scorecardresearch
Latest News

Kerala Jobs 06 July 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ

Kerala Jobs 06 July 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

Kerala Jobs 06 July 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം

വിവരാവകാശ കമ്മിഷണർ നിയമനം

കേരള സംസ്ഥാന വിവരാവകാശ കമ്മീഷനിലെ വിവരാവകാശ കമ്മീഷണറുടെ നിലവിലുള്ള ഒരു ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമം 2005, വിവരവകാശ നിയമം ഭേദഗതി ആക്ട് 2019 എന്നിവയിൽ നിഷ്‌കർഷിച്ചിട്ടുള്ള പ്രവൃത്തി പരിചയം, കഴിവ് തെളിയിച്ചിട്ടുള്ള മേഖലകൾ തുടങ്ങിയ വിവരങ്ങൾ സഹിതം ആഗസ്റ്റ് 5ന് വൈകുന്നേരം 5 മണിക്ക് മുമ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുഭരണ (ഏകോപനം) വകുപ്പ്, ഗവൺമെന്റ് സെക്രട്ടറിയേറ്റ്, തിരുവനന്തപുരം -695 001 എന്ന വിലാസത്തിലോ gadcdnsic @gmail.com ലോ അപേക്ഷ അയയ്ക്കണം. വൈകിക്കിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങളും അപേക്ഷിക്കാവാനുള്ള പ്രൊഫോർമയും www. gad.kerala.gov.in ൽ ലഭ്യമാണ്.

താത്കാലിക നിയമനം

ഗവ.ഐ.ടി.ഐ ആറ്റിങ്ങലിൽ ഇലക്ട്രോപ്ളേറ്റർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ മുസ്ലീം വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള താത്കാലിക ഒഴിവിൽ നിയമനം നടത്തും. ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും മൂന്നുവർഷത്തെ പ്രവൃത്തി പരിചയം/ നാഷണൽ അപ്രന്റിസ്ഷിപ്പ് സർട്ടിഫിക്കറ്റും ഒരു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ കെമിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ/ ഡിഗ്രി യോഗ്യതയുള്ളവർ അസൽ രേഖകൾ സഹിതം ജൂലൈ 8ന് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

ക്ലിനിക്കൽ ഓഡിയോമെട്രിഷ്യൻ താത്കാലിക ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ക്ലിനിക്കൽ ഓഡിയോമെട്രിഷ്യൻ ഗ്രേഡ് 2 തസ്തികയിൽ എസ്.സി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു താത്കാലിക ഒഴിവിൽ നിയമനം നടത്തും. സയൻസ് വിഷയമാക്കി പ്രീഡ്രിഗ്രി/ പ്ലസ്ടു അംഗീകൃത സർവകലാശാല/ ബോർഡ് അല്ലെങ്കിൽ തത്തുല്യയോഗ്യത. റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർ.സി.ഐ) അംഗീകരിച്ച ഹിയറിംഗ് ലാംഗ്വേജ് ആൻഡ് സ്പീച്ച് (ഡിഎച്ച്എൽഎസ്) ഡിപ്ലോമയും സർക്കാർ ആശുപത്രിയിലോ അംഗീകൃത സ്ഥാപനങ്ങളിലോ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. അതില്ലെങ്കിൽ ബിഎഎസ്എൽപിയും സർക്കാർ ആശുപത്രിയിലോ അംഗീകൃത സ്ഥാപനങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രായം 01.01.2022ന് 41 വയസ് കവിയാൻ പാടില്ല. ശമ്പളം 35600-75400. നിശ്ചിത യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 11നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്ന് എൻ.ഒ.സി ഹാജരാക്കണം.

പ്രൊജക്ട് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ നിലവിലുള്ള പ്രൊജക്ട് ഫെല്ലോ ഒഴിവിൽ നിയമനം നടത്തും. ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം കെമിസ്ട്രി/അനലിറ്റിക്കൽ കെമിസ്ട്രി/ബയോകെമിസ്ട്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. GC-MS, HPLC, CHNS, ICP-AES തുടങ്ങിയ അനലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലുള്ള പ്രവൃത്തിപരിചയം, അനലിറ്റിക്കൽ ഇൻസ്ട്രുമെന്റേഷനിലുള്ള പരിശീലനം തുടങ്ങിയവ അഭികാമ്യം. 31.05.2023 വരെയാണ് നിയമന കാലാവധി. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 01.01.2022 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസിളവ് ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ജൂലൈ 15 ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയുലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

അധ്യാപക ഒഴിവ്

പി.എം.ജി ഹൈസ്‌കൂളില്‍ കണക്ക്, സാമൂഹ്യശാസ്ത്രം വിഷയത്തില്‍ എച്ച്.എസ്, യു.പി വിഭാഗത്തില്‍ അധ്യാപക ഒഴിവ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 11 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് നിയമനം

ജില്ലയില്‍ ഒഴിവുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയിലേക്ക് അഡ്ഹോക്ക് അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി, എ.എന്‍.എം സര്‍ട്ടിഫിക്കറ്റ്, കേരള നഴ്സ് മിഡ്വൈഫ്സ് രജിസ്ട്രേഷനുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ജൂലൈ 15ന് വൈകിട്ട് അഞ്ചിനകം palakkaddmo @gmail.com ല്‍ അപേക്ഷകള്‍ നല്‍കണം. അപേക്ഷകര്‍ ഗവ.സ്ഥാപനങ്ങളില്‍ കോഴ്സ് പൂര്‍ത്തിയാക്കിയിരിക്കണം. ഫോണ്‍ : 0491 2505264

ശുചീകരണ ജോലി ഒഴിവ്

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഇ.എം.എസ് സ്റ്റേഡിയത്തില്‍ ശുചീകരണ ജോലികള്‍ക്കായി ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് തദ്ദേശീയരായ പുരുഷന്മാര്‍/ സ്ത്രീകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18നും 45നും ഇടയില്‍, ഒഴിവ് – ഒന്ന്. വിശദമായ ബയോഡേറ്റ, പ്രായം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുമായി ജൂലൈ 14ന് മുന്‍പ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04734 285225.

ആയ കം കുക്ക് ഒഴിവ്

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് ആയ കം കുക്ക് തസ്തികയിലേക്ക് പത്താംതരം വരെ പഠിച്ച ആരോഗ്യവും തൊഴില്‍ സന്നദ്ധതയും പാചക ആഭിമുഖ്യവുമുളള 40 വയസില്‍ താഴെ പ്രായമുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജനന തീയതി ഇവ തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂലൈ 15ന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 04734 285225.

കൗണ്‍സിലര്‍ ഒഴിവ്

തിരുവല്ല കുടുംബകോടതിയിലേക്ക് 750 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി അഡീഷണല്‍ കൗണ്‍സിലര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിനായി എം.എസ്.ഡബ്ല്യൂ/പി.ജി ഇന്‍ സൈക്കോളജി, ഫാമിലി കൗണ്‍സിലിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം തുടങ്ങിയ യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജൂലൈ 20ന് വൈകിട്ട് മൂന്നിനു മുമ്പായി തിരുവല്ല കുടുംബകോടതിയില്‍ ലഭിക്കണം. അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുളള രേഖകളുടെ ശരി പകര്‍പ്പുകളും ഫോണ്‍ നമ്പറും ഇമെയിലും ഉണ്ടായിരിക്കണം. ഫോണ്‍ : 0469 2607031.

ഗസ്റ്റ് ഇന്‍സ്ട്രക്ട്ര് ഒഴിവ്

ആറ്റിങ്ങല്‍ ഗവണ്‍മെന്റ് ഐ.റ്റി.ഐയില്‍ ഇലക്ട്രോപ്ലേറ്റര്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ മുസ്ലിം വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന താല്‍ക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം നാളെ(ജൂലൈ 8)നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ നാഷണല്‍ അപ്രന്റിസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവുമാണ് യോഗ്യത. കെമിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളവര്‍ക്കും അപേക്ഷിക്കാം.

യോഗ്യതയുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം രാവിലെ 10.30 ന് ഐ.റ്റി.ഐയില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0470 2622391.

വാക്ക് -ഇന്‍-ഇന്റര്‍വ്യൂ

കോന്നി താലൂക്ക് ആശുപത്രിയിലേക്ക് എച്ച്.എം.സി മുഖേന താത്കാലികമായി ഫിസിയോ തെറാപ്പിസ്റ്റിനെ ദിവസ വേതന അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കാനായി വാക്ക്-ഇന്‍-ഇന്റര്‍വ്യൂന് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. താത്പര്യമുളളവര്‍ ജൂലൈ 14 ന് രാവിലെ 11 ന് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. യോഗ്യതയുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെയും അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം. അപേക്ഷകര്‍ക്ക് പ്ലസ് ടു, ബാച്ചിലര്‍ ഓഫ് ഫിസിയോ തെറാപ്പിസ്റ്റ് ഗവ.അംഗീകൃത യോഗ്യത ഉണ്ടായിരിക്കണം.

Stay updated with the latest news headlines and all the latest Jobs news download Indian Express Malayalam App.

Web Title: Kerala job opportunities career news 06 july 2022

Best of Express