ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്ആർഒ) ബിരുദ, ടെക്നീഷ്യൻ അപ്രന്റീസ്ഷിപ്പുകൾക്കായി അപേക്ഷ ക്ഷണിച്ചു. ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്താണ് ഒഴിവുകൾ. ഐഎസ്ആർഒയുടെ ഔദ്യോഗിക വെബ്സൈറ്റായ isro.gov.in ൽ നിന്നും അപേക്ഷ ഫോം ലഭിക്കും. ജൂലൈ 22 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി.
അപേക്ഷാ ഫോം പൂരിപ്പിച്ച് അതിന്റെ പിഡിഎഫ് പതിപ്പ് hqapprentice@isro.gov.in ലേക്ക് ഇ-മെയിൽ ചെയ്യണം. ഇതിനൊപ്പം പിഡിഎഫ് രൂപത്തിലുളള എസ്എസ്എൽസി / ക്ലാസ് 10 മാർക്ക് കാർഡ് / സർട്ടിഫിക്കറ്റ്, പി.യു.സി / ക്ലാസ് 12 മാർക്ക് കാർഡ് / സർട്ടിഫിക്കറ്റ്, ഡിഗ്രി / എല്ലാ സെമസ്റ്ററിലെയും ഡിപ്ലോമ മാർക്ക് കാർഡ്, വർഷം, ഡിഗ്രി / ഡിപ്ലോമ മാർക്ക് സർട്ടിഫിക്കറ്റ് / പ്രൊവിഷണൽ സർട്ടിഫിക്കറ്റ്, നാറ്റ്സ് എൻറോൾമെന്റ് നമ്പർ എന്നിവയും അയക്കണം. “Application for above mentioned Apprenticeship Category” ഇതായിരിക്കണം ഇ-മെയിലിന്റെ സബ്ജക്റ്റ് ലൈൻ.
എൻജിനീയറിങ് ബിരുദധാരികൾ-13, ഡിപ്ലോമ ഇൻ എൻജിനീയറിങ്- 10, ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസസ്- 20 എന്നിങ്ങനെ ആകെ 43 ഒഴിവുകളാണുളളത്.
ഗ്രാജുവേറ്റ് അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കുന്നവർക്ക് അംഗീകൃത ഇന്ത്യൻ സർവകലാശാലയിൽ നിന്ന് ഫസ്റ്റ് ക്ലാസ് എൻജിനീയറിങ് ബിരുദം ഉണ്ടായിരിക്കണം, മൊത്തം സ്കോർ കുറഞ്ഞത് 60 ശതമാനമെങ്കിലും വേണം. ടെക്നീഷ്യൻ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കുന്നവർക്ക് അതത് മേഖലയിലെ അംഗീകൃത സ്റ്റേറ്റ് ബോർഡിൽ നിന്ന് എൻജിനീയറിങ്ങിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ഉണ്ടായിരിക്കണം, മൊത്തം സ്കോർ കുറഞ്ഞത് 60 ശതമാനവും.
ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസസിൽ അപേക്ഷിക്കുന്നവർക്ക് അംഗീകൃത സ്റ്റേറ്റ് ബോർഡിൽ നിന്ന് കൊമേഴ്സ്യൽ പ്രാക്ടീസിൽ ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ഉണ്ടായിരിക്കണം, മൊത്തം സ്കോർ കുറഞ്ഞത് 60 ശതമാനമെങ്കിലും ഉണ്ടായിരിക്കണം.
തിരഞ്ഞെടുക്കപ്പെട്ടാൽ, അപ്രന്റീസ്ഷിപ്പിന്റെ തരം അനുസരിച്ച് അപേക്ഷകർക്ക് പ്രതിമാസം 8000 രൂപ മുതൽ 9000 രൂപ വരെ സ്റ്റൈപ്പൻഡ് ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് ഇതിനെക്കുറിച്ചുളള കൂടുതൽ വിവരങ്ങളും അപ്ഡേറ്റുകളും ഐഎസ്ആർഒയുടെ ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് ലഭിക്കും.