Kerala Job News 01 April 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
കുസാറ്റ് കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പില്‍ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പില്‍ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ 60% മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് (എം.ടെക്ക്) യോഗ്യത. നെറ്റ്, പിഎച്ച്ഡി, അദ്ധ്യാപന പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും എംടെക്ക് ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതം ഏപ്രില്‍ 6 ന് മുന്‍പായി csdir @cusat.ac.in എന്ന മെയിലിലേക്ക് ഇ- മെയില്‍ അയക്കുകയോ നേരിട്ട് കമ്പ്യൂട്ടര്‍ സയന്‍സ് മേധാവിയ്ക്ക് സമര്‍പ്പിക്കുകയോ ചെയ്യണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2862301.
എസ്.സി പ്രൊമോട്ടര്‍: എഴുത്തു പരീക്ഷ ഏപ്രില്‍ 3 ന്
പട്ടികജാതി വികസന വകുപ്പില്‍ ഇടുക്കി ജില്ലയിലേക്ക് 2022 – 2023 വര്‍ഷത്തെ എസ്.സി പ്രൊമോട്ടര്‍മാരുടെ നിയമനത്തിനുള്ള എഴുത്ത് പരീക്ഷ ഏപ്രില്‍ 3 ന് പകല്‍ 11 മുതല്‍ 12 വരെ ഗവ. എഞ്ചിനിയറിംഗ് കോളേജ് ഇടുക്കിയില്‍ നടത്തും. അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള നിബന്ധനകള്‍ പാലിച്ച് പരീക്ഷാകേന്ദ്രത്തില്‍ 45 മിനിറ്റ് മുമ്പായി അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം എത്തിച്ചേരണം. അഡ്മിഷന്‍ ടിക്കറ്റില്‍ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിക്കണം. അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാകാത്തവര്‍ ജില്ലാ പട്ടികജാതി വികസന ആഫീസുമായോ, ബ്ലോക്ക് പട്ടികജാതി വികസന ആഫീസുമായോ ബന്ധപ്പെടണമെന്ന് ജില്ലാ പട്ടികജാതി വികസന ആഫീസര്‍ അറിയിച്ചു.
ഫോണ്‍ നമ്പര്‍ – 04862 20697.
യോഗ ഡെമോണ്‍സ്ട്രേറ്റര്‍ നിയമനം
ഭാരതീയ ചികിത്സാ വകുപ്പില്‍ ഇടുക്കി ജില്ലയിലെ ആയുഷ് വെല്‌നെസ്സ് സെന്റര്‍ പദ്ധതിയില്‍ ഒഴിവുള്ള (1) യോഗ ഡെമോന്‍സ്ട്രെറ്റര്‍ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ താല്ക്കാലിക നിയമനം നടത്തുന്നതിന് ഇടുക്കി കുയിലിമല സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ആഫീസില് ഏപ്രില്‍ 6 ബുധനാഴ്ച പകല്‍ 11 മണിക്ക് കൂടിക്കാഴ്ച നടത്തും.
യോഗ്യത: സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഒരു വര്‍ഷത്തെ യോഗ ഡിപ്ലോമ കോഴ്‌സ് ബി.എസ്.സി, എംഎസ്.സി യോഗ, ബിഎന്‍വൈഎസ് എന്നിവരെയും പരിഗണിക്കും. ഇന്റര്‍വ്യൂവിനു വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ആഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ 04862 232318.
ലിഫ്റ്റ് ഇറക്ടര്‍ നിയമനം
കുഴല്‍മന്ദം ഗവ.ഐ.ടി.ഐയില്‍ ഐ.എം. സി യുടെ കീഴില്‍ ആരംഭിക്കുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള ലിഫ്റ്റ് ഇറക്ടര്‍ കോഴ്സ് നിയമനം നടത്തുന്നു. എസ്. എസ്.എല്‍.സി അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 04922295888, 9995424809
നഴ്‌സ് ഒരു ഒഴിവ്; ഇന്റര്‍വ്യൂ 5ന്
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിലെ ഒരു നഴ്‌സ് തസ്തികയിലേക്ക് ഒരു വര്‍ഷത്തെ കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ഏപ്രില്‍ അഞ്ചിന് രാവിലെ 11-ന് അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ആരോഗ്യ വകുപ്പിന്റെ അംഗീകാരമുളള സ്ഥാപനത്തില്‍ നിന്നും ഓക്‌സിലറി നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സ് പാസായിരിക്കണം.
കൂടാതെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുളള സ്ഥാപനങ്ങളില്‍ നിന്ന് മൂന്നു മാസത്തെ ബേസിക് ഇന്‍ പാലിയേറ്റീവ് ആക്‌സിലറി നഴ്‌സിംഗ് കോഴ്‌സ് അല്ലെങ്കില്‍ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുളള സ്ഥാപനത്തില്‍ നിന്ന് മൂന്നു മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്‌സിംഗ് കോഴ്‌സ് പാസായിരിക്കണം. അല്ലെങ്കില്‍ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ് വൈഫറി കോഴ്‌സ്/ബി.എസ്.സി നഴ്‌സിംഗ് പാസായിരിക്കണം. കൂടാതെ ആരോഗ്യ വകുപ്പിന്റെ അംഗീകാരമുളള സ്ഥാപനത്തില്‍ നിന്നും ഒന്നര മാസത്തെ ബേസിക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് നഴ്‌സിംഗ് പാസായിരിക്കണം.
മേട്രണ്‍ തസ്തികയില്‍ താല്‍കാലിക ഒഴിവ്
ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ മേട്രണ്‍ (ഫീമെയില്‍) തസ്തികയിലേക്ക് താല്‍കാലിക ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഏപ്രില്‍ 19നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായപരിധി 18-41. നിയമാനുസൃത വയസിളവ് അനുവദനീയം (പുരുഷന്മാരും ഭിന്നശേഷിക്കാരും അര്‍ഹരല്ല). വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിലുളള ഡിഗ്രിയും ഹോസ്റ്റല്‍ അഡ്മിനിസ്‌ട്രേഷനിലുളള ആറു മാസത്തെ പരിചയവും.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ഏപ്രില്‍ 11 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ അന്നേ ദിവസം ഉച്ചയ്ക്ക് 1.30 ന് മുന്‍പായി മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ ഹാജരാകണം. ഉയര്‍ന്ന പ്രായപരിധി 2022 ഏപ്രില്‍ ഒന്നിന് 40 വയസ്. യോഗ്യത :ഗവണ്‍മെന്റ് അംഗീകൃത ബി.ഫാം /ഡി.ഫാം, ഫാര്‍മസി കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ് എന്നീ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് ഏപ്രില്‍ 11 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ അന്നേ ദിവസം ഉച്ചയ്ക്ക് 1.30 ന് മുന്‍പായി മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ ഹാജരാകണം. ഉയര്‍ന്ന പ്രായപരിധി 2022 ഏപ്രില്‍ ഒന്നിന് 40 വയസ്. യോഗ്യത :ഡി.എം.എല്‍.ടി/ബി.എസ്.സി എം.എല്‍.ടി, പാരാ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നീ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം.
വാക് ഇന്‍ ഇന്റര്‍വ്യൂ
പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെ സെക്കന്‍ഡറി പാലിയേറ്റീവ് കെയര്‍ പ്രോഗ്രാമിലെ ആംബുലന്‍സിന്റെ ഡ്രൈവര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഒരു ഒഴിവ്.
യോഗ്യത : ഹെവി വെഹിക്കിള്‍ ലൈസെന്‍സ് ആന്‍ഡ് ബാഡ്ജ് ഉണ്ടായിരിക്കണം. ആംബുലന്‍സ് ഡ്രൈവര്‍, കോണ്‍ട്രാക്ട് വെഹിക്കിള്‍ എന്നിവ ഓടിക്കുന്നതില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
പ്രായ പരിധി 23 – 35 ( ഒബിസി വിഭാഗം പ്രായപരിധി 38, എസ് സി/എസ്ടി പ്രായപരിധി 40. ആറന്മുള, മെഴുവേലി, കുളനട പഞ്ചായത്തുകാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.). അഭിമുഖം ഏപ്രില്‍ ഏഴിന് വല്ലന സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ രാവിലെ 11 ന് നടത്തും. ബയോ ഡേറ്റയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സമര്‍പ്പിക്കണം.
എസ്‌സി പ്രമോട്ടര്‍ നിയമനം: എഴുത്തു പരീക്ഷ ഏപ്രില്‍ മൂന്നിന്
പട്ടികജാതി വികസന വകുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 2022-2023 വര്‍ഷത്തെ എസ്‌സി പ്രമോട്ടര്‍മാരുടെ നിയമനത്തിനായുള്ള എഴുത്തു പരീക്ഷ ഏപ്രില്‍ മൂന്നിന് പകല്‍ 11 മുതല്‍ 12 വരെ കോന്നി, മന്നം മെമ്മോറിയല്‍ എന്‍എസ്എസ് കോളജില്‍ നടക്കും. പരീക്ഷയ്ക്ക് അപേക്ഷിച്ചവര്‍ തപാല്‍ മാര്‍ഗം ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദേശിച്ചിട്ടുള്ള നിബന്ധനകള്‍ പാലിച്ച് പരീക്ഷാ കേന്ദ്രത്തില്‍ 45 മിനിറ്റ് മുമ്പായി അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍രേഖ എന്നിവ സഹിതം എത്തിച്ചേരണം. ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റില്‍ പാസ്പോര്‍ട്ട് സൈസ്ഫോട്ടോ പതിക്കണം. അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാകാത്ത യോഗ്യരായവര്‍ ജില്ലാ പട്ടികജാതിവികസന ഓഫീസുമായി ബന്ധപ്പെടണം . ഫോണ്‍ :0468 2322712.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് ഏപ്രില്‍ 11 ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. യോഗ്യരായവര്‍ അന്നേ ദിവസം രാവിലെ 10 ന് മുന്‍പായി മല്ലപ്പളളി താലൂക്ക് ആശുപത്രിയില്‍ ഹാജരാകണം. ഉയര്‍ന്ന പ്രായപരിധി 2022 ഏപ്രില്‍ ഒന്നിന് 40 വയസ്. യോഗ്യത :ജി.എന്‍.എം /ബിഎസ് സി നഴ്സിംഗ്, നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍.
ഒഡെപെക് മുഖേന നഴ്‌സുമാർക്ക് നിയമനം
ഒഡെപെക് മുഖേന ബെൽജിയത്തിലേക്കു നഴ്‌സുമാർക്ക് നിയമനം പുനരാരംഭിച്ചു. IELTS/ OET സ്‌കോറും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവുമുള്ള എം.എസ്‌സി / ബി.എസ്‌സി / ജി.എൻ.എം നഴ്‌സുമാർക്ക് മുൻഗണന. 35 വയസാണ് പ്രായപരിധി. അപേക്ഷകർ ബയോഡാറ്റയും IELTS/ OET സ്‌കോർഷീറ്റ് എന്നിവ eu@odepc.in എന്ന മെയിലിലേക്ക് ഈ മാസം 10 നകം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www. odepc.kerala.gov.in, 0471-2329440/41/42, 6282631503.
ഡെപ്യൂട്ടി രജിസ്ട്രാർ ഡെപ്യൂട്ടേഷൻ നിയമനം
കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫീസിൽ ഒഴിവുവരുന്ന ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ നഴ്‌സിംഗ് സ്‌കൂളിലെ പ്രിൻസിപ്പൽ/ വൈസ് പ്രിൻസിപ്പൽ സീനിയർ നഴ്‌സിംഗ് ട്യൂട്ടർ തസ്തികളിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. ബയോഡേറ്റ, റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, മാതൃവകുപ്പിൽ നിന്ന് ലഭിച്ച നിരാക്ഷേപ പത്രം എന്നിവ സഹിതം ഏപ്രിൽ 13ന് വൈകുന്നേരം അഞ്ചിന് മുൻപ് രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം 695 035 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
Read More: Kerala Job News 31 March 2022: ഇന്നത്തെ തൊഴിൽ വാർത്തകൾ