാലയിലും സർവ്വകലാശാല കേന്ദ്രങ്ങളിലും നിയമന സാധ്യതയുണ്ട്. തുടക്കക്കാർക്ക് 35,000 രൂപയോളം ശമ്പളം പ്രതീക്ഷിക്കാം. പ്രമോഷൻ സാധ്യതയും യൂണിവേഴ്സിറ്റി അസിസ്റ്റന്റ് തസ്തികയ്ക്കുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook