കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ വിവിധ വകുപ്പുകളിലായി അധ്യാപകരുടെ 104 ഒഴിവുകളിലേക്ക് സ്ഥിരം നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വ്യത്യസ്ത വിഷയങ്ങളില്‍ സ്‌പെഷ്യലൈസേഷനോടെയുള്ള പ്രൊഫസര്‍ (15), അസോസിയേറ്റ് പ്രൊഫസര്‍ (37), അസിസ്റ്റന്റ് പ്രൊഫസര്‍ (52) എന്നിങ്ങനെയാണ് ഒഴിവുള്ളത്. ഇപ്പോള്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കിക്കൊണ്ടിരിക്കുന്ന അധ്യാപക തസ്തികകളുടെ പഴയ ശമ്പള സ്‌കെയില്‍ യഥാക്രമം പ്രൊഫസര്‍ (37400-67000+ AGP 10000 രൂപ), അസോസിയേറ്റ് പ്രൊഫസര്‍ (37400-67000+ AGP 9000 രൂപ), അസിസ്റ്റന്റ് പ്രൊഫസര്‍ (15600-39100+ AGP 6000 രൂപ) എന്നിവയാണ്.

കോളേജ് അധ്യാപകരുടേതില്‍ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്തെ സർവകലാശാലകളില്‍ അധ്യാപകരുടെ വിരമിക്കല്‍ പ്രായം 60 ആണ്. യു.ജി.സി/എ.ഐ.സി.ടി.ഇ റഗുലേഷനും 1986ലെ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ആക്ടും പ്രകാരവും കേരള സര്‍ക്കാര്‍ നിയമങ്ങളനുസരിച്ചുള്ള സംവരണക്രമം പാലിച്ചുമായിരിക്കും നിയമനം. ഓരോ തസ്തികയേയും സംബന്ധിച്ചുള്ള ഇന്‍ഫര്‍മേഷന്‍ ഷീറ്റുകള്‍ സർവകലാശാലാ വെബ്‌സൈറ്റായ //faculty.cusat.ac.in അല്ലെങ്കില്‍ www.cusat.ac.in-ല്‍ ലഭ്യമാണ്. നിയമനവുമായി ബന്ധപ്പെട്ട എല്ലാ അറിയിപ്പുകളും അപേക്ഷകന്റെ ഇ-മെയില്‍ വിലാസത്തിലേക്കായിരിക്കും അറിയിക്കുക. അതിനാല്‍ പ്രവര്‍ത്തനക്ഷമമായ ഒരു ഇ-മെയില്‍ വിലാസം അപേക്ഷയില്‍ രേഖപ്പെടുത്തണം. കൂടാതെ മെയില്‍ ഇടയ്ക്കിടെ പരിശോധിക്കുകയും വേണം.

അപേക്ഷിക്കേണ്ട വിധം

സർവകലാശാല വെബ്‌സൈറ്റ് www.cusat.ac.in tem faculty.cusat.ac.in ലോ ലഭ്യമായ നിര്‍ദിഷ്ട അപേക്ഷാ ഫോറത്തില്‍ ഓണ്‍ലൈന്‍ ആയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഒന്നിലേറെ തസ്തികകള്‍ക്ക് അപേക്ഷിക്കുന്നവര്‍ വെവ്വേറെ അപേക്ഷകളും ഫീസും സമര്‍പ്പിക്കണം. യോഗ്യതാ പരീക്ഷ കേരളത്തിന് പുറത്തുള്ള സർവകലാശാലകളില്‍ നിന്ന് പാസായവര്‍ കുസാറ്റില്‍ നിന്നുള്ള എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം വയ്ക്കണം.

പ്രായപരിധി

അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അപേക്ഷകരുടെ പ്രായപരിധി 40 വയസാണ്. എസ്‌സി/എസ്ടി, ഒബിസി, ഭിന്നശേഷിക്കാര്‍ മുതലായ വിഭാഗക്കാരുടെ പ്രായപരിധിയില്‍ യഥാക്രമം അഞ്ചും മൂന്നും പത്തും വര്‍ഷത്തെ ഇളവനുവദിക്കും. അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ എന്നീ തസ്തികകള്‍ക്ക് പ്രായപരിധിയില്ല. എന്നാല്‍ വിരമിക്കല്‍ പ്രായം 60 ആണ്.

രജിസ്ട്രേഷന്‍

അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള അപേക്ഷകര്‍ക്ക് Rs. 2000/ (ജനറല്‍), Rs. 500/ (എസ്‌സി/എസ്ടി), USD 100/ (വിദേശപൗരന്മാര്‍), എന്നിങ്ങനെയും അസോസിയേറ്റ് പ്രൊഫസര്‍ക്ക് Rs. 3000/ (ജനറല്‍), Rs. 750/ (എസ്‌സി/എസ്ടി), Rs. 200/ (വിദേശപൗരന്മാര്‍) എന്നിങ്ങനെയും, പ്രൊഫസര്‍ക്ക് Rs. 4000/ (ജനറല്‍), Rs. 1000/ (എസ്‌സി/എസ്ടി), Rs. 300/ (വിദേശപൗരന്മാര്‍) എന്നിങ്ങനെയുമാണ് രജിസ്ട്രേഷന്‍ ഫീസ്. നെഫ്റ്റ്/ആര്‍ടിജിഎസ് മുഖേന എസ്ബിഐയുടെ കുസാറ്റ് ബ്രാഞ്ചില്‍ (അക്കൗണ്ട് നമ്പര്‍: 38885696881 ഐഎഫ്എസ്‌സി കോഡ് :SBIN0070235) ഫീസ് ഒടുക്കാം.

അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 2 ആണ്. പൂരിപ്പിച്ച അപേക്ഷയുടെ പകര്‍പ്പ് ഫീ റസിപ്റ്റ്, വയസ്സ്, കമ്മ്യൂണിറ്റി, വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക്, ശതമാനം, പ്രവൃത്തി പരിചയം, എന്നിവ തെളിയിക്കാന്‍ ആവശ്യമായ രേഖകളുടെ പകര്‍പ്പും പ്രസിദ്ധീകരണങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ 4 പ്രിന്റുകളും ഇംപാക്റ്റ് ഫാക്ടറും സഹിതം രജിസ്ട്രാര്‍, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കൊച്ചി-22 എന്ന വിലാസത്തില്‍ ഡിസംബര്‍ ഒമ്പതിന് മുമ്പായി ലഭിക്കണം. വിശദ വിവരങ്ങള്‍ കുസാറ്റ് വെബ്സൈറ്റില്‍ ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Jobs News in Malayalam by following us on Twitter and Facebook