Kerala Jobs 01 June 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
ഫിസിക്കല്‍ എഡ്യുക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള ചക്കിട്ടപ്പാറ ബി.പി.എഡ്. സെന്ററില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (സ്പെഷ്യലൈസ്ഡ് ഇന്‍ ക്രിക്കറ്റ്/ഹാന്റ് ബോള്‍) തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം 15-ന് രാവിലെ 9.15-ന് നടത്തുന്നു. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്സൈറ്റില്‍.
ഇ ഇ ജി ടെക്നിഷ്യൻ ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇ ഇ ജി ടെക്നിഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. രണ്ടു ഒഴിവുകളുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഡിപ്ലോമ ഇൻ ന്യൂറോ ടെക്നോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം.
അപേക്ഷകൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ/ഇ മെയിൽ വഴിയോ നേരിട്ടോ ജൂൺ 7 നു വൈകിട്ട് മൂന്നു മണിക്ക് മുൻപ് ലഭിക്കണം. തസ്തികയുടെ പേര്, അപേക്ഷിക്കുന്നയാളുടെ വിലാസം, ഇ – മെയിൽ അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. യോഗ്യരായ അപേക്ഷകരിൽ നിന്ന് അഭിമുഖം വഴിയാണ് നിയമനം നടത്തുക. പ്രതിമാസ ശമ്പളം 35,000 രൂപ.
എഡ്യൂക്കേഷണൽ ടെക്നോളജി ഗസ്റ്റ് ലക്ചറർ
തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ എഡ്യുക്കേഷണൽ ടെക്നോളജി വിഷയത്തിൽ ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുണ്ടാവണം. എം.എഡ് 55 ശതമാനം മാർക്കും എഡ്യൂക്കേഷണൽ ടെക്നോളജി ഒരു വിഷയമായി തെരഞ്ഞെടുത്തിരിക്കണം. അല്ലെങ്കിൽ എഡ്യുക്കേഷണൽ ടെക്നോളജിയിൽ സ്പെഷ്യലൈസ് ചെയ്തിരിക്കണം. നെറ്റ് ഉണ്ടാവണം. പി.എച്ച്.ഡി, എം.ഫിൽ എന്നിവയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. കോളേജ് വെബ്സൈറ്റിൽ നിന്നും ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി ജൂൺ 8ന് രാവിലെ 11 മണിക്ക് കോളേജിൽ നേരിട്ട് ഹാജരാകണം. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും.
ഗസ്റ്റ് അധ്യാപക അഭിമുഖം
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ അറബിക്, സംസ്കൃതം വിഭാഗങ്ങളിൽ ഒഴിവുള്ള ഗസ്റ്റ് അധ്യാപക നിയമനത്തിനായുള്ള അഭിമുഖം ജൂൺ ആറിന് രാവിലെ 10.30ന് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചറർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനനത്തീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ മേഖലാ ഓഫീസിൽ രജിസ്റ്റർ ചെയ്തത് തെളിയിക്കുന്നതിനുള്ള രേഖകൾ എന്നിവയുമായി അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.
കുസാറ്റ് ബജറ്റ് സ്റ്റഡീസില്‍ അസ്സിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസില്‍ അസ്സിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ അപേക്ഷാ ഫോമും യോഗ്യത, അപേക്ഷാ ഫീസ് തുടങ്ങിയ വിവരങ്ങളും http://www.faculty.cusat.ac.in, http://www.recruit.cusat.ac.in സര്‍വകലാശാലാ വെബ്സൈറ്റില്‍ ലഭ്യമാണ്. പിഎച്ച്.ഡി ബിരുദമുള്ളവര്‍ക്ക് 42,000/- രൂപയും മറ്റുള്ളവര്‍ക്ക് 40,000/- രൂപയുമാണ് പ്രതിമാസ ശമ്പളം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി, യോഗ്യത, ജനനത്തീയതി, സംവരണം, ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ബയോഡാറ്റ, ഫീസ് അടച്ച രേഖ എിവ സഹിതം ‘രജിസ്ട്രാര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, കൊച്ചി-682 022’ എന്ന വിലാസത്തില്‍ 2022 ജൂലൈ 7 നുളളില്‍ ലഭിക്കണം. ഫോണ്‍: 0484 2862735, 8921499157.