സി.എസ്.ആർ ടെക്‌നീഷ്യൻ താത്കാലിക ഒഴിവ്

മലപ്പുറം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ സി.എസ്.ആർ ടെക്‌നീഷ്യൻ തസ്തികയിൽ ഓപ്പൺ മുൻഗണന വിഭാഗത്തിനും, മുസ്ലിം മുൻഗണന വിഭാഗത്തിനുമായി സംവരണം ചെയ്ത ഓരോ താൽക്കാലിക ഒഴിവുകൾ നിലവിലുണ്ട്. എസ്.എസ്.എൽ.സി പാസ്, എൻ.ടി.സി ഇൻ ഇൻസ്ട്രുമെന്റ് മെക്കാനിക്ക്/മെഡിക്കൽ ഇലക്‌ട്രോണിക് ടെക്‌നോളജി, സർക്കാർ, സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഒരു വർഷത്തെ സി.എസ്.ആർ ടെക്‌നോളജി അപ്രന്റീസ് കോഴ്‌സ് എന്നിവയാണ് യോഗ്യത.

പ്രായപരിധി 2020 ജനുവരി ഒന്നിന് 18നും 41നും മദ്ധ്യേ (നിയമാനുസൃത വയസ്സിളവ് ബാധകം). യോഗ്യരായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ ആഗസ്റ്റ് ആറിന് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. മുൻഗണന ഉള്ളവരുടെ അഭാവത്തിൽ മുൻഗണന ഇല്ലാത്തവരേയും മറ്റു സംവരണ വിഭാഗങ്ങളേയും പരിഗണിക്കും.

സയന്റിഫിക് ഓഫീസർ: ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം

സംസ്ഥാനത്തെ പല പ്രദേശങ്ങളിലും കോവിഡ്-19 മൂലമുള്ള ലോക്ഡൗണും സർട്ടിഫിക്കറ്റുകൾ ലഭ്യമാകുന്നതിനുള്ള കാലതാമസവും തപാൽ വൈകുന്നതും കണക്കിലെടുത്ത് സംസ്ഥാന ഔഷധസസ്യ ബോർഡിൽ സീനിയർ സയന്റിഫിക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 15വരെ ദീർഘിപ്പിച്ചു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ www.smpbkerala.org ലഭ്യമാണ്.

ഹാർഡ്‌വെയർ/നെറ്റ്‌വർക്ക് എൻജിനീയർ താൽക്കാലിക ഒഴിവ്

മഹാത്മാഗാന്ധി സർവകലാശാലയിൽ കരാറടിസ്ഥാനത്തിൽ താൽക്കാലികമായി സീനിയർ ഹാർഡ്‌വെയർ/നെറ്റ്‌വർക്ക് എൻജിനീയർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ ഓഗസ്റ്റ് 10ന് നടക്കും. രണ്ട് ഒഴിവാണുള്ളത്. ഉച്ചകഴിഞ്ഞ് 2.30ന് സർവകലാശാല ആസ്ഥാനത്താണ് ഇന്റർവ്യൂ. മാസം 20000 രൂപ ലഭിക്കും. താല്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത, പ്രായം, ജാതി, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ ada4@mgu.ac.in എന്ന ഇമെയിലിലേക്ക് ഓഗസ്റ്റ് നാലിന് മുമ്പ് അയയ്ക്കണം. അപേക്ഷകന്റെ ഇമെയിൽ വിലാസവും മൊബൈൽ നമ്പരും ബയോഡാറ്റയിൽ ഉൾപ്പെടുത്തണം. വിശദവിവരം www.mgu.ac.in എന്ന സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0481-2733303.

സർക്കാർ അറിയിപ്പുകൾ

സൗജന്യ തൊഴിൽ പരിശീലന പരിപാടി: സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം, പട്ടികജാതി/വർഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ തൊഴിൽ സാധ്യത വർദ്ധിപ്പിക്കാൻ 11 മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലന പരിപാടി സെപ്തംബർ ഒന്നിന് ആരംഭിക്കും. കോഴ്‌സ് നടത്താൻ താല്പര്യമുള്ള എല്ലാവിധ സൗകര്യങ്ങളോടും, അംഗീകൃതവും, വരുമാന നികുതി സംബന്ധിച്ച റിട്ടേൺ ഫയൽ ചെയ്യുന്നതും മൂന്നു വർഷമോ അതിലധികമോ പ്രവൃത്തിപരിചയവുമുള്ള സ്ഥാപനങ്ങൾക്ക് ആഗസ്റ്റ് 17ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കാം. ടൈപ്പ്‌റൈറ്റിംഗ്, ഷോർട്ട്ഹാന്റ്, കമ്പ്യൂട്ടർ, ഇംഗ്ലീഷ്, കണക്ക്, പൊതുവിജ്ഞാനം വിഷയങ്ങളിലാണ് പരിശീലനം. കോഴ്‌സ് പഠിപ്പിക്കുന്ന സ്ഥാപനത്തിന് ഒരു കുട്ടിക്ക് പ്രതിമാസം 800 രൂപ നിരക്കിൽ ഫീസ് നൽകും.

കൂടുതൽ വിവരങ്ങൾക്ക് സബ് റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/എസ്.റ്റി, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിലോ 8304009409 എന്ന ഫോൺ നമ്പറിലോ cgctvmkerala@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടണം.

ബജറ്റ് എസ്റ്റിമേറ്റ്: വകുപ്പ് തലവൻമാൻ ഓൺലൈനായി
നിർദ്ദേശങ്ങൾ സമർപ്പിക്കണം

2021-2022 സാമ്പത്തിക വർഷത്തേയ്ക്കുള്ള സംസ്ഥാന ബജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് വിവിധ വകുപ്പു തലവൻമാരിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിച്ച് സർക്കുലർ പുറപ്പെടുവിച്ചു. സർക്കുലർ ധനകാര്യ വകുപ്പിന്റെ വെബ്‌സൈറ്റിൽ (www.finance.kerala.gov.in) ലഭ്യമാണ്. 2021-22 സാമ്പത്തിക വർഷത്തേയ്ക്കുള്ള ബജറ്റ് നിർദ്ദേശങ്ങൾ എല്ലാ വകുപ്പ് തലവൻമാരും Budget Monitoring System എന്ന വെബ് ആപ്ലിക്കേഷൻ (www.budgetdata.kerala.gov.in) മുഖേന ഓൺലൈനായി സമർപ്പിക്കണമെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു.

റിസർവോയറുകളിലും പുഴകളിലും 430 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും

സംസ്ഥാനത്ത് 3000 ടൺ അധിക ഉൾനാടൻ മത്സ്യഉല്പാദനം വർദ്ധിപ്പിക്കുന്നതിനും മത്സ്യത്തൊഴിലാളികൾക്ക് സ്ഥിരം വരുമാനം ഉറപ്പാക്കുന്നതിനുമായി 430 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ വിവിധ റിസർവോയറുകളിലും പുഴകളിലും നിക്ഷേപിക്കുമെന്ന് ഫിഷറീസ്-ഹാർബർ എഞ്ചിനീയറിംഗ്-കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി. ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.

14 ജില്ലകളിലായി 56 ശുദ്ധജലാശയ/നദീ തീരകടവുകളിലും 44 ഓരു ജലാശയ/ കായൽ തീരകടവുകളിലും, അഞ്ച് ജില്ലകളിലെ 15 റിസർവോയറുകളിലുമായി 430 ലക്ഷം ഗുണമേൻമയേറിയ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. രണ്ട് പദ്ധതികളിലായി അഞ്ചുകോടി രൂപയാണ് ഇതിനായി ചെലവിടുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും വലിയ അളവിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതി നടപ്പാക്കുന്നത്.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യോല്പാദനത്തിൽ സ്വയം പര്യാപ്തതയിൽ എത്തുന്നതിനാണ് ഫിഷറീസ് വകുപ്പ് അധിക മത്സ്യോല്പാദനത്തിനായി പദ്ധതി നടപ്പാക്കുന്നത്.nപദ്ധതിയുടെ സംസ്ഥാനതല ഉത്ഘാടനം വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് വീഡിയോ കോൺഫറൻസിങിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. ചടങ്ങിൽ തദ്ദേശ സ്വയംഭരണ മന്ത്രി എ. സി. മൊയ്തീൻ, പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ഡോ: വി. കെ. രാമചന്ദ്രൻ, ഫിഷറീസ് സെക്രട്ടറി ടിങ്കു ബിസ്വാൾ, ഫിഷറീസ് ഡയറക്ടർ എം. ജി. രാജമാണിക്യം എന്നിവർ പങ്കെടുക്കും.

ഫിഷറീസ് മേഖലയെ സംബന്ധിച്ചിടത്തോളം മത്സ്യഉല്പാദനത്തിന് വളരെ സാദ്ധ്യതകൾ നിറഞ്ഞതാണ് റിസർവോയറുകൾ. പല രാജ്യങ്ങളിലും റിസർവോയർ മത്സ്യകൃഷിയിലൂടെ ഉല്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 47 റിസർവോയറുകളിൽ 33 റിസർവോയറുകൾ മത്സ്യ ഉല്പാദനത്തിന് ഉപയോഗിക്കാൻ കഴിയും.

മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി മത്സ്യക്കുഞ്ഞുങ്ങളുടെ നിക്ഷേപം, ബോധവൽക്കരണ ക്ലാസ്സുകൾ, മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ വഴി പിടിക്കുന്ന മത്സ്യങ്ങളുടെ വിപണനത്തിനുള്ള സൗകര്യം ഒരുക്കി കൊടുക്കൽ, തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് ആവശ്യമായ കുട്ടവഞ്ചി, വലകൾ വാങ്ങി നൽകൽ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മുൻവർഷത്തെ 12 റിസർവോയറുകൾക്ക് പുറമേ പത്തനംതിട്ട, തൃശ്ശൂർ, ഇടുക്കി, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ 16 റിസർവോയറുകളിലാണ് ഈ വർഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. തൃശ്ശൂർ ജില്ലയിലെ പീച്ചി, വാഴാനി റിസർവോയറുകൾ സംരക്ഷിത മേഖലയിൽ ഉൾപ്പെടുന്നതുകൊണ്ട് തനത് മത്സ്യക്കുഞ്ഞുങ്ങളും മറ്റുള്ള റിസർവോയറുകളിൽ കാർപ്പ് കുഞ്ഞുങ്ങളെയുമാണ് നിക്ഷേപിക്കുന്നത്.

റിസർവോയറുകളിലൂടെ ലഭിക്കുന്ന 18,421 ഹെക്ടർ ജലാശയത്തിൽ 129.74 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കും. 5000 മത്സ്യത്തൊഴിലാളികൾക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. രണ്ട് കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്.

ഉൾനാടൻ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി കാർപ്പുകൾ, പൂമീൻ, ആറ്റുകൊഞ്ച്, ചെമ്മീൻ മറ്റ് തദ്ദേശീയ മത്സ്യക്കുഞ്ഞുങ്ങളെയും പുഴകളിൽ നിക്ഷേപിക്കുന്ന മത്സ്യശേഖരസമുദ്രരണ പദ്ധതിയും ഫലപ്രദമായി നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങളാണ് വകുപ്പ് നടത്തുന്നത്. 300.26 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് പദ്ധതി പ്രകാരം നിക്ഷേപിക്കുന്നത്.

Read more: ഫീല്‍ഡ് ലാന്‍ഡ് അക്വിസിഷന്‍ ഓഫീസർക്ക് അവസരം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook